ആഭ്യന്തര വകുപ്പിനും ഡിജിപിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ സമ്മേളനം, സ്പെഷ്യൽ റൂൾ അട്ടിമറിച്ചും അലവൻസുകൾ തടഞ്ഞുവച്ചും പീഡിപ്പിക്കുന്നു

Friday 8 November 2019 4:06 pm IST

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് കേരള പോലീസ് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട്. സര്‍വീസ് റൂളടക്കമുള്ളവ നടപ്പിലാക്കത്തതിന് സര്‍ക്കാരിനും ഡിജിപിക്കും വിമര്‍ശനം.

വ്യാഴാഴ്ച അധ്യാപകഭവനില്‍ ചേര്‍ന്ന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ആഭ്യന്തരവകുപ്പിനും ഡിജിപിക്കും എതിരെ രൂക്ഷ വമിര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇടത് പക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ വന്‍ പ്രതീക്ഷയായിരുന്നെങ്കിലും എല്ലാ തകിടം മറിച്ചു. 2008 മുതല്‍ ചര്‍ച്ചചെയ്ത് അവസാന ഘട്ടത്തിലായിരുന്ന സ്‌പെഷ്യല്‍ റൂള്‍ മാറ്റിവച്ചു. സ്‌പെഷ്യല്‍ റൂളിലൂടെ ക്യാമ്പ് ഫോളോവര്‍മാരെ എക്‌സിക്യൂട്ടീവ് വിഭാഗമാക്കാമെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന ഇറക്കി. എന്നാല്‍, സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ റൂളും മാറ്റിവച്ചു. 2016 മുതല്‍ വിവിധ കോടതികള്‍ ഉത്തരവിട്ടിട്ടും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടും സ്‌പെഷ്യല്‍ റൂള്‍ നടപടി ഇഴയുന്നു. ശബരിമലയിലെ അലവന്‍സും മറ്റ്  പ്രത്യേക അലവന്‍സുകളും തടഞ്ഞുവച്ചു. ഒഴിവുകള്‍ നികത്തുന്നില്ല. ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലിചെയ്യിക്കുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു, തുടങ്ങിയ വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

ക്യാമ്പ് ഫോളോവര്‍മാരെ ഓഫീസര്‍മാരുടെ ക്വാര്‍ട്ടേഴിസില്‍ ജോലിക്ക് വയ്ക്കാമെന്ന ഡിജിപിയുടെ ഉത്തരവിനെയും വിമര്‍ശിച്ചിട്ടുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓഫീസര്‍മാര്‍ നിരവധി പേരെ വീടുകളില്‍ ഉപയോഗിച്ചു. ഒടുവില്‍ ചീഫ് സെക്രട്ടറി ഇടപെട്ടാണ് ഡിജിപിയുടെ ഉത്തരവ് തത്കാലം റദ്ദ് ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല ഉദ്ഘാടന സമ്മേളനത്തില്‍ സംഘടനാ ഭാരവാഹകള്‍ സര്‍ക്കാരിനെതിരെയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.