പ്രവര്‍ത്തകര്‍ സജീവം; മഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയിക്കും, രണ്ടാംഘട്ട ബൂത്ത് സമ്പര്‍ക്കം ഇന്ന് മുതൽ

Wednesday 9 October 2019 1:05 pm IST
"സംസ്ഥാന അധ്യക്ഷന്‍ സി.ഒ. മോഹന്‍ദാസ്, ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, മീഞ്ച പഞ്ചായത്ത് ബിജെപി പ്രസിഡണ്ട് ചന്ദ്രശേഖരകോടി എന്നിവര്‍"

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ വിജയപ്രതീക്ഷയുമായി ബിജെപി. 21 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ മണ്ഡലത്തില്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മൂന്ന് ഘട്ടം പൂര്‍ത്തിയാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാന്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ മീഞ്ച പഞ്ചായത്തില്‍ ബിജെപിക്ക് 6350 വോട്ടുകളാണ് ലഭിച്ചത്. നാളിതുവരെ കിട്ടിയതില്‍ ഏറ്റവും കൂടുതല്‍ വോട്ടാണിത്. പഞ്ചായത്തിന്റെ ഭരണം കോണ്‍ഗ്രസ്സിനാണെങ്കിലും നാല് അംഗങ്ങളുള്ള ബിജെപി പഞ്ചായത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവും ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമായി ചന്ദ്രശേഖര ഷെട്ടി, ജനറല്‍ സെക്രട്ടറി ചന്ദ്രഹാസ ഷെട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ മുക്കിലും മൂലയിലും പ്രവര്‍ത്തകര്‍ സമ്പര്‍ക്ക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. കൂടാതെ സംസ്ഥാന എസ്ടി മോര്‍ച്ച അധ്യക്ഷന്‍ മോഹന്‍ദാസ് വയനാട്, ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, മലപ്പുറം ജില്ലയിലെ യുവമോര്‍ച്ച നേതാവ് അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ െതരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നുണ്ട്. 

ഇക്കുറി 8000ത്തിലേറെ വോട്ടുകള്‍ മീഞ്ച പഞ്ചായത്തില്‍ ബിജെപി നേടിയെടുക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. ആദ്യഘട്ട ബൂത്ത് സമ്പര്‍ക്കം പൂര്‍ത്തിയാക്കി. രണ്ടാംഘട്ട ബൂത്ത് സമ്പര്‍ക്കം ഇന്ന് ആരംഭിക്കും. നാളെ സ്ഥാനാര്‍ത്ഥിയുടെ പര്യടനം നടക്കും. സ്ഥാനാര്‍ത്ഥി പഞ്ചായത്തിലെ വിവിധ കോളനികളിലും കോര്‍ണര്‍ മീറ്റിങ്ങുകളിലും പങ്കെടുക്കും. 17 ന് വൈകുന്നേരം 4 ന് പഞ്ചായത്ത് കേന്ദ്രമായ മീയപ്പദവ് ജംഗ്ഷനില്‍ തെരഞ്ഞെടുപ്പ് പൊതുയോഗം നടക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി  നേതാവ് കെ. സുരേന്ദ്രന്‍ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടത് പ്രവര്‍ത്തകരില്‍ നിരാശക്ക് കാരണമായിരുന്നു. ഇക്കുറി ഇതിന് പരിഹാരം കണ്ടെത്തുമെന്ന വാശിയോടെയാണ് മീഞ്ച പഞ്ചായത്തിലെ ബിജെപി പ്രവര്‍ത്തകര്‍. ഇതിനായി കുറ്റമറ്റ രീതിയിലുളള ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പഞ്ചായത്തിലെ വിവിധ ശക്തികേന്ദ്രകളുടെ സംയോജകരായി കൗശിക്, നജേഷ്, നിഷാന്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആശാലത എന്നിവര്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപി മേഖലാ-സംസ്ഥാന-ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.