ബജറ്റ്; ഉപഭോഗവും നിക്ഷേപവും ത്വരിതപ്പെടുത്തും

Monday 3 February 2020 5:00 am IST
ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി നിര്‍മല സീതാരാമന്‍ നെറ്റ്‌വര്‍ക്ക് 18 ന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

സാമ്പത്തികരംഗത്ത് രാജ്യം ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്. ബജറ്റ് തയാറാക്കുമ്പോള്‍ പ്രധാന ചിന്തകള്‍ എന്തായിരുന്നു?

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഉള്ളവര്‍ ബജറ്റില്‍നിന്ന് എന്തെങ്കിലും അനുകൂല നടപടികള്‍ പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷ നിറവേറ്റുക എന്നതാണ് സര്‍ക്കാരിന്റെ ദൗത്യം. ഉപഭോഗം ഉയര്‍ത്തുക, പുതിയ സംരംഭങ്ങള്‍ക്കായി മുതല്‍മുടക്കുക, അതിലൂടെ ആസ്തികള്‍  

സൃഷ്ടിക്കുക. ഇക്കാര്യങ്ങള്‍ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കിയത്. സ്വകാര്യ നിക്ഷേപങ്ങള്‍ കുറഞ്ഞുനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ കുറക്കാനാവില്ല. അത് ഉയര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ജൂലൈക്ക് ശേഷം പൊതു മുതല്‍മുടക്ക് ഉയര്‍ന്നുവരികയാണ്. വിതരണ വശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം ഉപഭോഗവും, മുതല്‍മുടക്കും ഉയര്‍ത്തിക്കൊണ്ടുവരണം. എന്നാല്‍ മാത്രമേ 'ഡിമാന്‍ഡ്' (ആവശ്യം) വര്‍ധിക്കുകയുള്ളൂ.

ഈ രണ്ട് പ്രശ്‌നങ്ങളെ ബജറ്റ് എങ്ങനെ നേരിടുന്നു?

സ്വകാര്യ നിക്ഷേപം ഉയര്‍ത്താനായി, ഇതിനകം കമ്പനി നികുതി ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവന്നു. ഈ അനുകൂല സാഹചര്യത്തെ സ്വകാര്യ മേഖല ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം സര്‍ക്കാരും മുതല്‍മുടക്ക് വര്‍ധിപ്പിക്കുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 100 ദശലക്ഷം  കോടിയുടെ സംരംഭങ്ങള്‍ അഞ്ചുവര്‍ഷംകൊണ്ട് യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച കാര്യം ഓര്‍ക്കുക. സ്വകാര്യ മേഖലയുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും സഹകരണത്തോടെ 6500 പദ്ധതികള്‍ക്ക് രൂപം നല്‍കിവരികയാണ്. അടിസ്ഥാന സൗകര്യ മേഖലയിലെ വന്‍ കുതിപ്പ്, സിമന്റ്, ഉരുക്ക് വ്യവസായങ്ങള്‍ക്ക്  ഉത്തേജനം നല്‍കുന്നു. അതിലൂടെ തൊഴില്‍ സാധ്യതകളും മെച്ചപ്പെടും. ഈ മേഖലയില്‍ വന്‍തോതില്‍ മുതല്‍മുടക്കാന്‍ വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ഫണ്ടുകള്‍ തയാറായി നില്‍ക്കുകയാണ്. ഇതിനായി അവര്‍ക്ക് ബജറ്റില്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍നിന്നും കരകയറിക്കഴിഞ്ഞോ? ആഭ്യന്തര ഉല്‍പാദനം 6 മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ച നേടുമെന്ന് പറയുമ്പോള്‍ അത് എപ്പോള്‍ മുതല്‍ യാഥാര്‍ത്ഥ്യമാകും. ആദ്യപാദത്തിലോ രണ്ടാം പാദത്തിലോ?

കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റിനെത്തുടര്‍ന്ന് വ്യവസായലോകവും ചില അന്താരാഷ്ട്ര നിരീക്ഷകരും നിരാശയിലായിരുന്നു. ഇതിന് അവരെ കുറ്റപ്പെടുത്താനുമാവില്ല. എന്നാല്‍ ഇതൊക്കെ പഴയ കഥയാണ്. സ്ഥിതിഗതികള്‍ മാറുകയാണ്. സര്‍ക്കാര്‍ ഇതിനകം നടത്തിയ ഇടപെടലുകള്‍ അനുകൂല ഫലങ്ങള്‍ സൃഷ്ടിച്ചുതുടങ്ങി. വീണ്ടും സമ്പദ്‌വ്യവസ്ഥ ഊര്‍ജസ്വലമാവുകയാണ്.

എവിടെയാണ് പ്രതീക്ഷയുടെ നാമ്പുകള്‍. 6.5% വളര്‍ച്ച അസാധ്യമെന്ന് മുന്‍പ്രധാനമന്ത്രി പരിഹസിക്കുന്നു?

ബജറ്റിലെ ഓരോ സംഖ്യയും വെറുതെ തട്ടിക്കൂട്ടിയതല്ലെന്ന് നിങ്ങള്‍ക്ക് ബോധ്യമാവും.

ബജറ്റിലൂടെ ഗ്രാമീണ മേഖല വീണ്ടും സക്രിയമാവുമോ? ഇക്കാര്യത്തിലെ കൃത്യമായ പ്രതീക്ഷ എന്താണ്?

കാര്‍ഷിക മേഖലക്കും ഗ്രാമങ്ങളുടെ വികസനത്തിനുമായി ബജറ്റില്‍ മൂന്നു ലക്ഷം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 112 പിന്നാക്ക ജില്ലകളിലെ വികസന പദ്ധതികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. കര്‍ഷകരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ താലൂക്ക് തലത്തില്‍ നടപടികളുണ്ടാവും. ഇതിനായി മുദ്രാ ലോണ്‍ പദ്ധതികളും നബാര്‍ഡും രംഗത്തുണ്ടാവും.

ഓഹരി വിപണി അനുകൂലമായി പ്രതികരിച്ചിട്ടില്ല. സെന്‍സെക്‌സ് 1000 പോയിന്റും നിഫ്റ്റി 300 പോയിന്റും താഴേക്ക് പോയി. അടിസ്ഥാന സൗകര്യ മേഖലയിലും റിയല്‍ എസ്‌റ്റേറ്റ് രംഗത്തും ബാങ്കേതര ധനകാര്യങ്ങളുടെ കാര്യത്തിലും വന്‍ ഉത്തേജക നടപടികള്‍ അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ? ഈ ബജറ്റില്‍ അതിനുള്ള നടപടികളുണ്ടോ?

അഞ്ചുവര്‍ഷം കൊണ്ട് ഈ മേഖലയില്‍ 100 ലക്ഷം കോടി രൂപയുടെ മുതല്‍മുടക്കാണ് നടത്തുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണതോതില്‍ ആരംഭിച്ചു. അടിസ്ഥാന മേഖലയില്‍ വായ്പകള്‍ നല്‍കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്ക് ഇതിനകം 22,000 കോടി രൂപ കൈമാറിക്കഴിഞ്ഞു. ഓഹരി വിപണി ശനിയാഴ്ച പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ശരിയായി വിലയിരുത്തി വിപണി മുഴുവന്‍ ശേഷിയോടെ തിങ്കളാഴ്ച പ്രവര്‍ത്തിക്കുമ്പോള്‍ സൂചികകള്‍ തിരിച്ചുകയറും.

കടപ്പത്ര വിപണിയിലും അനുകൂല പ്രതികരണമുണ്ടാവുമോ?

തീര്‍ച്ചയായും.

വിദേശ നിക്ഷേപകരില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നു. വിദേശ രാജ്യങ്ങളുടെ ഫണ്ടുകള്‍ക്ക് അടിസ്ഥാന സൗകര്യ മേഖലയില്‍ നികുതി ഇളവുകളും അനുവദിച്ചു. വിദേശ നിക്ഷേപകര്‍ക്ക് കടപ്പത്ര വിപണിയിലെ പരിധിയും ഉയര്‍ത്തി. ഇതിന് പിന്നിലെ ചിന്ത എന്താണ്?

