പൗരത്വ ഭേദഗതി നിയമം: ഇരട്ടത്താപ്പ് കോണ്‍ഗ്രസ് മുതല്‍ സിപിഎം വരെ

Monday 23 December 2019 1:27 pm IST

പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരെന്ന് കോണ്‍ഗ്രസ്. നടപ്പാക്കില്ലെന്ന് സിപിഎം. രാജ്യത്തെ വിഭജിക്കാനെന്ന് മമത. ആക്രോശങ്ങളാണ് എങ്ങും. മുസ്ലിം തീവ്രവാദികള്‍ അടിച്ചോടിച്ചവരെ ഇവിടെയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന വെല്ലുവിളി. ഇവരൊക്കെച്ചേര്‍ന്ന് രാജ്യം കത്തിച്ചപ്പോള്‍ നഷ്ടപ്പെട്ടത് 17 ജീവനുകള്‍. വര്‍ഗ്ഗീയ വിഷപ്പുക പടര്‍ത്തി രാഷ്ട്രീയ വിളവെടുപ്പ് നടത്താനിറങ്ങിയവര്‍ മുന്‍പ് പറഞ്ഞതെന്തെന്നറിയുമോ? തെരുവിലെ ആള്‍ക്കൂട്ടത്തിനനുസരിച്ച് നിലപാട് മാറ്റുന്ന ആ ഇരട്ടത്താപ്പിലേക്ക്...

കത്തയച്ച കാരാട്ട് മിണ്ടുന്നില്ല

കലാപത്തീ ആളിക്കത്തിച്ച സിപിഎം, ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടവരാണ്. ഇതിനായി നിയമ ഭേദഗതി വരുത്തണമെന്ന് ചൂണ്ടിക്കാട്ടി 2012 മെയ് 22ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് കത്തയച്ചത് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന സാക്ഷാല്‍ പ്രകാശ് കാരാട്ടും. ഇന്ന് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുമ്പോള്‍ യെച്ചൂരി ജനറല്‍ സെക്രട്ടറിയായതും ലോക്‌സഭാ എംപിമാരുടെ എണ്ണം 16ല്‍നിന്നും മൂന്നായി കുറഞ്ഞതുമാണ് വ്യത്യാസം. 

ബംഗാളി അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കാരാട്ട് കത്തയച്ചത്. സാമ്പത്തിക കാര്യങ്ങളാല്‍ ഇന്ത്യന്‍ പൗരത്വത്തിന് ശ്രമിക്കുന്നവരുടേതിന് സമാനമായി ബംഗ്ലാദേശി പൗരത്വ വിഷയം കാണരുതെന്നും ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരന്മാരില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നത് നിയന്ത്രിക്കുന്ന 2003ലെ പൗരത്വ ഭേദഗതി നിയമത്തിലെ രണ്ട്(ഐ) ഉപവാക്യത്തില്‍ ഭേദഗതി വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് പൗരത്വം നല്‍കണമെന്നായിരുന്നു സിപിഎം നിലപാട്. 

2003ല്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ധാരണ ഉണ്ടായില്ലെന്നും ഒരു പതിറ്റാണ്ട് പൂര്‍ത്തിയായ ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. നമശൂദ്ര, പോണ്ട്ര കത്രിയ, മാഝി തുടങ്ങിയ ഹിന്ദു പട്ടികജാതി വിഭാഗങ്ങളിലെ ലക്ഷക്കണക്കിന് ആളുകളാണ് പൗരത്വത്തിന് അര്‍ഹതയുള്ളവരെന്നും കാരാട്ട് കത്തില്‍ വിശദീകരിക്കുന്നു. 

സിപിഎം നിയമത്തെ ശക്തമായി എതിര്‍ക്കുമ്പോഴും കാരാട്ട് മുന്‍നിരയിലില്ലെന്നതും ശ്രദ്ധേയം. 

കാരാട്ട് മാത്രമല്ല, സിപിഎമ്മും

പ്രകാശ് കാരാട്ട് മാത്രമല്ല, സിപിഎമ്മും അതിന് മുന്‍പ് സിപിഐയും പൗരത്വ നിയമത്തിന് അനുകൂലമായി നിലപാടെടുത്തവരും അഭയാര്‍ത്ഥികള്‍ക്കായി വാദിച്ചവരുമാണ്. 1958 ഏപ്രില്‍ ആറ് മുതല്‍ 13 വരെ അമൃത്സറില്‍ നടന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇതിന് വേണ്ടി പ്രമേയം പാസാക്കിയിരുന്നു. കിഴക്കന്‍ ബംഗാളിലെ അഭയാര്‍ത്ഥികള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന അടിച്ചമര്‍ത്തല്‍ നടപടികളെ അപലപിച്ച പ്രമേയം അവരുടെ നിയമപരമായ അവകാശങ്ങളും പുനരധിവാസത്തിനായുള്ള ആവശ്യവും അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാട് മാറ്റണം. അറസ്റ്റിലായവരെ ഉടന്‍ വിട്ടയക്കണം. പ്രമേയം ചൂണ്ടിക്കാട്ടി. 

