സൂക്ഷിക്കുക, ഈ ബാന്ധവം അസ്ഥിരത സൃഷ്ടിക്കും

Friday 3 January 2020 5:00 am IST

പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെടെ രാജ്യത്തെ ഉത്തരവാദപ്പെട്ട ചില രാഷ്ട്രീയ പാര്‍ട്ടികളുടെ തണലില്‍ ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ സജീവമാകുന്നു എന്നാണ് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാവിഭാഗവുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തികച്ചും രാഷ്ട്രീയമായ ലക്ഷ്യത്തോടെ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ മറവിലാണ് ഈ ഭീകരവാദ സംഘടനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. മതസംഘടനകള്‍ക്കും മറ്റും വിദേശത്തു നിന്ന് ധനസഹായമെത്തുന്നതിനുള്‍പ്പെടെ കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഏറെക്കുറെ തളര്‍ന്നുകിടക്കുകയായിരുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് ഇപ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ തണലില്‍ വീണ്ടും ശക്തിപ്രാപിച്ചു വരുന്നത്. ഇത് രാജ്യസുരക്ഷയെ സംബന്ധിച്ചും രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചും ഏറെ ആശങ്കയുളവാക്കുന്ന കാര്യമാണ്.

കേരളത്തില്‍ രൂപം കൊണ്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന ഇസ്ലാമിക ഭീകരവാദ സംഘടനയുടെ സാന്നിധ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന കലാപങ്ങളില്‍ കണ്ടെത്തിയത് നിസാരമായി കാണാനാവില്ല. ആസാം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കലാപം ആസൂത്രണം ചെയ്തത് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലാണെന്ന് രഹസ്യാന്വേഷണവിഭാഗത്തിന് വ്യക്തമായിട്ടുണ്ട്. ഇതുപോലുള്ള സംഘടനകള്‍ക്ക് വീണ്ടും ശക്തിയാര്‍ജിക്കാനുള്ള അവസരമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണ്ടാക്കിക്കൊടുക്കുന്നതെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധനായ ബ്രിഗേഡിയര്‍ അനില്‍ ഗുപ്ത കഴിഞ്ഞദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് സമാധാനം കാംക്ഷിക്കുന്ന, ദേശസുരക്ഷ ആഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.

2018 ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് വിളിച്ചു ചേര്‍ത്ത സംസ്ഥാന ഡിജിപിമാരുടെ യോഗത്തില്‍ കേരളത്തിന്റെ പോലീസ് മേധാവി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. കേരളത്തില്‍ ആ സംഘടനയുമായി ബന്ധപ്പെട്ട തീവ്രവാദക്കേസുകളെ വിലയിരുത്തിക്കൊണ്ടായിരുന്നു ലോക്‌നാഥ് ബെഹ്‌റ ഈ ആവശ്യം ഉന്നയിച്ചത്. അന്ന് സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് ചുമതല വഹിച്ചിരുന്ന പിണറായി വിജയന്‍ തന്നെയാണ് ഇപ്പോഴും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍, അദ്ദേഹം ഇപ്പോള്‍ അതേ പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ സമരവേദി പങ്കിടുകയാണ്. ദേശസുരക്ഷയ്ക്കും ജനങ്ങളുടെ സൈ്വരജീവിതത്തിനും 

ഉപരിയായി സങ്കുചിതവും അന്ധവുമായ രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കുന്ന നിലപാടില്‍ നിന്ന് പിന്‍മാറേണ്ടത് മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന്റെ കര്‍ത്തവ്യമാണ്. ഐഎസ് റിക്രൂട്ട്‌മെന്റുള്‍പ്പെടെയുള്ള നിരവധി തീവ്രവാദബന്ധക്കേസുകള്‍ ഉടലെടുത്ത കേരളത്തില്‍ അത്തരം കേസുകളുമായി ബന്ധമുള്ള സംഘടന എന്ന നിലയില്‍ പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായി ചേര്‍ന്നുള്ള പ്രക്ഷോഭങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ കോണ്‍ഗ്രസും തയ്യാറാകണം.