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇപ്പോള്‍തന്നെ വിദേശത്തുനിന്ന് നിക്ഷേപം സ്വീകരിക്കുന്നുണ്ട്. പലിശ നിരക്കിലെ ആനുകൂല്യമാണ് ഇതിനുള്ള പ്രേരണ. വിദേശവിപണിയിലെ പലിശ നിരക്ക് കുറവാണ്. ഈ സൗകര്യം ഉപയോഗിക്കാനാവാത്തവര്‍ക്ക് ആഭ്യന്തര വിപണി ഉപയോഗപ്പെടുത്താം. വിദേശ നിക്ഷേപം വരുമ്പോള്‍ പലിശ നിരക്ക് കുറയും.

അടിസ്ഥാന മേഖലയിലെ 100 ലക്ഷം കോടിയുടെ നിക്ഷേപവും പ്രധാനമന്ത്രിയുടെ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥ എന്ന സ്വപ്‌നവും യാഥാര്‍ത്ഥ്യമാവുമോ?

തീര്‍ച്ചയായും. ഒരു പദ്ധതിയും ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാവില്ല. ഘട്ടംഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് ഇത് യാഥാര്‍ത്ഥ്യമാവും.

ഈ ലക്ഷ്യത്തിലെത്താന്‍ വളര്‍ച്ചാനിരക്ക് ഇരട്ട സംഖ്യയിലെത്തേണ്ടതില്ലേ?

സമ്പദ് വ്യവസ്ഥക്ക് കൂടുതല്‍ ഉത്തേജനം നല്‍കാനുള്ള എല്ലാ ശ്രമവും നടത്തിവരികയാണ്.

ധനക്കമ്മി 3.8 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു. ഇത് അന്താരാഷ്ട്ര റേറ്റിംഗിനെ ദോഷകരമായി ബാധിക്കുമോ?

അങ്ങനെ പ്രതീക്ഷിക്കുന്നില്ല. ധനക്കമ്മിയുടെ കാര്യത്തിലും ബജറ്റ് മാനേജ്‌മെന്റ് ചട്ടങ്ങളുടെ കാര്യത്തിലും നമ്മള്‍ പരിധിക്കുള്ളില്‍നിന്നുകൊണ്ടാണ് തികഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നത്.

ബാങ്കേതര ധനകാര്യ മേഖല പ്രതിസന്ധിയിലാണ്. ഇതിനുള്ള പരിഹാരം എന്താണ്?

ബജറ്റിനു മുന്‍പുതന്നെ ഇതിനുള്ള നടപടികള്‍ കൈക്കൊണ്ടുതുടങ്ങി. റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ ഈ സ്ഥാപനങ്ങളുടെ ധനലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഓഹരി വിപണി മൂലധന നേട്ട നികുതിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമായില്ല. 

ഓഹരി വിപണിക്ക് ഉത്തേജനം നല്‍കുന്ന നടപടികള്‍ ഇനിയും സ്വീകരിക്കാമല്ലോ?

ഡിവിഡന്റ് നികുതി പിന്‍വലിച്ചല്ലോ.

ആദായനികുതിയിലെ പരിഷ്‌കാരങ്ങള്‍ മധ്യവര്‍ഗത്തെ സന്തോഷിപ്പിക്കുന്നു. എന്നാല്‍ ഒരു കൈകൊണ്ട് നല്‍കിയ ആനുകൂല്യങ്ങള്‍ മറുകൈകൊണ്ട് തിരിച്ചെടുക്കുന്നതായി നികുതി വിദഗ്ധര്‍ ആരോപിക്കുന്നു?

നികുതി പരിഷ്‌കാരങ്ങള്‍ക്കു ശേഷവും ചില ഇളവുകള്‍ തുടരുന്നുണ്ട്.

ആദായനികുതി ഘടനയിലെ പരിഷ്‌കാരങ്ങള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയല്ലേ?

അല്ല. നികുതി നിരക്കുകള്‍ കുറക്കുകയും നടപടികള്‍ ലളിതമാക്കുകയുമാണ് ലക്ഷ്യം. എളുപ്പത്തില്‍ നടപ്പിലാക്കാനും പിന്തുടരാനുമാവുന്ന നികുതി സംവിധാനമാണ് വേണ്ടത്. ഇപ്പോള്‍ ആദായനികുതിയില്‍ 120 ഇളവുകളാണുള്ളത്. ഇതില്‍ ഏതാണ് തെരഞ്ഞെടുക്കുക. നികുതിദായകനെ കുഴക്കുന്ന ചോദ്യമാണിത്.

