ശബരിമലയില്‍ ഇനി കയറാനില്ല; മല ചവിട്ടാന്‍ എത്തുന്ന യുവതികള്‍ക്ക് സഹായം ചെയ്യുമെന്നും ബിന്ദു അമ്മിണി; ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് കനകദുര്‍ഗ

Wednesday 13 November 2019 2:38 pm IST

തിരുവനന്തപുരം: സുപ്രീം കോടതി നാളെ ശബരിമല യുവതി പ്രവേശന വിധി പുനപരിശോധിക്കാന്‍ സാധ്യതയില്ലെന്ന് കഴിഞ്ഞ മണ്ഡലകാലത്ത് പോലീസ് സംരക്ഷണയില്‍ ആചാരലംഘനം നടത്തി ശബരിമലയില്‍ എത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും. വിധി അനുകൂലമായാലും എതിരായാലും ഇനി ശബരിമലയിലേക്കില്ല. 50 വയസിന് താഴെയുള്ള സ്ത്രീകള്‍ക്കും ശബരിമലയിലെത്താമെന്ന വിധി വന്നശേഷം ഞങ്ങള്‍ മലകയറിയതോടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങള്‍ തന്നെ ശബരിമലയില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല. ഇനി പുതിയ ആളുകള്‍ പോകട്ടെ എന്നാണ് തങ്ങളുടെ നിലപാട്. ശബരിമല കയറാന്‍ ഇനിയും തയാറായിവരുന്ന യുവതികള്‍ക്ക് സഹായം ചെയ്യുമെന്നും ബിന്ദു.

ചിലരൊക്കെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാന്‍ 'നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ'യെന്ന പേരില്‍ കൂട്ടായ്മയുമുണ്ട്. തിരുവോണ സമയത്ത് കേരളത്തിനകത്തും പുറത്തുമുള്ള രണ്ട് സ്ത്രീകള്‍ക്ക് പ്രവേശിക്കാനായിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്.അതേസമയം, ശബരിമലയിലേക്ക് ഇനി പോകുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണു കനകദുര്‍ഗയുടെ നിലപാട്. ഇരുവരും ഇപ്പോഴും പോലീസ് സംരക്ഷണയിലാണുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മനീത സംഘം ഇത്തവണ ശബരിമലയില്‍ എത്തുമെന്നും അനുമതി വേണമെന്നും കാട്ടി കേരള പോലീസ് മേധാവിക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ പോലീസ് തീരുമാനം എടുത്തിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.