ബിഗ് ബോസ് പരിപാടിക്കിടെ പീഡനം: മക്കള്‍ നീതിമയ്യം നേതാവ് കമല്‍ഹാനെതിരെ പരാതിയുമായി നടി മധുമിത

Sunday 8 September 2019 4:07 pm IST

ന്യൂദല്‍ഹി: മക്കള്‍ നീതിമയ്യം നേതാവ് കമല്‍ഹാനെതിരെ പീഡന പരാതിയുമായി  മുന്‍ ബിഗ് ബോസ് താരം മധുമിത. കമല്‍ഹാസന് പുറമെ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ക്കെതിരേയും നടി പരാതി നല്‍കിയിട്ടുണ്ട്. ചെന്നൈ നസ്രത്ത്‌പേട്ട് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. ബിഗ് ബോസ് തമിഴിന്റെ അവതാരകനാണ് കമല്‍ഹാസന്‍. മധുമിത ഈയിടെ ഷോയില്‍ നിന്ന് പുറത്തായിരുന്നു. കമല്‍ഹാസനും സഹമത്സരാര്‍ഥികളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

തന്നെ സഹമത്സരാര്‍ഥികള്‍ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കമല്‍ഹാസന്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്‌നത്തില്‍ ഇടപ്പെട്ടില്ല എന്നും മധുമിത പരാതിയില്‍ പറയുന്നു. ഷോയിലെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് മധുമിതയെ പുറത്താക്കിയത്. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് നേരത്തെയും വിവാദത്തില്‍പ്പെട്ടിരുന്നു. ബസില്‍ വെച്ച് സ്ത്രീകളെ പീഡിപ്പിക്കുന്നതിനെ പിന്തുണ നല്‍കിയതിനായിരുന്നു അത്. കോളേജ് പഠന കാലത്ത് ബസില്‍ വച്ച് സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബിഗ്‌ബോസ് മത്സരാര്‍ത്ഥി ശരവണന്‍ പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. ഇത് കേട്ട കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയും കൈയടിച്ച് ശരവണനെ പ്രേത്സാഹിപ്പിക്കുകയും ചെയ്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.  

കമല്‍ഹാസന്റെ ഈ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമ  മേഖലയിലെ മുതിര്‍ന്ന കലാകാരനും, രാഷ്ട്രീയ നേതാവും, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തിയും എന്ന നിലയില്‍ കമല്‍ഹാസന്റെ ഈ പ്രവര്‍ത്തി യോജിക്കാത്തതാണെന്നും വിമര്‍ശനം ഉയരുന്നിരുന്നു. പരുത്തിവീരനിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ശരവണന്‍. ശനിയാഴ്ച രാത്രി സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ മത്സരാര്‍ത്ഥികളായ മീര മിഥുനും ചേരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയായത്. ഇതില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കുറിച്ച് പ്രതിപാദിച്ചതോടെ ശരവണന്‍ ഉടയ്ക്കു കയറി താനത് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ കയറിപ്പിടിക്കാറുണ്ടായിരുന്നെന്നും, ഈ ഉദ്ദേശത്തോടെ പതിവായി ബസില്‍ പോകുമായിരുന്നെന്നും ശരവണന്‍ പറഞ്ഞു. എന്നാല്‍ ഇത് വളരെ പണ്ടായിരുന്നെന്നും ശരവണന്‍ ന്യായീകരിച്ചു. ഇതോടെ കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.