2012 ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെ കോഴിക്കോട് നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാസാക്കിയ പ്രമേയത്തിലും ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷ അഭയാര്‍ത്ഥികളുടെ ന്യായമായ ആവശ്യത്തെ സിപിഎം പിന്തുണയ്ക്കുന്നതായും പ്രമേയത്തിലുണ്ട്. 

സിപിഎം എംപിയായിരുന്ന ഭുപേഷ് ഗുപ്ത 1964 മാര്‍ച്ച് നാലിന് രാജ്യസഭയില്‍ വിഷയം ഉന്നയിച്ചു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളോട് നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്. ഉത്തരവാദിത്വത്തില്‍നിന്നും ഒളിച്ചോടാന്‍ സാധിക്കില്ല. വിഷയത്തിന് അന്താരാഷ്ട്ര മാനങ്ങളുണ്ട്. അതിനാല്‍ അന്താരാഷ്ട്ര സമൂഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. നെഹ്‌റു-ലിയാഖത്ത് കരാറില്‍ നമ്മള്‍ ഒപ്പുവെച്ചിട്ടുള്ളതാണ്. എന്നാല്‍ അതിന് ശേഷം നമ്മള്‍ അലംഭാവം കാണിച്ചു. കാര്യമായി കലാപങ്ങള്‍ ഇല്ലാത്തതിനാലാകാം ഇതെങ്കിലും ഗുരുതരമായ പിഴവാണ് നമ്മള്‍ വരുത്തിയത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ വിഷയം എപ്പോഴും ഗൗരവത്തോടെ കണക്കിലെടുക്കണം. പ്രത്യേകിച്ചും കരാര്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍. 1970 ജൂലൈ 27ന് ഗുപ്ത രാജ്യസഭയില്‍ വിഷയത്തില്‍ വീണ്ടും സംസാരിച്ചു. അഭയാര്‍ത്ഥികള്‍ ഇവിടേക്ക് വരികയാണ്. നമുക്ക് രാഷ്ട്രീയം മാറ്റിവെക്കാം. രാഷ്ട്രീയ താത്പര്യങ്ങളില്ലാതെയാണ് അവര്‍ അതിര്‍ത്തി കടക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കാനോ എതിര്‍ക്കാനോ അല്ല. ജീവിക്കാനുള്ള ആഗ്രഹം കാരണം പുനരധിവാസം പ്രതീക്ഷിച്ച് വരുന്നവരാണ്. സഹോദരനും സഹോദരിയുമായി നമുക്കവരെ കാണാം. അങ്ങനെയെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. അദ്ദേഹം വിശദീകരിച്ചു. 

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ 2012 ഏപ്രില്‍ 25ന് സിപിഎം എംപിമാര്‍ ലോക്‌സഭയിലും ഉയര്‍ത്തി. ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്നതായി ബസുദേവ് ആചാര്യ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി ഇവിടെയുണ്ടായിട്ടും അവര്‍ക്ക് പൗരത്വം ലഭിച്ചിട്ടില്ല. ഇത് അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതായി ഈ രാജ്യത്തെ പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയതാണ്. പക്ഷെ ഇതുവരെ ഒന്നും നടന്നില്ല. ഇന്ദിര-മുജീബ് കരാറിന് മുന്‍പ് കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്നും ഇവിടേക്കെത്തിയവര്‍ക്ക് അനുകൂലമായി പൗരത്വ നിയമം ഭേദഗതി ചെയ്യണം. അവരുടെ അനിശ്ചിതാവസ്ഥ അവസാനിക്കണം. അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് വിഭജനകാലത്ത് അഭയാര്‍ത്ഥികളായെത്തിയ മതുവ വിഭാഗത്തിന്റെ പൗരത്വ പ്രശ്‌നം ഉന്നയിച്ച് അവര്‍ 2010 ഡിസംബറില്‍ ബംഗാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍, സിപിഎം നേതാക്കള്‍ പങ്കെടുത്തിരുന്നു. 

മലക്കം മറിഞ്ഞവരില്‍ മന്‍മോഹനും

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ കടുത്ത മതപീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിംഗ് 2003ല്‍ രാജ്യസഭയില്‍ പ്രസംഗിക്കുന്ന വീഡിയോ യൂ ട്യൂബില്‍ ഇപ്പോഴും ലഭ്യമാണ്. 

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന കാര്യത്തില്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന് വികാരനിര്‍ഭരമായി ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍. 

വിഭജനത്തിനു ശേഷം ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പീഡനം അനുഭവിക്കുകയാണ്. ദൗര്‍ഭാഗ്യവാന്മാരായ ഇവര്‍ സാഹചര്യങ്ങള്‍ മൂലം നമ്മുടെ രാജ്യത്ത് അഭയം തേടാന്‍ നിര്‍ബന്ധിതരായതാണ്. ഈ ദൗര്‍ഭാഗ്യവാന്‍മാര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ നാം ഉദാരത കാണിക്കണം. അത് നമ്മുടെ ധാര്‍മപികമായ കടപ്പാടാണ്, സിങ് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.