നിങ്ങള്‍ക്ക് പണം, ശമ്പളമോ ലാഭമോ എങ്ങനെ വിനിയോഗിക്കണമെന്ന് പറഞ്ഞുകൊടുക്കണമോ. അത് ചെലവഴിക്കണമോ, സമ്പാദിക്കണമോ. സമ്പാദ്യത്തിനു പ്രോത്‌സാഹനം നല്‍കണമോ. ഇക്കാര്യത്തില്‍ നികുതിദായകന് സ്വന്തം തീരുമാനമെടുക്കാനാവില്ലേ.

നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുകൊടുക്കുമോ?

തീര്‍ച്ചയായും.  

സമ്പദ് നിരക്ക് മൂന്നു നാലു വര്‍ഷമായി കുറയുകയാണല്ലോ?

പണം എങ്ങനെ ചെലവഴിക്കണമെന്നോ, എവിടെ നിക്ഷേപിക്കണമെന്നോ തീരുമാനിക്കേണ്ടത് നികുതിദായകന്‍ തന്നെയാണ്. വികസിത രാജ്യങ്ങളിലെപ്പോലെ സമ്പാദ്യത്തിനുള്ള ഇളവുകള്‍ പിന്‍വലിക്കണം. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാകും. ഇപ്പോള്‍ അതിനുള്ള തുടക്കം കുറിച്ചിരിക്കുന്നു.

കൂടുതല്‍ ലളിതമായ നികുതി സംവിധാനത്തിലേക്ക് മാറുമോ?

ഇത് എല്ലാവര്‍ക്കും ഗുണംചെയ്യും. പുതിയ നികുതി ഘടന സ്വീകരിച്ചാല്‍ അത് കൂടുതല്‍ ഗുണകരമായിരിക്കുമെന്ന് വിശദീകരിച്ചിരുന്നുവല്ലോ. 15 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് കൂടുതലായി 78,000 രൂപയുടെ ആശ്വാസം ലഭിക്കും.

ഉയര്‍ന്ന സ്ലാബുകളിലേക്കും ഇത് വ്യാപിപ്പിക്കുമോ? 

കാഴ്ചപ്പാട് ഇത് തന്നെയായിരിക്കും. ആവശ്യമുള്ളവരിലേക്ക്, ചെലവഴിക്കാന്‍ താല്‍പ്പര്യമുള്ളവരിലേക്ക്, സമ്പാദിക്കുന്നവരിലേക്ക് പണമെത്തിക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ ഊഹാപോഹങ്ങള്‍ വേണ്ട.

എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കല്‍; ഓഹരി വില്‍പ്പനക്കാര്യത്തില്‍ ആവേശത്തിലാണോ. ഇക്കാര്യത്തില്‍ രണ്ട് ലക്ഷം കോടിയുടെ ലക്ഷ്യം നേടാനാവുമോ? എയര്‍ ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഹരി വില്‍പ്പനകള്‍ ഈ വര്‍ഷം യാഥാര്‍ത്ഥ്യമാവുമോ?

കഴിഞ്ഞ ജൂലൈ ബജറ്റില്‍ തന്നെ ഇതിനുള്ള നടപടികള്‍ തുടങ്ങി. മാര്‍ച്ചിന് മുമ്പ് ഇത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ്. അടുത്ത വര്‍ഷത്തെ ലക്ഷ്യങ്ങള്‍ നേടുമെന്നുതന്നെയാണ് പ്രതീക്ഷ.

ആദായനികുതി തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിനുള്ള 'വിവാദ് സേ വിശ്വാസ്' പദ്ധതിെയക്കുറിച്ചുള്ള പ്രതീക്ഷ എന്താണ്? പരോക്ഷനികുതി കാര്യത്തില്‍ ഈ പദ്ധതി വന്‍ വിജയമായിരുന്നു. നാലു മാസം കൊണ്ട് 40,000 കോടിയുടെ തര്‍ക്കങ്ങള്‍ പരിഹരിച്ചു. 

