ഭാരതീയ സംസ്‌കൃതിയുടെ പ്രകാശഗോപുരം

Monday 10 February 2020 10:07 am IST

ഭാരതീയ സംസ്‌കൃതിയുടെ പ്രകാശഗോപുരം: തപസ്യ

സനാതന മൂല്യങ്ങള്‍ കാലാനുസൃതമായി വ്യാഖ്യാനിക്കുകയും, ആശയമണ്ഡലത്തില്‍ സാംസ്‌കാരിക ദേശീയതയുടെ അമൃതസന്ദേശം പ്രസരിപ്പിക്കുകയും ചെയ്ത യുഗപ്രഭാവനായിരുന്നു പരമേശ്വര്‍ജിയെന്ന് തപസ്യ കലാസാഹിത്യവേദി അനുസ്മരിച്ചു. 

ഭാരതീയ സംസ്‌കൃതിയുടെ പ്രകാശഗോപുരമായിരുന്നു പരമേശ്വര്‍ജി. ചിന്തകന്‍, കവി, സംഘാടകന്‍, ഗ്രന്ഥകാരന്‍, സംഘപ്രചാരകന്‍ എന്നീനിലകളിലുള്ള  സംഭാവനകള്‍ അനുപമവും അതുല്യവുമാണ്. തപസ്യയുടെ പിറവി തൊട്ട് നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാദര്‍ശനം നല്‍കിയ അദ്ദേഹത്തിന്റെ ദേഹവിയോഗം സാംസ്‌കാരിക കേരളത്തിന് അപരിഹാര്യമായ നഷ്ടമാണ്. 

കേരളീയ നവോത്ഥാനത്തിന്റെ ആധ്യാത്മികവും സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങളെ നിപുണമായി വിലയിരുത്തിയ രാഷ്ട്രചിന്തകനെന്ന നിലയിലും സമാദരണീയനാണ്. അരവിന്ദ സാഹിത്യത്തെയും വിവേകാനന്ദ ദര്‍ശനത്തെയും ശ്രീനാരായണഗുരുവിന്റെ ആധ്യാത്മിക ദര്‍ശനത്തെയും സ്ഫടികസ്ഫുടമായി മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് പരമേശ്വര്‍ജിയുടെ ധിഷണയില്‍ പിറവിയെടുത്ത ഗ്രന്ഥങ്ങളാണ്. ഭഗവദ്ഗീതയുടെ വ്യാപകമായ പ്രചാരണത്തിന് അദ്ദേഹം വിഭാവനം ചെയ്ത കാര്യപദ്ധതി കിടയറ്റതായിരുന്നു. 

കലാസാംസ്‌കാരിക മേഖലകളില്‍ നടമാടിയ രാഷ്ട്രവിരുദ്ധ നീക്കങ്ങളെ തുറന്നുകാട്ടുന്നതില്‍ പ്രകടിപ്പിച്ച പാടവം എടുത്തുപറയേണ്ടതാണ്. തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ പരമേശ്വര്‍ജി അനുസ്മരണം നടന്നു. പി. നാരായണക്കുറുപ്പ്, പ്രൊഫ. പി.ജി.ഹരിദാസ്, എം. സതീശന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, പി. ഉണ്ണികൃഷ്ണന്‍, ഇരുളപ്പന്‍, അനൂപ്കുന്നത്ത്, തിരൂര്‍ രവീന്ദ്രന്‍, സി.സി. സുരേഷ് എന്നിവര്‍ അനുസ്മരണ സഭയില്‍ പങ്കെടുത്തു.

ധാര്‍മിക മൂല്യങ്ങളുടെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും ഏറ്റവും നല്ല കാവല്‍ക്കാരന്‍ -പി.എസ്. ശ്രീധരന്‍പിള്ള, മിസ്സോറാം ഗവര്‍ണര്‍

രാജനൈതികരംഗത്തും പൊതു പ്രവര്‍ത്തനത്തിലും മൂല്യത്തകര്‍ച്ച നേരിടുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ധാര്‍മിക മൂല്യങ്ങളുടെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും ഏറ്റവും നല്ല കാവല്‍ക്കാരനെയാണ് പി. പരമേശ്വര്‍ജിയുടെ വേര്‍പാടോടെ നമുക്ക് നഷ്ടമായത്. ജനസേവനമെന്നത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജീവിത സമര്‍പ്പണമാണെന്നും അധികാര രാഷ്ട്രീയത്തിന്റെ അംഗുലീചലനങ്ങള്‍ക്കനുസരിച്ച് അധികാരത്തിനായി കാര്യങ്ങള്‍ നീക്കുകയല്ല വേണ്ടതെന്നും സ്വജീവിതത്തിലൂടെയും സമീപനത്തിലൂടെയും പുത്തന്‍ തലമുറയ്ക്ക് കാട്ടിക്കൊടുത്ത പ്രതിഭയാണ് അദ്ദേഹം.

