'എന്റെ പപ്പ എവിടെ?, എന്നെ കാണാന്‍ എപ്പോള്‍ വരും'; ബിനോയ് കോടിയേരിയുടെ ഫോട്ടോയുമായി ബീഹാര്‍ സ്വദേശിനിയുടെ മകന്‍ ഫേസ്ബുക്കില്‍; ചിത്രം വൈറല്‍

Tuesday 12 November 2019 7:49 pm IST
തനിക്ക് യുവതിയുമായി ബന്ധമില്ലെന്നായിരുന്നു ബിനോയിയുടെ വാദം. എന്നാല്‍, കോടിയേരി പുത്രനുമായി ചേര്‍ന്ന് തങ്ങളുടെ മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടാണ് യുവതി അന്ന് അതിന് മറുപടി നല്‍കിയത്.

തിരുവനന്തപുരം: ബാര്‍ ഡാന്‍സറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി കൂടുതല്‍ കുരുക്കിലേക്ക്. 'എന്റെ പപ്പ എവിടെയെന്നും എപ്പോള്‍ വരുമെന്നും' നിരന്തരം മകന്‍ ചോദിക്കുന്നെന്ന കുറിപ്പോടെ ബീഹാര്‍ സ്വദേശിനി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് ബിനോയിയെ കൂടുതല്‍ കുരുക്കിലേയ്ക്ക് നയിക്കുന്നത്. ചിത്രത്തില്‍ കുട്ടി ബിനോയിയുടെ ഫോട്ടോ കൈയിലേന്തിയിട്ടുണ്ട്.

നേരത്തെ ബിനോയ് കോടിയേരിയോടൊപ്പമുള്ള പഴയ ചിത്രം യുവതി ഫേസ്ബുക്കില്‍ കവര്‍പേജാക്കിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കാന്‍ ബിനോയ് പോകും മുന്‍പാണ് അന്ന് അത്തരമൊരു ചിത്രം യുവതി പുറത്തുവിട്ടത്. 

തനിക്ക് യുവതിയുമായി ബന്ധമില്ലെന്നായിരുന്നു ബിനോയിയുടെ വാദം. എന്നാല്‍, കോടിയേരി പുത്രനുമായി ചേര്‍ന്ന് തങ്ങളുടെ മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടാണ് യുവതി അന്ന് അതിന് മറുപടി നല്‍കിയത്. 

2013ലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടത്. കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിക്ക് നല്‍കുന്നതുമായ മൂന്ന് ചിത്രങ്ങളാണ് യുവതി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ബിനോയ് കോടിയേരി എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം യുവതി പങ്കുവച്ചിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബിനോയിയുമായുള്ള ബന്ധത്തില്‍ തനിക്കൊരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിനോയ് ഇതിനെ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ഹാജരാകാന്‍ പോലീസ് പറഞ്ഞിട്ടും കോടിയേരി പുത്രന്‍  തയാറായില്ല. തുടര്‍ന്നാണ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് ബിനോയ് തയാറായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.