ബാലാക്കോട്ടിലെ തിരിച്ചടിക്ക് ശേഷം ഒരു പാക് യുദ്ധവിമാനംപോലും അതിര്‍ത്തി കടന്നിട്ടില്ല; ഭീകര ക്യാമ്പുകള്‍ ആക്രമിക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം; അതില്‍ പൂര്‍ണമായി വിജയിച്ചുവെന്ന് വ്യോമസേനാ മേധാവി

Monday 24 June 2019 6:12 pm IST

ഗ്വാളിയോര്‍: ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയ്ക്ക് ശേഷം പാക്കിസ്ഥാന്റെ ഒരു യുദ്ധവിമാനവും അതിര്‍ത്തി കടക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ. ഗ്വാളിയോറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ ആക്രമിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ വ്യോമസേന അതില്‍ വിജയിച്ചു. എന്നാല്‍ തിരിച്ചടിക്ക് ശ്രമിക്കാന്‍പോലും പാക്കിസ്ഥാന് കഴിഞ്ഞില്ല. ലക്ഷ്യം നേടുന്നതില്‍ ഇന്ത്യന്‍ വ്യോമസേന വിജയിച്ചു. പാകിസ്താന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ അവരുടെ വ്യോമപാത അടച്ചപ്പോള്‍ അത് അവര്‍ക്ക് തന്നെ പ്രശ്‌നമായി മാറി. നമ്മുടെ യാത്രാ വിമാനങ്ങള്‍  തടഞ്ഞിട്ടില്ല, തടയില്ല. നമ്മുടെ സമ്പദ് വ്യവസ്ഥ വളരെ സജീവമാണ്. വ്യോമഗതാഗതവും സുപ്രധാനവുമാണ്, അദ്ദേഹംപറഞ്ഞു.

ബലാക്കോട്ടെ ഇന്ത്യന്‍ തിരിച്ചടിക്കുശേഷം പാക്കിസ്ഥാന്‍ അവരുടെ ആകാശത്ത് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് ഈ മാസം 28 വരെ നീട്ടി. ഇന്ത്യയുമായി അതിര്‍ത്ത പങ്കിടുന്ന പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ മുഴുവന്‍ വ്യോമഗതാഗതവും അവര്‍ വേണ്ടെന്നുവച്ചു. ഇതേപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനോവ. 

ഫെബ്രുവരി 27ന് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് യാത്രാ വിമാനങ്ങള്‍ വിലക്കിയത്. പാക്കിസ്ഥാനുമായി സംഘര്‍ഷമുണ്ടെന്നു പറഞ്ഞ് യാത്രാ വിമാനങ്ങള്‍ വിലക്കാന്‍ തയാറല്ല. ഞങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് വിഘാതമാകുന്ന ഒന്നും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.