ഭീകരവാദം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച ;താരമായി സയിദ് അക്ബറുദീന്‍

Monday 19 August 2019 1:25 am IST

 

ഴിഞ്ഞദിവസം യുഎന്‍ ആസ്ഥാനത്ത് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീനായിരുന്നു താരം. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നീക്കങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ തിളങ്ങിയത് സയിദ് അക്ബറുദീനിലൂടെയായിരുന്നു. യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിന് ശേഷമായിരുന്നു ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി അക്ബറുദീന്‍ നിലപാട് അറിയിച്ചത്. ആര്‍ട്ടിക്കിള്‍ 370 ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ചൈനയേ ഓര്‍മ്മിപ്പിച്ചും, ഭീകരവാദം അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ചയാകാമെന്ന നിലപാട് പാക്കിസ്ഥാനോട് ആവര്‍ത്തിച്ചും അക്ബറുദീന്‍ യുഎന്നില്‍ തിളങ്ങി. നിങ്ങള്‍ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ എനിക്കും ഒരുപാട് ചരിത്രം പറയാനുണ്ട്, ഇങ്ങനെ ഉരുളയ്ക്ക് ഉപ്പേരിപോലുള്ള മറുപടികളാണ് ഇന്ത്യന്‍ പ്രതിനിധി നല്‍കിയത്. യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി അക്ബറുദീന്റെ വാര്‍ത്താസമ്മേളനം അങ്ങനെ ആഗോള മാധ്യമങ്ങള്‍പോലും ആഘോഷിച്ചു. പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യം ചോദിക്കാന്‍ വീണ്ടും വീണ്ടും അവസരം നല്‍കി. ചര്‍ച്ചകളോടുള്ള ഇന്ത്യന്‍ സമീപനത്തെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു എല്ലാവരെയും ഞെട്ടിച്ച അക്ബറുദീന്റെ ഇടപെടല്‍. 

മൂന്ന് പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരുണ്ടെന്നും, അവര്‍ക്ക് മതിയായ അവസരം നല്‍കിയെന്ന് പറഞ്ഞിട്ടും കുഴക്കാനുള്ള ചോദ്യവുമായി അവര്‍ എത്തി. എപ്പോഴാണ് നിങ്ങള്‍ പാക്കിസ്ഥാനുമായി ചര്‍ച്ച തുടങ്ങുന്നതെന്നായിരുന്നു ചോദ്യം. ചര്‍ച്ചയ്ക്ക് ഇന്ത്യയാണ് വിഘാതമെന്ന സന്ദേശം നല്‍കാനായിരുന്നു ഈ ചോദ്യം. എന്നാല്‍ മറുപടി പറയുന്നിടത്തുനിന്ന് പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടുത്തെത്തി കൈകൊടുത്തു. മൂന്നുപേര്‍ക്കും മറുപടിനല്‍കി. അതിനുശേഷം ചര്‍ച്ചയ്ക്കുള്ള സന്നദ്ധത ഞങ്ങള്‍ അറിയിച്ചു കഴിഞ്ഞെന്നും ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു മറുപടി. സൗഹൃദത്തിന്റെ കൈ നീട്ടികഴിഞ്ഞു. സിംല കരാറില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുന്നു. ഇനി തീരുമാനം എടുക്കേണ്ടത് പാക്കിസ്ഥാനാണ് ഇതായിരുന്നു ഇന്ത്യന്‍ പ്രതിനിധിയുടെ ഉറച്ച മറുപടി. വിദേശകാര്യ വക്താവായിരിക്കെ അക്ബറുദീന്റെ കഴിവ് ലോകം കണ്ടതാണ്. 

കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് ഇന്ത്യ റദ്ദ് ചെയ്തത് പാക്കിസ്ഥാന്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ മറ്റ് വിദേശ രാജ്യങ്ങളുടെ പിന്തുണ നേടാന്‍ പാക്കിസ്ഥാന്‍ പല കള്ളക്കഥകളും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാന്‍ യുഎന്നില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയാക്കി രാജ്യാന്തര തലത്തില്‍ വിവാദ വിഷയമാക്കാനായിരുന്നു നീക്കം. എന്നാല്‍ ഇന്ത്യയുടെ നയതന്ത്ര ഇടപെടല്‍ ചൈനയുടെയും പാക്കിസ്ഥാന്റെയും നീക്കത്തെ പൊളിക്കുകയായിരുന്നു. അക്ബറുദീന്റെ നേതൃത്വത്തില്‍ യുഎന്നില്‍ നടത്തിയ നീക്കങ്ങളുടെയും വിജയമായിരുന്നു പിന്നീട് ഉണ്ടായത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370-മായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്ന സയിദ് അക്ബറുദീന്റെ നാവിലൂടെ വന്ന വാക്കുകള്‍ ഇന്ത്യ ചൈനക്ക് നല്‍കിയ വലിയ സന്ദേശമായിരുന്നു. 

ചൈനയുടെയും പാക്കിസ്ഥാന്റെയും നീക്കം പൊളിച്ചത് ഇന്ത്യയുടെ നയതന്ത്ര കരുത്തായിരുന്നു. റഷ്യയുടെ അകമഴിഞ്ഞ പിന്തുണ എടുത്തുപറയേണ്ടതാണ്. ഇന്ത്യയുടെ എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍പിടിച്ചത് സയിദ് അക്ബറുദീനായിരുന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം അംഗരാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. അവസാന നിമിഷം അമേരിക്കയുടെ പിന്തുണ നേടാനുള്ള പാക്കിസ്ഥാന്റെ നീക്കവും തകര്‍ന്നു. ഭരണഘടനയിലെ 370 അനുഛേദത്തിന്റെ ഭേദഗതി തികച്ചും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യന്‍ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുകയാണ് രക്ഷാസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ചെയ്തത്. കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ രക്ഷാസമിതി അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ നീക്കങ്ങള്‍ ശരിയായ ദിശയിലാണെന്നും യുഎന്‍ വിലയിരുത്തി. പതിനഞ്ചംഗ രക്ഷാസമിതി യോഗത്തില്‍ വോട്ടെടുപ്പോ, പ്രമേയം പാസാക്കലോ, മിനിറ്റ്‌സ് തയ്യാറാക്കലോ ഒന്നും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.