ഭാഷ അപമാനിക്കപ്പെടുന്നു...

Wednesday 22 January 2020 7:19 am IST

ആശയവിനിമയം ലക്ഷ്യമാക്കിയാണ് ഭാഷ രൂപപ്പെട്ടതെങ്കിലും ഭാഷയുടെ വികാസം സാഹിത്യ സൃഷ്ടികളിലൂടെയാണ് സംഭവിക്കുന്നതെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ് ലോകഭാഷകളുടെയെല്ലാം വികാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആ ഭാഷകളിലുണ്ടായ സാഹിത്യ സൃഷ്ടികള്‍ പഠനവിധേയവും പരാമര്‍ശ വിധേയവുമാകുന്നത്. മലയാളഭാഷയുടെ കാര്യത്തിലാണെങ്കിലും ഇതുതന്നെയാണ് പതിവ്. കാവ്യരൂപത്തിലായാലും ഗദ്യരൂപത്തിലായാലും രചിക്കപ്പെടുന്ന കൃതികള്‍ പുതിയ പദങ്ങളിലൂടെയും പ്രയോഗങ്ങളിലൂടെയും അര്‍ത്ഥതലങ്ങളിലൂടെയും ഭാവാത്മകതയിലൂടെയും ഭാഷയെ മുന്നോട്ട് നയിക്കുമെന്നതാണ് സങ്കല്‍പ്പം. അതുകൊണ്ടുതന്നെ ഭാഷയെ സംരക്ഷിക്കേണ്ടത് സുപ്രധാന കാര്യമാണെന്ന ബോധ്യത്തില്‍ നിന്നുമാകണം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ കേരളത്തില്‍ രൂപം കൊണ്ടിട്ടുള്ളതും പ്രവര്‍ത്തിക്കുന്നതും. സ്വാഭാവികമായും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അവര്‍ പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങളും ഭാഷയുടെ പോഷണത്തിനായുള്ളവയായിരിക്കുമെന്ന് സാധാരണക്കാരും സാഹിത്യതല്‍പ്പരരും ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല. 

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളി എന്ന മാസികയില്‍ മലയാള ഭാഷയെയും മലയാളത്തിലെ മഹാകവിയെയും വ്യക്തിപരമായി അപമാനിച്ചുകൊണ്ടും അപഹസിച്ചുകൊണ്ടും അതിന്റെ എഡിറ്റര്‍ തന്നെ ലേഖനമെഴുതി. ഇതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സര്‍ക്കാര്‍ സ്ഥാപനം മലയാള ഭാഷയുടെ പോഷണത്തിനായാണോ അതോ ഭാഷയുടെ അപചയത്തിനായാണോ പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കണം. സര്‍ക്കാര്‍ സ്ഥാപനമായ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കുന്ന വിജ്ഞാന കൈരളി മാസികയുടെ ഡിസംബര്‍ ലക്കത്തിലാണ് ജ്ഞാനപീഠം പുരസ്‌കാര ജേതാവായ മഹാകവി അക്കിത്തത്തെ അപഹസിക്കുന്ന രീതിയിലും അദ്ദേഹത്തിന്റെ കാവ്യബിംബങ്ങളെ അപമാനിക്കുന്ന രീതിയിലുമുള്ള ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഹാസാഹിത്യകാരനായ എന്‍.വി. കൃഷ്ണവാര്യര്‍ സ്ഥാപക പത്രാധിപരായിരുന്നു എന്ന് അഭിമാനിക്കുന്ന മാസികയിലാണ് ഇതെന്നോര്‍ക്കണം. മാസികയുടെ മുന്‍ പേജില്‍ കൊടുത്തിരിക്കുന്ന വിവരമനുസരിച്ച് എഡിറ്റര്‍ ഒരു സി. അശോകന്‍ ആണെന്നു മനസ്സിലാക്കുന്നു. സി. അശോകന്റെ പേരില്‍ത്തന്നെയാണ് ലേഖനം അച്ചടിച്ച് വന്നിരിക്കുന്നത്. മാസികയില്‍ അച്ചടിച്ചുവരുന്ന ലേഖനങ്ങള്‍ക്ക് മാസികയുമായും സര്‍ക്കാരുമായും ബന്ധമോ ഉത്തരവാദിത്വമോ ഇല്ലെന്നും പൂര്‍ണ്ണ ഉത്തരവാദിത്വം ലേഖകര്‍ക്കായിരിക്കുമെന്നുമുള്ള മുന്നറിയിപ്പ് മാസികയുടെ മുന്‍പേജില്‍ കൊടുത്തിട്ടുണ്ട്. പക്ഷെ എഡിറ്റര്‍ തന്നെ ഒരു ലേഖനമെഴുതുമ്പോള്‍ മുന്നറിയിപ്പുകള്‍ അസാധുവാകുകയും മാസികയ്ക്കും അത് പുറത്തിറക്കുന്ന സ്ഥാപനത്തിനും സര്‍ക്കാരിനും ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമുണ്ടാകുകയും ചെയ്യുന്നു.

'മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠം എത്തുമ്പോള്‍' എന്ന പേരിലാണ് മഹാകവിയെയും അദ്ദേഹത്തിന്റെ വിഖ്യാത കവിതയായ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തെയും അപഹസിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കൃതിയിലെ പ്രസിദ്ധമായ വരികളായ 'വെളിച്ചം ദുഃഖമാണല്ലോ തമസ്സല്ലോ സുഖപ്രദം' എന്നത് കവിയുടെ ജീവിതം ഇരുട്ടിലാണ് എന്ന രീതിയിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാടിന്റെ സമുദായത്തെ അപഹസിച്ചുകൊണ്ടാണ് ഈ ഇരുട്ട് എന്ന വ്യാഖ്യാനം നല്‍കുന്നത്. തന്റെ കൗമാരത്തിലും യൗവനാരംഭത്തിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായിപ്പോയി എന്നതില്‍ മനംനൊന്ത്, പുറമെ സമത്വവും സമഭാവനയും മാനവികതയും പ്രസംഗിക്കുന്ന പ്രത്യയശാസ്ത്രം ലോകം മുഴുവന്‍ നടത്തുന്ന നരഹത്യകളും മാനവികതയ്ക്ക് നിരക്കാത്ത പ്രവൃത്തികളും മനസ്സിലാക്കി ഞാന്‍ ഇതിനോടൊപ്പമില്ല എന്ന് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കവിതയിലൂടെ പ്രഖ്യാപിച്ച കവിയാണ് മഹാകവി അക്കിത്തം. മനുഷ്യനെക്കൊല്ലാനായി നിര്‍മ്മിച്ച ആയുധങ്ങള്‍ ഉരുക്കി കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കണമെന്ന ആഹ്വാനമാണ് കവിതയിലുയര്‍ത്തുന്നത്. അന്നു മുതല്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ബൗദ്ധിക കാവലാള്‍മാരുടെയും ഭൗതിക കാവലാള്‍മാരുടെയും കണ്ണിലെ കരടായിരുന്നു മഹാകവി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിത പ്രസിദ്ധീകരിച്ച നാളുകളില്‍ തനിക്ക് വധഭീഷണിയുണ്ടായിരുന്നുവെന്നും ജീവന്‍ രക്ഷിക്കാനായി ഒളിവില്‍ പോകേണ്ടിവന്നിട്ടുണ്ടെന്നും മുമ്പൊരിക്കല്‍ കവി ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ വൈരം അവസാനിച്ചിട്ടില്ലെന്നും കവിക്കെതിരായുള്ള ആക്രമണത്തിന് അവര്‍ മൂര്‍ച്ച കുറച്ചിട്ടില്ലെന്നുമാണ് വിജ്ഞാന കൈരളിയിലെ ലേഖനത്തില്‍ നിന്ന് വ്യക്തമാകുന്നത്.