കേരളത്തിന്റെ വികസന കാഴ്ചപ്പാടിന് ദിശാദര്‍ശനം നല്‍കുകയും ധൈഷണിക സംവാദത്തിന് പുതുതലം നല്‍കുകയും ചെയ്ത വ്യക്തിത്വമാണ് പരമേശ്വര്‍ജിയുടേത്. തത്വാധിഷ്ഠിത ആശയാദര്‍ശങ്ങള്‍ പകര്‍ന്ന് നല്‍കി ജ്ഞാനസൂര്യനായി അദ്ദേഹം പരിശോഭിച്ചു. അസുഖബാധിതനായി ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ എന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ജനുവരി 15ന് ഞാന്‍ പരമേശ്വര്‍ജിയെ സന്ദര്‍ശിച്ചിരുന്നു. ഞങ്ങളുടെ അരനൂറ്റാണ്ടുകാലം നീണ്ടുനിന്ന ആത്മബന്ധത്തിന് ദൈവം നല്‍കിയ അനുഗ്രഹമായാണ് ആ സന്ദര്‍ശനത്തെ കാണുന്നത്.

പരമേശ്വര്‍ജിയുടെ വേര്‍പാട് രാജ്യത്തിന് പൊതുവിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ചുമുണ്ടായിട്ടുള്ള നഷ്ടം അപരിഹാര്യമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു. 

എന്നും പ്രചോദനമായിരുന്നു: ബാലഗോകുലം

കൊച്ചി: കുട്ടികളുടെ സംസ്‌കാരിക പ്രസ്ഥാനമായ  ബാലഗോകുലം കൈവരിച്ച വളര്‍ച്ചയുടെ പ്രേരണാശക്തി പരമേശ്വര്‍ജിയുടെ ചിന്തയും പ്രചോദനവുമായിരുന്നു എന്ന് ബാലഗോകുലം സംസ്ഥാനാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍. ആറ് പതിറ്റാണ്ട് മുന്‍പ് കേസരി വാരികയില്‍ കുട്ടികള്‍ക്കു വേണ്ടി പരമേശ്വര്‍ജി ആരംഭിച്ച ബാലഗോകുലം എന്ന പംക്തിയാണ് എം.എ. കൃഷ്ണന്‍  എന്ന എം.എ. സാറിലൂടെ സംഘടനാരൂപം പ്രാപിച്ചതെന്നും ബാലഗോകുലത്തിന്റെ ഓരോ കാര്യപദ്ധതിയിലും വൈചാരികമായ ചൈതന്യം നിറച്ചത് കവിയും തത്ത്വ ചിന്തകനുമായിരുന്ന പരമേശ്വര്‍ജി ആയിരുന്നു എന്നും സംസ്ഥാന സമിതി അനുശോചനയോഗം ചൂണ്ടിക്കാട്ടി. 

ബാലഗോകുലത്തിന്റെ നേതൃനൈപുണ്യ ശില്‍പ്പശാലകളിലും അമൃത ഭാരതി ആശീര്‍വാദ സഭയിലും കാലാനുസൃതമായ മാര്‍ഗദര്‍ശനങ്ങള്‍ ബാലഗോകുലം പ്രവര്‍ത്തകര്‍ക്ക് പരമേശ്വര്‍ജി നല്‍കിയിരുന്നു. ബൗദ്ധികമായ തിരക്കുകള്‍ക്കിടയിലും ഓരോ പ്രവര്‍ത്തകനെയും തിരിച്ചറിയുന്ന സ്‌നേഹഭാവം ബാലഗോകുലം കാര്യകര്‍ത്താക്കളിലേയ്ക്കും സന്നിവേശിപ്പിക്കുകയായിരുന്നു പരമേശ്വര്‍ജി. അദ്ദേഹത്തിന്റെ ദേശസ്‌നേഹോജ്വലങ്ങളായ കാവ്യഗീതികള്‍  ബാലഗോകുലത്തിന്റെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. അറിവിന്റെ പ്രകാശഗോപുരമായിരുന്ന ആ യുഗപുരുഷന്  ജന്മാഷ്ടമി പുരസ്‌കാരം നല്‍കി ബാലഗോകുലം ആദരിച്ചിട്ടുണ്ട്. 

ഉപാധ്യക്ഷന്മാരായ കെ.പി. ബാബുരാജ്, വി.ജെ. രാജ്‌മോഹന്‍, ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാര്‍, സംഘടനാ കാര്യദര്‍ശി എ. മുരളീകൃഷ്ണന്‍, ഖജാന്‍ജി പി.കെ. വിജയരാഘവന്‍, കാര്യദര്‍ശിമാരായ അജിത് കുമാര്‍, എം. സത്യന്‍ ഭഗിനി പ്രമുഖ ഡോ. ആശാ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സമാനതകളില്ലാത്ത വ്യക്തിത്വം-പി.കെ. കൃഷ്ണദാസ്,ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം 

ബഹുമുഖപ്രതിഭയായ പി. പരമേശ്വര്‍ജിയുടേത് സമാനതകളില്ലാത്ത വ്യക്തിത്വമാണ്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ അതുല്യമായ സംഭാവനകള്‍ പരമേശ്വര്‍ജി നല്‍കി. കവി പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചു. ജീവിതം തന്നെ സന്ദേശമാക്കിയ പരമേശ്വര്‍ജി ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്നു.

