ഇടത്-മുസ്ലിം തീവ്രവാദികള്‍ക്ക് നിയമസഹായം നല്‍കാന്‍ വിദേശത്തുനിന്നും കോടികള്‍ കൈപ്പറ്റി; സുപ്രീം കോടതി അഭിഭാഷകര്‍ ഇന്ദിര ജയ് സിംഗിന്റേയും ആനന്ദ് ഗ്രോവറിന്റേയും വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

Thursday 11 July 2019 11:41 am IST

ന്യൂദല്‍ഹി: ഇടത്-മുസ്ലിം തീവ്രവാദികള്‍ക്ക് നിയമസഹായം നല്‍കുന്നതില്‍ കുപ്രസിദ്ധരായ വിവാദ സംഘടന ലോയേഴ്സ് കളക്ടീവിന്റെ സാരഥികളുടെ വീട്ടില്‍ സിബിഐ റെയിഡ്.   അഭിഭാഷക ദമ്പതികള്‍ ആനന്ദ് ഗ്രോവറിന്റേയും ഇന്ദിര ജയ് സിംഗിന്റേയും വീട്ടിലും ഓഫീസുകളിലുമാണ് സിബിഐ റെയ്ഡ് നടത്തുന്നത്. ന്യൂഡല്‍ഹിയിലെ വീട്ടിലും ഓഫീസിലും മുംബൈയിലെ ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. ഇരുവരും ചേര്‍ന്ന് നടത്തുന്ന  ലോയേഴ്സ് കളക്ടീവിന് വേണ്ടി വിദേശത്ത് നിന്ന് ചട്ടവിരുദ്ധമായി ഫണ്ട് സ്വീകരിച്ചു എന്നും പണം വിദേശത്ത് ചിലവഴിച്ചു എന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയിഡ്. 2009 -2014 കാലത്ത് ഇന്ദിര ജയ് സിംഗ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന കാലത്താണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തത്.  ഈ കാലത്ത് ഇന്ദിര ജയ്സിംഗിന്റെ വിദേശ യാത്രാ ചിലവുകള്‍ വഹിച്ചത് ലോയേഴ്സ് കളക്ടീവ് ആണ്. ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആയിരുന്നു എന്നും സിബിഐ  കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന്  ഇന്ദിര ജയ്സിങ്ങിന്റെ എന്‍ജിഒയ്ക്ക് വിദേശഫണ്ട് കൈപ്പറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2010ലെ, വിദേശ പണം സ്വീകരിയ്ക്കല്‍ നിയന്ത്രണ നിയമം ലോയേഴ്സ് കളക്ടീവ് ലംഘിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ദിര ജയ്സിങ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരിക്കെ സംഘടനയില്‍നിന്ന് വേതനമായി 96.60 ലക്ഷം രൂപ വാങ്ങി. ഇതടക്കം സംഘടനയുടെ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര വകുപ്പു കണ്ടെത്തിയ സംഘടനയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. ഇന്ദിരാ ജെയ്സിങ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരിക്കെ 96.60 ലക്ഷം രൂപ സംഘടന അവര്‍ക്ക് പ്രതിഫലമായി നല്‍കി.

2009 ജൂലൈ മുതല്‍ 2014 മെയ് വരെ ഇങ്ങനെ ശമ്പളം പറ്റുകയും സംഘടന കൊടുക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നിയമോദ്യോഗസ്ഥയായിരിക്കെ അവര്‍ ഒരു സ്വകാര്യ സംഘടനയുടെ പണം എന്തടിസ്ഥാനത്തില്‍ കൈപ്പറ്റിയെന്നതും അത് എന്തിനുപയോഗിച്ചുവെന്നതും ദുരൂഹതയുണ്ടാക്കുന്നുവെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ചട്ടപ്രകാരം മുന്നറിയിപ്പോ അനുവാദമോ ഇല്ലാതെ അമേരിയ്ക്ക, നേപ്പാള്‍ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനും ഇന്ദിരാ ജെയ്സിങ്ങിന് പ്രതിഫലം കൊടുത്തതായി ലോയേഴ്സ് കളക്ടീവിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. 

2006 മുതല്‍ 2015 വരെയുള്ള കാലത്ത് 32 കോടി രൂപയുടെ വിദേശവരുമാനമാണ് സംഘടനയ്ക്ക് ലഭിച്ചത്. ഇത് വഴിമാറ്റി ചെലവഴിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2016 ല്‍ ആഭ്യന്തരമന്ത്രാലയം ഓഫീസ് റെയ്ഡ് ചെയ്തു. വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ സംഘടനയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി. വിദേശ ഫണ്ടുകള്‍ ആനന്ദ് ഗ്രോവറും ജയ്‌സിങ്ങും വിമാന യാത്ര ചെലവുകള്‍ക്കായി ഉപയോഗിച്ചുവെന്ന് സിബിഐക്ക് നല്‍കിയ കത്തില്‍ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. സാമൂഹ്യ സേവനത്തിനുള്ള പണം ധര്‍ണകള്‍ സംഘടിപ്പിക്കാനും രാഷ്ട്രീയ നേതാക്കള്‍ക്ക് കേസ് നടത്താനും ചെലവഴിച്ചു.  കോണ്‍ഗ്രസ്സിന്റെ ഉറ്റസുഹൃത്തായ ജയ്‌സിങ് 2009 മുതല്‍ 2014 വരെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.