ഏറെ മുമ്പുതന്നെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനാകേണ്ടിയിരുന്ന പ്രതിഭയായിരുന്നു മഹാകവി അക്കിത്തമെന്ന കാര്യത്തില്‍ മലയാളക്കരയില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. പ്രത്യയശാസ്ത്ര വൈരത്തിന്റെ പേരിലാകണം ഈയൊരു പുരസ്‌കാരം അദ്ദേഹത്തെ തേടിവരാന്‍ ഇത്രയും വൈകിയതെന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്നതിലും തെറ്റില്ല. കേരളത്തിന്റെ സാഹിത്യപരിസരത്ത് അത്തരത്തില്‍ രാഷ്ട്രീയ വിധേയത്വം നോക്കി അംഗീകാരങ്ങളും അവാര്‍ഡുകളും നല്‍കി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും എഴുത്തുകാരെ കൂടെനിര്‍ത്തുന്നൊരു പ്രവണത എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. തങ്ങള്‍ക്ക് വിധേയരായി നില്‍ക്കാത്തവരെ വെട്ടിനിരത്തുകയും ഇല്ലാതാക്കുകയും കൂടെനില്‍ക്കുന്നവര്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്യുന്നതും നമ്മള്‍ കണ്ടുവരുന്നതാണ്. സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ക്ക് കൂടാതെ സ്വതന്ത്രമെന്നവകാശപ്പെടുന്നതും എന്നാല്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള പുരസ്‌കാരങ്ങളും അതേപോലെത്തന്നെയാണെന്നത് ഈ കഴിഞ്ഞ വയലാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ സമയത്തുണ്ടായ എം.കെ. സാനുവിന്റെ രാജിയും പ്രസ്താവനയുമൊക്കെ വ്യക്തമാക്കിയതാണ്. അവാര്‍ഡ് സമിതി സാഹിത്യഗുണം നോക്കി തെരഞ്ഞെടുത്ത കൃതി പരിഗണിക്കാതെ പാര്‍ട്ടി സഹയാത്രികനായ, പാര്‍ട്ടി വാരികയിലെ സ്ഥിരം എഴുത്തുകാരന് അവാര്‍ഡ് നല്‍കണമെന്ന തിട്ടൂരത്തോട് യോജിക്കാനാവാതെയാണ് സാനുമാഷ് അന്ന് രാജിവച്ചൊഴിഞ്ഞത്. സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാത്ത ഭാരതത്തിലെ ഏറ്റവുമുന്നതമായ സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠവും ഇത്തരത്തില്‍ ഇഷ്ടക്കാര്‍ക്ക് നല്‍കുന്ന ഒന്നായിട്ടാണ് വിജ്ഞാന കൈരളിക്കാരന്‍ മനസ്സിലാക്കിയിട്ടുണ്ടാവുക. അല്ലെങ്കില്‍ തങ്ങള്‍ പോറ്റിവളര്‍ത്തുന്നവര്‍ തടയാന്‍ ശ്രമിച്ചിട്ടും മഹാകവിക്ക് പുരസ്‌കാരം ലഭിച്ചതിലുള്ള ഈര്‍ഷ്യയുമാകാം. 

മഹാകവി അക്കിത്തമെന്നല്ല ആരുടെയും കൃതികളെ വിമര്‍ശനത്തിന് വിധേയമാക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. വിമര്‍ശനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയുമാണ് സാഹിത്യകൃതികള്‍ അഗ്നിപരീക്ഷകള്‍ നേരിട്ട് ചിരപ്രതിഷ്ഠ നേടേണ്ടതെന്നതിലും തര്‍ക്കമില്ല. എഴുത്തുകാരുടെ വ്യക്തിപരമായ നിലപാടുകളെയും സ്വകാര്യജീവിതത്തെപ്പോലും ചോദ്യം ചെയ്യാനും ആക്രമിക്കാനും പൊതുവിചാരണയ്ക്ക് വിധേയമാക്കാനുമൊക്കെ അധികാരമുണ്ടെന്ന് ചിന്തിക്കുന്നവരുമുണ്ടാകാം. അതും ആയിക്കൊള്ളട്ടെ. ബഹുമാന്യരായവരെ തേജോവധം ചെയ്യാന്‍ മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന എത്രയോ പ്രസിദ്ധീകരണങ്ങള്‍ അവരുടെ പാര്‍ട്ടിക്കാര്‍ തന്നെ നടത്തുന്നുണ്ടല്ലോ. പക്ഷെ ഈ അധിക്ഷേപസ്വരം സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രസിദ്ധീകരണത്തിലൂടെയാകുമ്പോഴാണ് ഉദ്ദേശ്യ ശുദ്ധിയില്‍ ആശങ്കയുണ്ടാക്കുന്നത്. ഉത്തരവാദിത്വസ്ഥാനങ്ങളിലിരിക്കുന്നവര്‍ തന്നെ വിലകുറഞ്ഞ മഞ്ഞക്കടലാസ് പരാമര്‍ശങ്ങള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള സ്ഥാപനത്തിന്റെ പ്രസിദ്ധീകരണത്തില്‍ അച്ചടിക്കുമ്പോള്‍ ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. മലയാള ഭാഷയുടെ പോഷണം എന്ന ലക്ഷ്യത്തില്‍ നിന്നും മാറി ഇഷ്ടമില്ലാത്തവരെ, അവര്‍ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചവരാണെങ്കില്‍പ്പോലും അപമാനിക്കുന്നതിനുള്ള വേദിയാക്കുന്നത് ആ സ്ഥാപനത്തിന്റെ നിലവാരത്തെത്തന്നെ ഇകഴ്ത്തുന്നതായിത്തീരും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.