കത്തിക്കുത്ത് നടത്തിയ എസ്.എഫ്.ഐ ഗുണ്ടയുടെ വീട്ടില്‍ പരിശോധന നടത്തിയത് പിണറായിക്ക് പിടിച്ചില്ല; ഉത്തരക്കടലാസ് പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം

Tuesday 16 July 2019 9:35 pm IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ കത്തിക്കുത്ത് നടത്തിയ എസ്എഫ്‌ഐ ഗുണ്ടയുടെ വീട്ടില്‍ പരിശോധന നടത്തിയ എസ്.ഐയെ സര്‍ക്കാര്‍ സ്ഥലം മാറ്റി. വധശ്രമകേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരകടലാസും കായികവിഭാഗം ഡയറക്ടറുടെ സീലും പിടിച്ചെടുത്ത എസ്.ഐയെയാണ് സ്ഥലംമാറ്റിയത്.  കന്‍േറാണ്‍മെന്റ് എസ്.ഐ ബിജുവിനെയാണ് സ്ഥലം മാറ്റിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഷാഫിക്കാണ് പകരം ചുമതല നല്‍കിയത്. 

അഖിലിനെ  കുത്തിവീഴ്ത്തിയ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും 18 കെട്ടുകളിലായി 220 ഷീറ്റ് ഉത്തരക്കടലാസുകള്‍ റെയിഡില്‍ പിടിച്ചെടുത്തിരുന്നു. ഇതെല്ലാം കേരള സര്‍വകലാശാലയുടെ പരീക്ഷയ്ക്ക് നല്‍കുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസുകളാണെന്ന് പോലീസ് വ്യക്തമാക്കി. ഉത്തരക്കടലാസുകളുടെ മുന്‍പേജുകളും ചില എഴുതിയ പേജുകളും സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തിക നഗറിലെ വീട്ടില്‍ കന്‍േറാണ്‍മെന്റ് എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു റെയിഡ്. 

ഒരു മുന്‍പേജും അഡീഷണല്‍ ഷീറ്റുകളുമടങ്ങുന്ന കെട്ടുകളായിട്ടായിരുന്നു ഉത്തരക്കടലാസുകള്‍. ആദ്യ ആറുകെട്ടുകള്‍ കിടപ്പുമുറിയില്‍നിന്നും പിന്നീട് 12 കെട്ടുകള്‍ ഊണ്‍മുറിയിലെ ബാഗില്‍നിന്നും കണ്ടെത്തി. എസ്.എഫ്.ഐ. സമ്മേളനത്തിന് പുറത്തിറക്കിയ ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഈ ഉത്തരകടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പണത്തിന് നല്‍കി കോപ്പിയടിക്ക് ഒത്താശ നല്‍കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  ചോദ്യക്കടലാസ് ചോര്‍ത്തി ഉത്തരക്കടലാസില്‍ നേരത്തേ എഴുതിവെയ്ക്കുന്ന രീതിയാണ് ഇവര്‍ ചെയ്തിരുന്നത്. നസീമിന്റെ മണക്കാട് കല്ലാട്ട്മുക്കിലെ വീട്ടിലും ഇബ്രാഹിമിന്റെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തി. പരിശോധന അഞ്ചുമണിക്കൂറോളം നീണ്ടുനിന്നിരുന്നു.  സര്‍ക്കാരിനെ അറിയിക്കാതെ റെയിഡ് ചെയ്തതിനാണ് എസ്‌ഐയെ മാറ്റിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.