'ബലാത്സംഗ കേസിലെ അന്വേഷണം രണ്ട് മാസത്തിനുള്ളിലും വിചാരണ ആറുമാസത്തിനകവും പൂര്‍ത്തിയാക്കണം'; കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷയുമായി നിയമങ്ങള്‍ പൊളിച്ചെഴുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Sunday 8 December 2019 7:46 pm IST

ന്യൂദല്‍ഹി: ക്രിമിനല്‍ നടപടി ചട്ടവും ഇന്ത്യന്‍ ശിക്ഷാ നിയമവും കാലാനുസൃതമായി മാറ്റിയെഴുതാനുറച്ച് കേന്ദ്രസര്‍ക്കാര്‍. ഡിജിപിമാരുടേയും ഐജിമാരുടേയും പുനെയില്‍ നടക്കുന്ന ത്രിദിന ശിബിരത്തില്‍ സംസാരിക്കുമ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ബലാത്സംഗവും കൊലപാതകവും പോലുള്ള കേസുകളിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കുന്ന തരത്തിലാകും അഴിച്ചുപണി നടക്കുക. ഇത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംസ്ഥാങ്ങളോട് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേ സമയം ഇത്തരം കേസുകളില്‍ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും കത്തയക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കെട്ടിക്കിടക്കുന്ന പോക്‌സോ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേസ് അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം. വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.  ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ബിജെപി നിലപാട്.

 ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി, ഓള്‍ ഇന്ത്യന്‍ പോലീസ് യൂണിവേഴ്‌സിറ്റി എന്നിവയും അവക്ക് താഴെ സംസ്ഥാനങ്ങളില്‍ കോളേജുകളും സ്ഥാപിച്ച് പോലീസ് സേനയെ കൂടുതല്‍ ആധുനിക വല്‍ക്കരിക്കുമെന്ന് അമിത് ഷാ ത്രിദിന ശിബിരത്തില്‍ സംസാരിക്കവെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, അജിത് ഡോവല്‍ എന്നിവര്‍ ശിബിരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.