ബിഗ് ബ്രദര്‍ ആക്ഷന്‍ ത്രില്ലറെന്ന് സൂചന; ഫസ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

Friday 11 October 2019 5:50 pm IST

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന സിനിമയായ ബിഗ് ബ്രദര്‍ ആക്ഷന്‍ ത്രില്ലറെന്ന് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുകയാണ്.  

25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും സംവിധായകന്‍ സിദ്ദിഖ് തന്നെയാണ്. മൂന്ന് നായികമാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാന്‍ ചിന്തിച്ചതിലെ കാര്യം നേരത്തേ സിദ്ധിക്ക് വ്യക്തമാക്കിയിരുന്നത് വളരെ ശ്രദ്ധേയമായിരുന്നു. പുതുമുഖത്തെ വച്ച് ആരംഭിക്കാനിരുന്ന സിനിമ കഥ കൂടുതല്‍ വികസിച്ചതോടെ കഥാപാത്രത്തെ താങ്ങാനാകുമോയെന്ന കാര്യത്തില്‍ സംശയം വന്നു. അതിനാല്‍ കഥാപാത്രത്തെ മോഹന്‍ലാലിനെ ഏല്‍പ്പിക്കുകയായിരുന്നു. രണ്ട് മൂന്ന് വര്‍ഷം മുമ്പ് മനസ്സില്‍ കടന്നുകൂടിയ ബിഗ് ബ്രദറിന്റെ പ്രമേയം പറഞ്ഞപ്പോഴേ ലാല്‍ സമ്മതം മൂളുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, തെന്നിന്ത്യന്‍ നടി റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം  സര്‍ജാനോ ഖാലിദ് തുടങ്ങിയവരും അഭിനയിക്കുന്നു. സിനിമയുടെ കഥ നടക്കുന്നത് ബംഗളൂരുവിലാണ്. സംഗീതം ദീപക് ദേവും ഗാനരചന റഫീഖ് അഹമ്മദുമാണ്. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. 1992ല്‍ റിലീസ് ചെയ്ത സിദ്ദിഖ്- ലാല്‍ ചിത്രമായ വിയറ്റ്‌നാം കോളനി ആണ് ഇവരുടെ ആദ്യത്തെ ചിത്രം. സിദ്ദിഖ് സ്വതന്ത്രസംവിധായകനായതിനു ശേഷം ഒരുക്കിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ ആണ് രണ്ടാമത്തെ ചിത്രം. ജയസൂര്യ നായകനായ ഫുക്രിക്ക് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന മലയാളചിത്രം കൂടിയാണ് ബിഗ് ബ്രദര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.