ആയിരങ്ങള്‍ക്ക് വഴികാട്ടി-തുഷാര്‍ വെള്ളാപ്പള്ളി 

ആര്‍എസ്എസ് സൈദ്ധാന്തികന്‍ പി. പരമേശ്വരന്റെ നിര്യാണത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അനുശോചിച്ചു. സാഹിത്യപരമായും ബൗദ്ധികമായും ഉന്നതതലങ്ങളില്‍ വിരാജിച്ച അദ്ദേഹത്തിന്  അര്‍ഹമായ അംഗീകാരം നല്‍കിയോ എന്ന് കേരളം ചിന്തിക്കണം. ആര്‍എസ്എസിന്റെ ആശയങ്ങളെ ചേര്‍ത്ത് പിടിച്ചതിന്റെ പേരില്‍ ഇവിടുത്തെ സാഹിത്യ, സാംസ്‌കാരിക നായകര്‍ പി. പരമേശ്വരനെ തമസ്‌കരിക്കാനാണ് ശ്രമിച്ചത്. ഇത്തരം നീക്കങ്ങളെയെല്ലാം പരാജയപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അറിവിന്റെയും എളിമയുടെയും കരുത്തുകൊണ്ടാണ്. സംന്യാസസമാനമായ ആ ജീവിതം ആയിരങ്ങള്‍ക്ക് വഴികാട്ടിയായി. സാര്‍ഥകമാണ് ആ ജന്മമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

കാഷായ വസ്ത്രം ധരിക്കാത്ത സംന്യാസിവര്യന്‍ പ്രൊഫ. ഒ.എം. മാത്യു, എംജി സര്‍വകലാശാല വിവേകാനന്ദ ചെയര്‍ മുന്‍ അധ്യക്ഷന്‍ 

പി. പരമേശ്വരനുമായുള്ള എന്റെ ബന്ധം കേരളത്തില്‍ ജനസംഘത്തിന്റെ തുടക്ക കാലം മുതലുള്ളതാണ്. കോട്ടയത്ത് വന്നാല്‍ എന്നെ കാണാതെ പോകാറില്ല. ഭാരതീയ ദര്‍ശനങ്ങളില്‍ അദ്ദേഹത്തിനുള്ള അവഗാഹം എന്നെ അദ്ദേഹത്തോട് കൂടുതല്‍ അടുപ്പിച്ചു. ആര്‍എസ്എസ് പ്രചാരകനായിരുന്ന പരമേശ്വര്‍ജി സ്വയം മറന്ന് രാഷ്ട്ര സേവനം ചെയ്തു പോന്ന കാഷായ വസ്ത്രം ധരിക്കാത്ത സംന്യാസിവര്യനായിരുന്നു. ഇദം ന മമഃ എന്ന ഭാരത ചിന്ത അനുസരിച്ച് സ്ഥിതപ്രജ്ഞനായി ജീവിച്ച ആളായിരുന്നു അദ്ദേഹം. 'താരകമണിമാല ചാര്‍ത്തിയാല്‍ അതും കൊള്ളാം, കാറണി ചളി പുരണ്ടാല്‍ അതും കൊള്ളാം' എന്ന ഭാവമായിരുന്നു എപ്പോഴും അദ്ദേഹത്തിന്. 

ഹിന്ദുത്വത്തില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം അതിന്റെ കാതലായ മതസഹിഷ്ണുത മുറുകെ പിടിച്ചിരുന്നു. കോട്ടയത്തെ ചില ക്രൈസ്തവ മത പണ്ഡിതരുമായി സംവദിക്കുവാന്‍ ഞാന്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു. സംവാദ ശേഷം അവരെല്ലാം പറഞ്ഞിട്ടുള്ളത് പരമേശ്വര്‍ജി പറയുന്നതാണ് ഹിന്ദുത്വമെങ്കില്‍ തങ്ങള്‍ക്കും അതിനോട് യോജിപ്പാണെന്നാണ്. 

എംജി യൂണിവേഴ്‌സിറ്റിയിലെ വിവേകാനന്ദ ചെയറിന്റെ അധ്യക്ഷനായിരുന്നപ്പോള്‍ എനിക്ക് നേരിടേണ്ടി വന്ന നിരവധി ദുരനുഭവങ്ങളില്‍ എന്നെ ആശ്വസിപ്പിച്ച് അവിടെ തുടരാന്‍ പ്രോത്സാഹിപ്പിച്ചത് പരമേശ്വര്‍ജിയായിരുന്നു. കേരളത്തിന്റെ ധൈഷണിക മണ്ഡലത്തില്‍ പ്രകാശം ചൊരിഞ്ഞു നിന്ന അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.