നികുതി തര്‍ക്കങ്ങളില്‍ നിയമ നടപടികൊണ്ട് ജനം പൊറുതി മുട്ടുകയാണ്. അവര്‍ ഇത്തരം ഒരു പദ്ധതി പ്രതീക്ഷിക്കുന്നു. മാര്‍ച്ചിന് മുമ്പ് തര്‍ക്കത്തിലുള്ള തുക നല്‍കിയാല്‍ പിഴയും പലിശയും പൂര്‍ണമായും ഒഴിവാക്കും. മാന്യമായ രീതിയില്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന്റെ പേരിലുള്ള ഉദ്യോഗസ്ഥ പീഡനങ്ങള്‍ അവസാനിപ്പിക്കണം. 650000 കോടി രൂപയാണ് തര്‍ക്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ശരിയാണ്, ഈ തര്‍ക്കംകൊണ്ട് സര്‍ക്കാരിനോ ജനങ്ങള്‍ക്കോ ഒരുനേട്ടവുമില്ല.

ഉദ്യോഗസ്ഥരുടെ അനേ്വഷണ സാഹസികതയെക്കുറിച്ച് അരുണ്‍ ജെറ്റ്‌ലി പറഞ്ഞിരുന്നു. നിങ്ങളും ഇക്കാര്യം ഇപ്പോള്‍ പറയുന്നു. നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തിന് അറുതി വരുത്തുമോ. എല്ലാ ദിവസവും റെയ്ഡുകള്‍ തുടരുന്നു? 

നികുതിദായകരെ വിശ്വസിക്കുന്ന ്രപമാണം നമ്മുടെ ചട്ടങ്ങളിലുണ്ട്. അത് നിയമമാക്കും. എന്നാല്‍ നിയമലംഘടകരെ വെറുതെ വിടാനോ അവരുടെ കാര്യത്തില്‍ കയ്യും കെട്ടി ഇരിക്കാനോ സാധ്യമല്ല.

പൗരത്വ ഭേദഗതിയുടെ പേരില്‍ വിദേശത്തും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അത് വിദേശ നിക്ഷേപത്തെ ബാധിക്കുമോ?

എനിക്കു തോന്നുന്നില്ല. കഴിഞ്ഞ രണ്ടു മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ നിക്ഷേപം ഉയരുകയാണെന്ന് ബോധ്യമാകും. വിദേശ സര്‍ക്കാരുകള്‍ നേരിട്ട് നടത്തുന്ന നിക്ഷേപ ഫണ്ടുകള്‍ കൂടുതലായി ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ ഒരുങ്ങിനില്‍ക്കുന്നു. അതിനാലാണ് ഇവര്‍ക്ക് ഇളവുകള്‍ അനുവദിച്ചത്. പൗരത്വ ഭേദഗതി ഞങ്ങള്‍ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യമാണ്. ഇതിനുള്ള അനുമതി ജനങ്ങള്‍ നല്‍കിയപ്പോള്‍ അത് നടപ്പാക്കി.

ഇറക്കുമതി ചെയ്യുന്ന പല ഉല്‍പ്പന്നങ്ങളുടെയും തീരുവ ഉയര്‍ത്തി. നോട്ടു നിരോധനത്തിനുശേഷം അസ്വസ്ഥരായ വോട്ടര്‍മാരെ പ്രീതിപ്പെടുത്താനാണോ ഇത്?

നോട്ടുനിരോധനവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ചെറുകിട ഉല്‍പാദകരെ രക്ഷിക്കാനാണ് ഈ നടപടി. വിലകുറഞ്ഞ വിദേശ ഉല്‍പ്പന്നങ്ങള്‍ ഇവിടെ തള്ളുകയാണ്. ഈ കടന്നുകയറ്റത്തില്‍ ഗുണനിലവാരമുണ്ടായിട്ടും ആഭ്യന്തര ഉല്‍പാദകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. ഇത് ഒഴിവാക്കാനാണ് ഇറക്കുമതി നിയന്ത്രണങ്ങള്‍.

ഇ- കൊമേഴ്‌സ് കമ്പനികളുടെ കാര്യത്തിലും ഇതുതന്നെയാണോ നിലപാട്?

ഉല്‍പാദകര്‍ മാത്രമല്ല, വ്യാപാരികളും ഇവര്‍മൂലം പ്രതിസന്ധിയിലാണ്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.