ബ്രിട്ടനില്‍ മണി മുഴങ്ങുന്നു

Friday 31 January 2020 5:40 am IST
ബ്രിട്ടന്‍ ഇന്ന് യൂറോപ്യന്‍ യൂണിയന്‍ വിടും ഇന്ത്യക്കാര്‍ക്ക് അവിടെ ഇനി അവസരം കൂടും

മാറ്റത്തിന്റെ മണിമുഴക്കം തൊട്ടടുത്തെത്തിക്കഴിഞ്ഞു. ലണ്ടന്‍ സമയം ഇന്നു രാത്രി പതിനൊന്നു മണിക്കു ശേഷം യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ ഉണ്ടാവില്ല.  ബ്രെക്സിറ്റ് എന്ന വേര്‍പിരിയല്‍ ആ സമയത്തു പൂര്‍ത്തിയാകും. ഇന്ത്യയില്‍ അപ്പോള്‍ ശനിയാഴ്ച പുലര്‍ച്ചെ നാലരയായിട്ടുണ്ടാവും. യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനമായ ബ്രസ്സല്‍സില്‍ സമയം രാത്രി 12 മണിയായിരിക്കും.

 ലണ്ടനിലെ ബിഗ്ബെന്‍ എന്ന ഭീമാകാരമായ നാഴികമണി പക്ഷെ ശബ്ദിക്കില്ല. പകരം, നിശബ്ദമായി ആ മുഹൂര്‍ത്തത്തിനു സാക്ഷിയാകും. യന്ത്രത്തകരാര്‍ മൂലം ബിഗ്ബെന്‍ ഇപ്പോള്‍ നിശബ്ദമാണ്. താത്ക്കാലികമായെങ്കിലും അതൊന്നു ശരിയാക്കാന്‍ വേണ്ടിവരിക അഞ്ചു ലക്ഷം പൗണ്ട് ആണത്രെ. ഏതാണ്ട് നാലുകോടിയിലധികം രൂപ. ആ സാമ്പത്തിക ഭാരം ബ്രിട്ടന്‍ വേണ്ടെന്നു വച്ചു. പകരം,  രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമായ ലണ്ടന്‍ ഡൗണിങ് സ്ട്രീറ്റില്‍ സ്ഥാപിക്കുന്ന വലിയ ക്ളോക്കില്‍ നിമിഷങ്ങള്‍ എണ്ണിയെണ്ണിക്കുറയുന്ന കൗണ്ട് ഡൗണ്‍ നടക്കും. പതിനൊന്നു മണിക്ക്  പ്രധാനമന്ത്രിയുടെ വസതിയായ നമ്പര്‍ 10 അടക്കം സ്ട്രീറ്റില്‍ എല്ലായിടവും പ്രകാശപൂരിതമാകും. ബ്രിട്ടന്‍ യൂറോപ്പിലെ ഒറ്റത്തുരുത്താകും. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'വിവാഹ മോചനം' പൂര്‍ത്തിയാകും. പിന്നെ ബ്രിട്ടന്‍ വേറെ, യൂറോപ്പ് വേറെ. യൂറോപ്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്കു വിസപോലുമില്ലാതെ യൂറോപ്പിലെവിടെയും പോകാമെന്ന അവകാശം പിന്നെ ബ്രിട്ടനില്‍ നടക്കില്ല. ബോറിസ് ജോണ്‍സണ്‍ അങ്ങനെ വാക്കു പാലിച്ചു. ജനുവരി കടന്നു പോകും മുന്‍പ് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന്, തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട സംഭവബഹുലമായ ബ്രെക്സിറ്റ് പ്രക്രിയയുടെ ഫിനിഷിങ് പോയിന്റാണിത്. ബ്രിട്ടനെ എടുത്തു കുലുക്കിയ ആ കൊടുങ്കാറ്റില്‍ രണ്ടു പ്രധാനമന്ത്രിമാര്‍ വീണു. രാജ്യത്തിന്റെ ഭാവിതന്നെ ഇളകിയാടി. ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങള്‍ ആശങ്കയുടെ മുള്‍മുനയില്‍ നിന്നു. പക്ഷെ, ബോറിസ് ജോണ്‍സണ്‍ എന്ന പ്രധാനമന്ത്രി പിടിച്ചു നിന്നു. സത്യത്തില്‍ അതൊരു പിടിച്ചു നില്‍പ്പല്ല, ഉറച്ചു നില്‍പ്പായിരുന്നു. ആടിയുലഞ്ഞ കപ്പലിനെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ച് നങ്കൂരമിട്ടു. ബ്രെക്സിറ്റ് എന്നാല്‍ ബ്രെക്സിറ്റ് തന്നെ. അക്കാര്യത്തില്‍ പിന്നോട്ടില്ല എന്ന ജോണ്‍സന്റെ ദൃഢനിശ്ചയത്തിന് ബ്രിട്ടീഷ് ജനത, സമ്മതിദാനത്തിലൂടെ നല്‍കിയ പിന്തുണ അമ്പരപ്പിക്കുന്നതായിരുന്നു. ആ വിജയത്തില്‍ ഇന്ത്യയ്ക്കും നല്ലൊരു പങ്കുണ്ട് താനും. ഇന്ത്യയോടുള്ള ജോണ്‍സന്റെ സൗഹൃദ സമീപനത്തിനു കിട്ടിയ അംഗീകാരം കൂടിയായിരുന്നു തെരഞ്ഞെടുപ്പിലെ വന്‍ വിജയം. പ്രത്യേകിച്ചു കശ്മീര്‍ വിഷയത്തില്‍. ജനത്തിന്റെ മനസ്സറിഞ്ഞ ജോണ്‍സണ്‍ അത് ആവുന്നത്ര മുതലാക്കുകയും ചെയ്തു. ഇന്ത്യയോടുള്ള അടുപ്പം പ്രകടമാക്കാന്‍ ലണ്ടനിലെ ക്ഷേത്രം സന്ദര്‍ശിച്ച ബോറിസ് ജോണ്‍സണും കാമുകിയും അവിടത്തെ ആചാരപ്രകാരമുള്ള വഴിപാടുകള്‍ നടത്തി. കാമുകി ഇന്ത്യന്‍ ശൈലിയില്‍ സാരിയുടുത്താണ് ക്ഷേത്രത്തിലെത്തിയത്. നവഭാരത നിര്‍മാണത്തിന് പ്രധാനമന്ത്രി മോദിയുമായി കൈകോര്‍ക്കുമെന്നു ജോണ്‍സണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.

