വിരണ്ടോടിയ പോത്ത് എത്തിയത് സര്‍ക്കാര്‍ ആശുപത്രിയിലും പോലീസ് സ്‌റ്റേഷനിലും; മണിക്കൂറുകള്‍ നീണ്ട ജെല്ലികെട്ടിനൊടുവില്‍ തളച്ചു; പോത്തിനെ ഏറ്റെടുക്കാന്‍ ഉടമകള്‍ ഇല്ല

Wednesday 13 November 2019 9:46 pm IST

അരൂര്‍: വിരണ്ടോടിയ പോത്ത് നാട്ടില്‍ പരിഭ്രാന്തി പരത്തി. പിന്നീട് അരൂര്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പോത്തിനെ തളച്ചു. അരൂര്‍ ബൈപ്പാസ് കവലയില്‍ നിന്ന്  ഓടിയ പോത്ത് മൂന്ന് കിലോമീറ്റര്‍ ദേശീയപാതയിലൂടെ ഓടി പോലീസ് സ്റ്റേഷന്‍ വളപ്പിലെത്തിയതോടെയാണ് തളച്ചത്. പോത്ത് ദേശീയപാതയിലൂടെ ഓടിയത് ഏറെ തിരക്കുള്ള രാവിലെ ഒന്‍പതിനായിരുന്നു. റോഡിലൂടെ തലങ്ങും വിലങ്ങും വണ്ടികള്‍ ഉണ്ടായിരുന്നുവെങ്കിലും അപകടങ്ങള്‍ സംഭവിച്ചില്ല. ആദ്യം പോലീസ് സ്റ്റേഷന്‍ പരിസരത്തും അതിനു ശേഷം പിന്‍ഭാഗത്തുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും പോത്ത് എത്തി. ആശുപത്രിയുടെ ഗേറ്റ് പോലീസ് പൂട്ടുകയും വാതിലുകള്‍ അടക്കുകയും ചെയ്തതോടെ പോത്ത് ആശുപത്രി കോമ്പൗണ്ടില്‍ കുടുങ്ങി.

അരൂര്‍ ഫയര്‍‌സ്റ്റേഷനില്‍ നിന്ന് എത്തിയ സ്റ്റേഷന്‍ ഓഫീസര്‍ പി.വി. പ്രേംനാഥിന്റെയും ലീഡിങ് ഫയര്‍മാന്‍ ടി.എം.പവിത്രന്റെയും നേതൃത്വത്തില്‍ പേലീസിന്റെയും,  നാട്ടുകാരുടെയും സഹായത്തോടെ പോലീസ് സ്റ്റേഷന്‍  പരിസരത്ത് തളച്ചു. തമിഴ്‌നാട്ടില്‍ നിന്ന് അറുക്കുന്നതിനായി ലോറിയില്‍ കൊണ്ടു പോയ പോത്ത് കയറ് പൊട്ടിച്ച് ലോറിയില്‍ നിന്ന് ചാടിയതാകാമെന്ന് കരുതുന്നു. 

പോലീസ് സ്റ്റേഷന്റെ പിന്‍ഭാഗത്ത് കെട്ടിയിട്ടിരിക്കുകയാണ് പോത്തിനെ. ഉടമകള്‍ ആരും എത്തിയിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കൊണ്ടുവരുന്ന മ്യഗങ്ങളെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് കേരളത്തിലെത്തുന്നത്. ഇതിനു മുന്‍പുംഇതുപോലെ ലോറിയില്‍ നിന്ന് ചാടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.