പിറന്നാള്‍ ആശംസയുടെ പേരില്‍ പുലിവാലുപിടിച്ച് ഹാര്‍ദിക്

Tuesday 8 October 2019 9:57 pm IST

ലണ്ടന്‍: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു പിറന്നാള്‍ ആശംസയുടെ പേരില്‍ പുലിവാലുപിടിച്ചു. കഴിഞ്ഞ ദിവസം 41-ാം പിറന്നാള്‍ ആഘോഷിച്ച സഹീര്‍ഖാന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പാണ്ഡ്യയുടെ ട്വീറ്റാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.

ഒരു ആഭ്യന്തര മത്സരത്തിനിടെ സഹീറിന്റെ പന്ത് സിക്‌സറിന് പറത്തുന്ന തന്റെ വീഡിയോയ്‌ക്കൊപ്പമാണ് പാണ്ഡ്യ പിറന്നാളാശംസ നേര്‍ന്നത്. എന്നാല്‍ ആരാധകര്‍ക്ക് ഇത് അത്ര രസിച്ചില്ല. പാണ്ഡ്യ, സഹീറിനെ അപമാനിച്ചുവെന്നാണ് അവരുടെ പരാതി. ഇതോടെ താരത്തിനെതിരേ രൂക്ഷമായി പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തി.

പണവും പ്രശസ്തിയും മാത്രമുണ്ടായാല്‍ എല്ലാമാകില്ലെന്നും നല്ലകാലത്ത് സഹീറിന്റെ പന്തുകള്‍ക്കുമുന്നില്‍ പാണ്ഡ്യക്ക് പിടിച്ചുനില്‍ക്കാന്‍ പോലും സാധിക്കില്ലായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. അമിത ആത്മവിശ്വാസമാണ് പാണ്ഡ്യയുടെ പ്രശ്നമെന്നും ചിലര്‍ ആരോപിക്കുന്നു.

ഇന്ത്യക്കായി 2003, 2007, 2011 ലോകകപ്പുകളില്‍ മികച്ച പ്രകടനം നടത്തിയ താരത്തെയാണ് പാണ്ഡ്യ അപമാനിച്ചതെന്നും ആരോപണമുണ്ട്.

പുറംവേദനയെ തുടര്‍ന്ന് ലണ്ടനില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ പാണ്ഡ്യ ഇപ്പോള്‍ വിശ്രമത്തിലാണ്. ഈ വര്‍ഷമാദ്യം കോഫി വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് പാണ്ഡ്യ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദം കൂടി തലപൊക്കിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.