ബംഗാളില്‍ പൗരത്വ നിയമത്തില്‍ അസഹിഷ്ണുത; പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ച് മമത; അക്രമം തുടര്‍ന്നാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി

Sunday 15 December 2019 8:32 am IST
ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം നുഴഞ്ഞുകയറ്റക്കാരാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് തുറന്നടിച്ച സിന്‍ഹ, മമതാ ബാനര്‍ജിക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു

കൊല്‍ക്കത്ത: രാജ്യത്ത് പൗരത്വ നിയമം ഏര്‍പ്പെടുത്തിയതിലെ അസഹിഷ്ണുതയെ തുടര്‍ന്ന് ബംഗാളില്‍ പ്രക്ഷോഭം കനക്കുന്നു. അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് അതിന് വേണ്ടി ഒത്താശ ചെയ്യുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കൂട്ടരും. അക്രമങ്ങള്‍ തുടര്‍ന്നാല്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ വ്യക്തമാക്കി.

ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം നുഴഞ്ഞുകയറ്റക്കാരാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് തുറന്നടിച്ച സിന്‍ഹ, മമതാ ബാനര്‍ജിക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ മമതാ ബാനര്‍ജി കാര്യമായി ഒന്നും ചെയ്തില്ല. ഇത്തരത്തില്‍ അരാജകത്വം നിലനില്‍ക്കുകയാണെങ്കില്‍ രാഷ്ട്രപതി ഭരണത്തെ അനുകൂലിക്കുന്നില്ലെങ്കില്‍ കൂടി അതിനായി ശുപാര്‍ശ ചെയ്യുമെന്നും മറ്റു മാര്‍ഗമില്ലെന്നും കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ഒരു നിശബ്ദ കാഴ്ചക്കാരനെപ്പോലെ നില്‍ക്കുന്നു. മമത തന്നെയാണ് ജനങ്ങളെ അക്രമത്തിനായി പ്രേരിപ്പിക്കുന്നതെന്നും സിന്‍ഹ വിമര്‍ശിച്ചു. ബംഗാളിലെ സമാധാനം കാംക്ഷിക്കുന്ന മുസ്ലീം ജനതയല്ല, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ് അക്രമസംഭവങ്ങള്‍ക്കു പിന്നില്‍. തങ്ങളുടെ പേര് കലാപകാരികള്‍ കളങ്കപ്പെടുത്താതിരിക്കാന്‍ ബംഗാളിലെ മുസ്ലീം സമൂഹം ജാഗ്രത പാലിക്കണമെന്നും സിന്‍ഹ പറഞ്ഞു.

മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും രംഗത്തെത്തി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മമത തന്നെയാണ് പൊതുമുതല്‍ നശിപ്പിക്കുന്ന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചത്. ഇപ്പോള്‍ അതേ പ്രീണനനയം അവര്‍ക്ക് തിരിച്ചടിയായിരിക്കുന്നു. ബംഗാളിന്റെ അവസ്ഥ വളരെ അധികം അപകടകരമാവുകയാണ്. മമതയ്ക്ക് ഈ സാഹചര്യത്തിനു മേലുള്ള നിയന്ത്രണം നഷ്ടമായിരിക്കുന്നെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബംഗാളില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ഒഴിഞ്ഞ ട്രെയിനുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. ഹൗറ ജില്ലയിലെ സംക്രയില്‍ റെയില്‍വേ സ്റ്റേഷന്‍ സമുച്ചയത്തിന്റെ ഒരു ഭാഗത്തിനും തീവച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭകാരികള്‍ റോഡ് ഉപരോധിച്ചു. പോരദംഗ, ജംഗിപുര്‍, ഫറക്ക, ബൗറിയ, നല്‍പുര്‍ സ്റ്റേഷനുകള്‍, ഹൗറ ജില്ലയിലെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.