ബിനോയ് കോടിയേരിക്കെതിരെ ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; നിര്‍ണ്ണായകമായ തീരുമാനവുമായി മുംബൈ പൊലീസ്

Tuesday 25 June 2019 10:56 am IST

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതിയില്‍ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ മുംബൈ പോലീസ്് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷന്‍സ് കോടതി മാറ്റിവെച്ച സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. 

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിനോയ് ഇതുവരെ ഹാജരായിട്ടില്ല. വ്യാഴാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഇനി കോടതി പരിഗണിക്കുക. ഇതിന് മുമ്പ് ബിനോയിയെ അറസ്റ്റു ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഒളിവിലുള്ള ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകൂ. നേരത്തെ ലുക്ക് ഔട്ട് നോട്ടീസിറക്കാന്‍ പൊലീസ് നടപടി തുടങ്ങിയിരുന്നെങ്കിലും ബിനോയ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതോടെ ഈ തീരുമാനം മരവിപ്പിച്ചു. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

അതിനിടെ ബിനോയ് കേരളത്തില്‍ തന്നെയുണ്ടെന്ന് വിവരം ലഭിച്ചതായി മുംബൈ പോലീസ് സംഘം അറിയിച്ചു. ബിനോയിയെ കണ്ടെത്താന്‍ കേരളാ പോലീസ് സഹകരിക്കുന്നില്ലെന്നും കേരളത്തിലെത്തിയ അന്വേഷണസംഘം മുംബൈ കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. ഓഷിവാരയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് ബിനോയിയെ തേടി കേരളത്തില്‍ എത്തിയത്.

ബിനോയിയെ തേടി തിരുവനന്തപുരത്ത് മുടവന്‍മുകളിലെ വീട്ടിലെത്തിയെങ്കിലും കേരള പോലീസ് സഹകരിച്ചില്ല. സിപിഎമ്മിന്റെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററിനു സമീപത്തെ ഫ്‌ളാറ്റില്‍ പോകാന്‍ ആദ്യം തീരുമാനിച്ചെങ്കിലും കേരള പൊലീസ് സമ്മതിച്ചില്ല. കേസുമായി  തിരുവനന്തപുരം സിറ്റി പോലീസ് സഹകരിക്കുന്നില്ലെന്നും ഓഷിവാര പോലീസിന് പരാതിയുണ്ട്.

ബിനീഷ് മലബാറിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിക്കാനാണ് സാധ്യതയെന്നാണ് മുംബൈയില്‍ നിന്നെത്തിയ പോലീസ് പറയുന്നത്. കേരളത്തിന് വെളിയില്‍ പോയാല്‍ പിടികൂടാനുള്ള സാധ്യതയുള്ളതുകൊണ്ട് മലബാറില്‍ തന്നെയുണ്ടെന്ന് ഇവര്‍ മുംബൈ പോലീസിനെ അറിയിച്ചു.

യുവതിയുടെ പരാതി ലഭിച്ച് ഒരാഴ്ച തികഞ്ഞിട്ടും ബിനോയ് കോടിയേരി എവിടെയെന്ന് പൊലീസിന് അറിയില്ല സ്ഥിരം പല്ലവിയാണ് കേരള പോലീസ് പറയുന്നത്. ഈ സാഹചര്യത്തില്‍ നാളെ ബിനോയ് കോടിയേരിക്കായി  ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് ഓഷിവാര കോടതി പരിഗണിക്കുന്നത്. കോടതിയുടെ തീരുമാനം വരുന്നതിന് മുമ്പുതന്നെ ബിനോയ് കോടിയേരിയെ അറസ്റ്റു ചെയ്യാനാണ് മുംബൈ പോലീസ് ശ്രമിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.