 ലോകത്ത് ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായിരുന്നു, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ ബോറിസ് ജോണ്‍സണെ വീണ്ടും കിരീടമണിയിച്ച ബ്രിട്ടനിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്. ബ്രെക്സിറ്റ് പ്രശ്നം മുന്‍നിര്‍ത്തി, പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് തയാറായ ജോണ്‍സന്റെ തീരുമാനത്തെ വിമര്‍ശിക്കാത്ത ആരുമുണ്ടായിരുന്നില്ല. എന്നാല്‍, മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ അംഗബലത്തോടെ ജോണ്‍സണ്‍ അധികാരത്തിലെത്തി. 1987ല്‍ ഏറ്റവും വലിയ ഭൂരിപക്ഷം നേടി മാര്‍ഗ്രറ്റ് താച്ചര്‍ മൂന്നാമതും പ്രധാനമന്ത്രിയായതായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എക്കാലത്തെയും മികച്ച വിജയം. ബോറിസ് അത് തിരുത്തി. അതിനു സമാനമായ വിജയമാണ് ബോറിസ് സ്വന്തമാക്കിയിരിക്കുന്നത്. അത് വെറും വിജയമല്ല. ബ്രെക്‌സിറ്റ് എന്ന വാഗ്ദാനം കൊണ്ട് നേടിയ വിജയമെന്ന് നിസംശയം പറയാം. ഒപ്പം ലേബര്‍ പാര്‍ട്ടിയുടെ തകര്‍ച്ചയും.

ബ്രെക്‌സിറ്റില്‍ കുടുങ്ങി പ്രധാനമന്ത്രി പദം നഷ്ടമായ നേതാക്കന്മാരുടെ കഥയായിരുന്നു അതുവരെ ബ്രിട്ടന് പറയാനുണ്ടായിരുന്നത്. 650 അംഗ ബ്രിട്ടീഷ് പാര്‍ലമെന്റിലെ 365 സീറ്റും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ 47 സീറ്റ് കൂടുതല്‍.  ബ്രെക്‌സിറ്റല്ല ഏത് വിഷയത്തിലും തീരുമാനമെടുക്കാന്‍ ബോറിസിന് തടസ്സങ്ങളില്ലെന്നു ജനം വിധി പറഞ്ഞു.

