ജന്മഭൂമി പുരസ്‌കാര രാവില്‍ നൃത്തച്ചുവടുമായി താരങ്ങള്‍, അവതരണഗാനത്തിന് ചുവടുവയ്ക്കുന്നത് രചന

Friday 19 July 2019 10:42 am IST

തൃശൂര്‍: ജന്മഭൂമി ചലച്ചിത്ര പുരസ്‌കാര നിശയില്‍ നൃത്തച്ചുവടുമായി അരങ്ങിലെത്തുന്നു മലയാളത്തിന്റെ പ്രിയ താരങ്ങള്‍, അശ്വതി മനോഹര്‍, പാര്‍വതി നമ്പ്യാര്‍, സ്വാസിക, രചന നാരായണന്‍കുട്ടി. ഒപ്പം ജോണ്‍ ജേക്കബും ഇരുപതോളം നര്‍ത്തകരും. പ്രശസ്ത കൊറിയോഗ്രാഫര്‍ ബിജു സേവ്യര്‍ അണിയിച്ചൊരുക്കുന്ന നൃത്തങ്ങള്‍ നാളെ തൃശൂര്‍ വടക്കുന്നാഥന്‍ ക്ഷേത്രമൈതാനിയില്‍ അരങ്ങേറുന്ന പുരസ്‌കാര രാവിനെ വര്‍ണ്ണാഭമാക്കും.

അവതരണഗാനത്തിന്  രചന നാരായണന്‍കുട്ടിയുടെ നൃത്തച്ചുവടുകള്‍ ചാരുത നല്‍കും. എസ്. രമേശന്‍ നായര്‍ രചിച്ച് രമേശ് നാരായണന്‍ സംഗീതം നിര്‍വഹിച്ച ഗാനം നിരവധി നര്‍ത്തകരുടെ അകമ്പടിയോടെയാണ് രചന രംഗത്ത് അവതരിപ്പിക്കുക. ബിജു സേവ്യറാണ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്.

തൃശൂരിന്റെ സ്വന്തം നര്‍ത്തകിയായ രചന നാരായണന്‍കുട്ടി വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സ്‌കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയ നൃത്തം, ഓട്ടന്‍തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ ജേതാവായിരുന്നു. നാലാം ക്ലാസ് മുതല്‍ പത്തുവരെ തൃശൂര്‍ ജില്ലാ കലാതിലകമായിരുന്നു. പിന്നീട് യൂണിവേഴ്സിറ്റി കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് അഭിനയ രംഗത്തെത്തിയത്. റേഡിയോ ജോക്കിയായും  പ്രവര്‍ത്തിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കുത്ത് ഉള്‍പ്പെടെ ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

നര്‍ത്തകി, യോഗാധ്യാപിക എന്നീ നിലകളില്‍ ശ്രദ്ധേയയായ അശ്വതി മനോഹര്‍ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമയിലെ നായികയായിരുന്നു. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോട്ടയംകാരിയായ അശ്വതി, അവിടെ യോഗ അക്കാദമി നടത്തുന്നു. 

യുവ നായികമാരില്‍ പ്രമുഖയാണ് പാര്‍വതി നമ്പ്യാര്‍. ലാല്‍ ജോസിന്റെ ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പാര്‍വതി പത്തോളം സിനിമകളില്‍ നായികയായിരുന്നു. മമ്മൂട്ടിയുടെ മധുരരാജയാണ് അവസാനമായി പുറത്തുവന്ന ചിത്രം. അയാളും ഞാനും തമ്മില്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ സീരിയലിലൂടെ പ്രേക്ഷകമനസ് കീഴടക്കിയ നടിയാണ് സ്വാസിക.

കഴിഞ്ഞവര്‍ഷം ജന്മഭൂമി അവാര്‍ഡ് നിശയില്‍ നൃത്തം ചെയ്യാനെത്തിയ നിമിഷ സജയന്‍ ഇത്തവണ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനുണ്ടാകും.

 

ജന്മഭൂമി സിനിമ അവാര്‍ഡ് 2018: സുഡാനി ഫ്രം നൈജീരിയ മികച്ച സിനിമ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.