ഇംഗ്ലീഷ് നിഘണ്ടുവില്‍ Buffalo യുടെ അര്‍ത്ഥം എരുമ; ഏഷ്യാനെറ്റിനും മനോരമയ്ക്കും മാതൃഭൂമിക്കും മാത്രം പശു; ബീഹാറില്‍ നടന്ന എരുമ മോഷണക്കൊലപാതകത്തിന് 'നിറം' നല്‍കി വ്യാജവാര്‍ത്തയുമായി മലയാള മാധ്യമങ്ങള്‍

Sunday 21 July 2019 5:48 pm IST

ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊള്ളയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് വംശീയ ജാതി നിറം നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ മലയാള മാധ്യമങ്ങളുടെ ശ്രമം. കഴിഞ്ഞ ദിവസം ബീഹാറില്‍ പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മൂന്ന് പേരെ തല്ലിക്കൊന്നുവെന്നാണ് ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, പശുവിനെയല്ല എരുമയെ മോഷ്ടിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. തങ്ങളുടെ ഏക അത്താണിയായ എരുമയെ കടത്താന്‍ ശ്രമിച്ചവരെ വീട്ടുകാര്‍ തന്നെ പിടികൂടുകയായിരുന്നു. മോഷ്ടാക്കള്‍ ചെറുത്തു നിന്നതോടെയാണ് സംഘര്‍ഷം ഉണ്ടായത്. 

 

ബീഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. മോഷ്ടാക്കളും വീട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരണപ്പെട്ടത്. ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, മലയാളത്തില്‍ എത്തിയപ്പോള്‍ എരുമയെ പശുവാക്കി രൂപാന്തരപ്പെടുത്തി വ്യാജവാര്‍ത്ത സൃഷ്ടിക്കുകയാണ് ഉണ്ടായത്. 

എരുമയെ മോഷ്ടിക്കുന്നതിനിടെ പിടികൂടിയ നൗഷാദ് ഖുറേഷി, രാജുനാഥ്, ബിദേസ് നാഥ് എന്നിവരാണ് മര്‍ദ്ദനത്തില്‍ മരണപ്പെട്ടത്. സംഭവത്തില്‍ മൂന്നു പേരെ ചോദ്യം ചെയ്യലിനായി കസ്റ്റ്ഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് ഹര്‍ കിഷോര്‍ റായ് വ്യക്തമാക്കി. അക്രമികളും മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങളും തമ്മില്‍ പിന്നീടും ഏറ്റുമുട്ടലുണ്ടായെന്ന് പോലീസ് പറഞ്ഞു. മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയവരെ അകാരണമായി മർദ്ദിക്കുകയായിരുന്നു എന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പരാതിപ്പെട്ടിരിക്കുന്നത്. പശുവാണ് കാരണം എന്ന് സംഭവവുമായി ബന്ധപ്പെട്ട ആരും പറഞ്ഞിട്ടില്ല. 'ഇത് പൊതുവേ കേൾക്കാറുള്ള മാതിരിയുള്ള ഒരു ആൾക്കൂട്ട ആക്രമണമല്ല എന്ന് ഉറപ്പിച്ചുതന്നെ പറയാൻ കഴിയും. ആക്രമിച്ചവരും ആക്രമിക്കപ്പെട്ടവരും ഒരേ സമുദായഘടനയിൽ ഉള്ളവരാണ്' പോലീസ് മേധാവി വ്യക്തമാക്കി. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.