'ബ്രണ്ണന്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ കാണിച്ചത് ഗുണ്ടാപ്പണി; രാഷ്ട്രീയമുണ്ടെങ്കില്‍ അത് കോളേജില്‍ വേണ്ട; ജോലി രാജിവെച്ച് ലോക്കല്‍ സെക്രട്ടറിയാവൂ; അപ്പോള്‍ മറുപടി നല്‍കാമെന്ന് ബിജെപി

Thursday 18 July 2019 2:18 pm IST

തിരുവനന്തപുരം: ആവശ്യത്തിനു ഗുണ്ടകള്‍ സംഘടനയില്‍ തന്നെയുണ്ടെങ്കിലും എസ്.എഫ്.ഐയുടെ ഗുണ്ടാപ്പണിയെടുക്കാന്‍ പ്രിന്‍സിപ്പാള്‍ തന്നെ തയ്യാറായതില്‍ വലിയ അത്ഭുതമില്ലെന്ന് ബി.ജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. എസ്.എഫ്.ഐയുടെ എല്ലാ ഗുണ്ടായിസത്തിനും സിപിഎമ്മിന്റെ അദ്ധ്യാപക യൂണിയനാണ് പിന്തുണ കൊടുക്കുന്നതെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എതിര്‍ സംഘടനയിലെ വിദ്യാര്‍ത്ഥികളോട് വിവേചനം കാട്ടാനും ദ്രോഹിക്കാനും ഇത്തരം അദ്ധ്യാപകര്‍ ശ്രമിക്കുമെന്നതിലും സംശയമില്ലന്നും അദേഹം വ്യക്തമാക്കി. 

ബ്രണ്ണന്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ഇന്നലെ കാണിച്ചത് ഗുണ്ടകളുടെ പണിയാണ്. ഒന്നുകില്‍ കോളേജില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയുടേയും കൊടികള്‍ പാടില്ല. അങ്ങനെയെങ്കില്‍ ആ ചെയ്തതില്‍ ന്യായമുണ്ടായിരുന്നു. എന്നാല്‍ എസ്.എഫ്.ഐയുടെ കൊടിതോരണങ്ങളുടെ ഇടയിലൂടെയാണ് പ്രിന്‍സിപ്പാള്‍ എബിവിപിയുടെ കൊടിമരമെടുത്തത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.ഏകാധിപത്യത്തിന് പാദ സേവ ചെയ്യലാണ്. പ്രിന്‍സിപ്പാളിന് രാഷ്ട്രീയമുണ്ടെങ്കില്‍ അത് കോളേജില്‍ കാണിക്കേണ്ട. അങ്ങനെ കാണിക്കണമെന്നുണ്ടെങ്കില്‍ പ്രിന്‍സിപ്പാള്‍ ജോലി രാജിവെച്ച് ലോക്കല്‍ സെക്രട്ടറിയാവുകയാണ് വേണ്ടത്.

അപ്പോള്‍ മറുപടി രാഷ്ട്രീയമായി തന്നെ തരാന്‍ മറ്റു സംഘടനകള്‍ക്ക് അവസരമുണ്ടാവുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു. പണ്ട് നിഷ്പക്ഷത ചമഞ്ഞ് സിപിഎം - എസ്എഫ്ഐ ഗുണ്ടകള്‍ക്ക് രഹസ്യമായി ചൂട്ടുപിടിച്ചിരുന്ന സിഐടിയു അധ്യാപകര്‍ ഇന്ന് പരസ്യമായി കൊടിയെടുക്കാന്‍ ഇറങ്ങുന്നത് ഒരു കണക്കില്‍ നല്ലതിനാണ് .ഇരുമ്പുമറയില്‍ ഒളിച്ചുവച്ചിരുന്ന ഏകാധിപത്യ സ്റ്റാലിനിസ്റ്റ് ദംഷ്ട്രകളെപ്പറ്റി ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയെങ്കിലും ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ അതുകൊണ്ട് കഴിയുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി. ആരാണ് ഫാസിസ്റ്റുകള്‍ എന്ന് അവര്‍ മനസിലാക്കുന്നുമുണ്ട്. ത്രിപുരയും ബംഗാളും പോലെ ഈ ഫാസിസത്തെ കേരളത്തിലെ ജനങ്ങളും തൂത്തെറിയും. അതിന് സംശയമില്ലന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.