പണക്കാരുടേയും പ്രമാണികളുടെയും പാര്‍ട്ടിയെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ പാവപ്പെട്ടവരും ഇടത്തരക്കാരും തൊഴിലാളി വര്‍ഗവും ലേബര്‍ പാര്‍ട്ടിക്കൊപ്പമായിരുന്നു. ഇത്തവണ പക്ഷേ ലേബര്‍ പാര്‍ട്ടിയുടെ പല കുത്തക പ്രദേശങ്ങളിലും കണ്‍സര്‍വേറ്റീവുകാര്‍ കയറി മേഞ്ഞു. എങ്ങനെയായാലും ബ്രെക്ഓസിറ്റ് നടപ്പാക്കുമെന്ന് ജോണ്‍സണ്‍ വാഗ്ദാനം നല്‍കിയപ്പോള്‍ ഇക്കാര്യത്തില്‍ രണ്ടാമതൊരു ഹിത പരിശോധനയെന്നാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ പറഞ്ഞത്. ഇത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ഒപ്പം ജെര്‍മി കോര്‍ബിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യത്തിനും. ഇനിയൊരു പൊതുതെരഞ്ഞെടുപ്പിനെ നയിക്കാനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.

ലേബര്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം അവിടത്തെ ഹിന്ദുവോട്ടുകള്‍ കുറഞ്ഞതാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. കശ്മീര്‍ വിഷയത്തില്‍ ജെര്‍മി കോര്‍ബിനെടുത്ത നിലാപാടാണ് ഇതിന് വഴിതെളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടി ഇടപെടുമെന്നും പ്രധാന വിഷയങ്ങളുടെ കൂട്ടത്തില്‍ കശ്മീരിനെ ഉള്‍പ്പെടുത്തുമെന്നും കോര്‍ബിന്‍ പറഞ്ഞു. കൂടാതെ കശ്മീരിലെ പീഡനങ്ങളില്‍ ഇന്ത്യയ്ക്കെതിരെ കോര്‍ബിന്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ കോര്‍ബിന് ആശംസയര്‍പ്പിച്ച പാക് നടപടിയും തോല്‍വിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.

ബ്രിട്ടനിലെ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്നവരാണ്. യൂറോപ്യന്‍ യൂണിയനില്‍ നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യം, അതായത് യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇവിടങ്ങളിലെല്ലാം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, ഇന്ത്യക്കാരുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്നായിരുന്നു വിലയിരുത്തല്‍.  ഇനി അത് മാറും. യുകെയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഏകദേശം പതിനഞ്ച് ലക്ഷം ഇന്ത്യക്കാരാണ് ഇവിടെ താമസിക്കുന്നത്. ഇന്ത്യയുമായി തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നേരത്തെ തന്നെ ജോണ്‍സണ്‍  പറഞ്ഞിട്ടുണ്ട്. ബോറിസും മോദിയും തമ്മിലുള്ള സൗഹൃദവും രാജ്യത്തിന്റെ പ്രതീക്ഷകളുണര്‍ത്തുന്നു. ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അടക്കം വൈദഗ്ധ്യം നേടിയവര്‍ക്കു വിസ അനുവദിക്കുന്നതില്‍ ഇളവുകളും വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസത്തിനിടെ ഒട്ടേറെ ഡോക്ടര്‍മാരും നഴ്‌സുമാരും ഇന്ത്യയില്‍ നിന്ന് യുകെയിലെത്തിയിട്ടുമുണ്ട്.

യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്കും മറ്റ് രാജ്യങ്ങള്‍ക്കും തുല്യ പോയിന്റ് അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ പദ്ധതി കൊണ്ടുവരും, ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ 50,000 നഴ്‌സുമാരെ നിയമിക്കും എന്നിവ ജോണ്‍സന്റെ വാഗ്ദാനങ്ങളായിരുന്നു. ഇവ നിറവേറിയാല്‍ ഇന്ത്യക്കാര്‍ക്കുമുണ്ട് ഗുണം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ മികച്ച രീതിയില്‍ സംഭാവനകള്‍ ചെയ്യാന്‍ കഴിവുള്ള പ്രതിഭാശാലികള്‍ക്ക് ബ്രിട്ടനിലേക്ക് കുടിയേറാന്‍ അവസരം ലഭിക്കുന്നതാണ് തുല്യ പോയിന്റ് അടിസ്ഥാനത്തിലുള്ള ഇമിഗ്രേഷന്‍ പദ്ധതി. ഇത് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നതില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.