ജമാ അത്തെ ഇസ്ലാമിയുടെ കീഴില്‍ രൂപീകരിക്കപ്പെട്ട സിമി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് എന്‍ഡിഎഫും, എന്‍ഡിഎഫ് നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടും രൂപീകരിക്കപ്പെടുകയായിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) പിന്നീട് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന പേരില്‍ രൂപം മാറുകയാണുണ്ടായത്. ഒരു ഇസ്ലാമിക സംഘടനയായി മാത്രം ജനങ്ങള്‍ മനസ്സിലാക്കിയ സിമിയുടെ യഥാര്‍ത്ഥ മുഖം കണ്ടുതുടങ്ങിയത് എണ്‍പതുകളിലാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് അല്‍ ഖ്വയ്ദ നേതാക്കളായ ശൈഖ് അബു മുഹമ്മദ് അല്‍ മഖ്ദീസി, അയ്മന്‍ സവാഹിരി തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യയില്‍ സിമി പ്രവര്‍ത്തിച്ചുവന്നത് എന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് സിമി നിരോധിക്കപ്പെട്ടത്. 2001നും 2006നും ഇടയില്‍ മൂന്നുതവണ സിമി നിരോധിക്കപ്പെട്ടു. ഇതിനിടയിലാണ് സിമിയുടെയും അബ്ദുള്‍ നാസര്‍ മഅദനി സ്ഥാപിച്ച പഴയ ഇസ്ലാമിക് സേവക് സംഘിന്റെയും പ്രവര്‍ത്തകരായിരുന്നവര്‍ ഉള്‍ച്ചേര്‍ന്ന എന്‍ഡിഎഫ് എന്ന സംഘടന രൂപം കൊണ്ടത്. ഈ സംഘടനയും നിരോധനത്തെ നേരിട്ടപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ വേഷം മാറി. കേരളത്തില്‍ രൂപീകരിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പിന്നീട് അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കുകയായിരുന്നു. 2009ല്‍ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടിനു കീഴില്‍ രൂപംകൊണ്ടു. കേരളത്തില്‍ നിന്ന് ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പതിനഞ്ച് പേരും ഈ സംഘടനയിലെ പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതിന് മുമ്പ് കശ്മീരിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പതിനെട്ടോളം തീവ്രവാദികളും ഇവരുമായി ബന്ധമുള്ളവര്‍ തന്നെ. 

ഇവരിപ്പോള്‍ രാജ്യത്തെ ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെയടക്കം പിന്തുണയോടെയുള്ള നീക്കമാണ് നടത്തുന്നത്. മതവിവേചനത്തിന്റെ പേരില്‍ പ്രക്ഷോഭം നടത്തുന്നവരാണ് മതതീവ്രവാദികള്‍ക്കൊപ്പം ചേരുന്നത്. ഈ ബാന്ധവം രാജ്യതാത്പര്യങ്ങള്‍ക്കെതിരാണ്. ഇക്കൂട്ടരുമായി കൂട്ടുചേര്‍ന്ന് പ്രക്ഷോഭം നയിക്കാന്‍ ഒരു മടിയുമില്ലാത്ത ഈ പാര്‍ട്ടികളില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നത് തീവ്രവാദത്തിന്റെയും കലാപാഹ്വാനത്തിന്റെയും സ്വരങ്ങളാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വധിക്കാന്‍ ആഹ്വാനം നടത്താനുള്ള ചങ്കൂറ്റം പോലും  കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളില്‍ നിന്നുണ്ടായിരിക്കുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്ക് തമിഴ്‌നാട്ടില്‍ സംഭവിച്ചതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആ നേതാവ് മോദിയെയും അമിത്ഷായെയും ഇല്ലാതാക്കണമെന്ന് ആഹ്വാനം ചെയ്തത്. രാജീവിന്റെ പത്‌നിയും മക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം വഹിക്കുമ്പോഴാണിത് എന്നതുകൂടി നാം ഓര്‍ക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.