ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയോട്

Thursday 5 December 2019 5:58 am IST

മുംബൈ: കഴിഞ്ഞ സീസണിലെ പോലെ ഇഞ്ചുറി സമയത്ത് ഗോള്‍ വഴങ്ങുന്നത് പതിവാക്കിയ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളിക്കളത്തില്‍. മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. പോയിന്റ് നിലയില്‍ ഏഴും എട്ടും സ്ഥാനത്താണ് മുംബൈ സിറ്റിയും ബ്ലാസ്‌റ്റേഴ്‌സും. മുംബൈക്ക് ആറ് പോയിന്റും ബ്ലാസ്‌റ്റേഴ്‌സിന് അഞ്ച് പോയിന്റുമാണുള്ളത്. ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഈ സീസണില്‍ ഇരു ടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ സിറ്റി എഫ്‌സി 1-0ന് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു. ആ പരാജയത്തിന് പകരം വീട്ടുക എന്നതാണ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പത്തുപേരുമായി കളിച്ച എഫ്‌സി ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ചിരുന്നു. ഈ മത്സരത്തില്‍ പരിക്ക് സമയത്തിന്റെ അഞ്ചാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ വഴങ്ങിയത്. എങ്കിലും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് എല്‍കോ ഷട്ടോരി ഇന്ന് ജയിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ പ്രതിരോധത്തില്‍ കാണിക്കുന്ന അലംഭാവം മാറ്റിവച്ചില്ലെങ്കില്‍ ഇന്നും ഏറെ പ്രതീക്ഷയൊന്നും വേണ്ടിവരില്ല. പ്രതിരോധത്തിലെ പാളിച്ചകളാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഏറെ ബ ുദ്ധിമുട്ടിക്കുന്നത്. ജിങ്കന്റെയും ജെയ്‌റോയുടെയും അഭാവം ടീമിനെ ശരിക്കും കഷ്ടത്തിലാക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇടംനേടിയ മാസിഡോണിയന്‍ താരം വഌറ്റ്‌കോ ഡ്രോബറോവ് മികച്ച പ്രകടനം നടത്തിയിരുന്നു. അതേസമയം, സുവര്‍ലോണിന്റെയും മധ്യനിരയില്‍ മരിയോ ആര്‍ക്കെസിന്റെയും മുഹമ്മദ് നിങ്ങിന്റെയും അഭാവം കഴിഞ്ഞ കളികളിലെന്നപോലെ ഇന്നും തിരിച്ചടിയായേക്കും.

കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഇന്നും 4-4-2 ശൈലിയിലായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുക. മുന്നേറ്റത്തില്‍ ഒഗ്‌ബെച്ചെക്കൊപ്പം മെസ്സി ബൗളി എത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ ആദ്യ മത്സരത്തിനുശേഷം നായകന്‍ ഒഗ്ബെച്ചെക്ക് ഗോള്‍ കണ്ടെത്താനായില്ല. ഗോവയ്‌ക്കെതിരെയും സുവര്‍ണാസരം ഒഗ്‌ബെച്ചെ നഷ്ടപ്പെടുത്തിയിരുന്നു. അതേസമയം ഗോവക്കെതിരെ ഗോള്‍ കണ്ടെത്തിയ മെസ്സി ബൗളി മികച്ച ഫോമിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മധ്യനിരയില്‍ സിഡോഞ്ചയും മികച്ച ഫോമിലാണ്. കഴിഞ്ഞ കളിയില്‍ 61-ാം സെക്കന്‍ഡില്‍ ഗോളടിച്ച സിഡോഞ്ച നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒഗ്‌ബെച്ചെയടക്കമുള്ളവര്‍ തുലച്ചുകളഞ്ഞതാണ് ഉറപ്പിച്ച വിജയം ബ്ലാസ്‌റ്റേഴ്‌സില്‍നിന്ന് തട്ടിയകറ്റിയത്.

വിങ്ങുകളില്‍ സഹലും പ്രശാന്തും അപകടകാരികളാണ്. സിഡോഞ്ചോയ്‌ക്കൊപ്പം സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി കളിക്കുന്ന ജീക്‌സണ്‍ സിങ്ങും നല്ല പ്രകടനം നടത്തിയിരുന്നു. ഗോള്‍വലയ്ക്ക് മുന്നില്‍ ടി.പി.രഹ്‌നേഷ്‌സും എത്തും. എന്നാല്‍ ഗോളടിക്കുകയും ലീഡ് നിലനിര്‍ത്തുകയും ചെയ്താലേ കളിയില്‍ ജയിക്കൂ എന്ന മനോഭാവമാണ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളില്‍ ആദ്യം ഉണ്ടാവേണ്ടത്. പ്രത്യേകിച്ച് കൡയുടെ അവസാന മിനിറ്റുകളില്‍ കാണിക്കുന്ന അലംഭാവം മാറ്റണം. ഈ കുറവുകള്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്നും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാകും ഫലം.

ബ്ലാസ്‌റ്റേഴ്‌സിന്റേതിന് ഏറെക്കുറെ സമാനമാണ് മുംബൈ സിറ്റിയുടെയും അവസ്ഥ. ആദ്യ മത്സരത്തില്‍ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം മുംബൈക്കുണ്ട്. പിന്നീട് മുംബൈക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം കളിയില്‍ ചെന്നൈയിന്‍ എഫ്‌സിയെ എവേ മത്സരത്തില്‍ സമനിലയില്‍ പിടിച്ചു. പിന്നീടുള്ള കളികളില്‍ ഒഡീഷ എഫ്‌സിയോടും എഫ്‌സി ഗോവയോടും 4-2ന് തോറ്റു. രണ്ടുതോല്‍വിയും ഹോം മത്സരത്തിലായിരുന്നു. അതിനുശേഷം നടന്ന രണ്ട് കളികളും സമനിലയില്‍ പിരിഞ്ഞു. 

എവേ മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റിനോടും എടികെയോടും 2-2നായിരുന്നു സമനില. മൂന്ന് ഗോളുകള്‍ നേടിയ അമിനെ ചെര്‍മിറ്റിയുടെ ഫോമിലാണ് മുംബൈ സിറ്റിയുടെ പ്രതീക്ഷ. 4-3-3 ശൈലിയിലായിരിക്കും മുംബൈ സിറ്റി ഇറങ്ങുക. ഡീഗോ കാര്‍ലോസ്, മൊഡു സൗഗു, ചെര്‍മിറ്റി എന്നിവര്‍ മുന്നേറ്റത്തില്‍ ഇറങ്ങുമ്പോള്‍ ഇവരെ പിടിച്ചുകെട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം മുഴുവന്‍ കഴിവും പുറത്തെടുക്കേണ്ടിവരും. 

ഇന്ന് ആര് ജയിച്ചാലും അവര്‍ക്ക് പോയിന്റ് പട്ടികയില്‍ മുന്നേറ്റമുണ്ടാകും. ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചാല്‍ എട്ട് പോയിന്റുമായി ആറാം സ്ഥാനത്തേക്കുയരും. മറിച്ച് ജയം മുംബൈയ്‌ക്കൊപ്പമാണെങ്കില്‍  അവരും 9 പോയിന്റുമായി ആറാം സ്ഥാനത്തെത്തും. ഇരു ടീമുകള്‍ക്കും ഈ സീസണില്‍ നോക്കൗട്ട് സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമായതിനാല്‍ പോരാട്ടം കനക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.