ഇര സാജന്‍ മാത്രമല്ല; ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമളയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍

Thursday 20 June 2019 12:13 pm IST

കണ്ണൂര്‍: പ്രവാസിയായ സാജന്‍ പാറയിലിന്റെ ആത്മഹത്യക്ക് പിന്നില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. ശ്യാമളയാണെന്ന ആരോപണം നിലനില്‍ക്കേ അവര്‍ക്കെതിരെ നിരവധി ആരോപണങ്ങളുമായി നിരവധി പേര്‍. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയാണെന്ന് വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവുമാണ് ആരോപണവുമായി രംഗതെത്തിയിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. 

നിക്ഷേപസൗഹൃദ സംസ്ഥാനത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. അവിടെയാണ്, പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭയുടെ പീഢനത്തില്‍ മനം നൊന്ത് വ്യവസായി ആത്മഹത്യ ചെയ്തതും. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 

സിപിഎം അനുഭാവി കൂടിയായ സോഹിതയോട് കോയമ്പത്തൂരോ, മുംബൈയിലോ പോയി സ്ഥാപനം തുടങ്ങാന്‍ ചെയര്‍പേഴ്‌സണ്‍ ഉപദേശിച്ചെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അവര്‍ മൂലം ആന്തൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നു. പത്ത് ലക്ഷം മുതല്‍മുടക്കിയവരെ നാല്‍പ്പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്‌സണാണെന്നും സോഹിതയുടെ ഭര്‍ത്താവ് വിജു കണ്ണപുരവും ആരോപിക്കുന്നുണ്ട്. ഇതിലൂടെ പതിനഞ്ചോളം കുടുംബങ്ങള്‍ക്കാണ് ജോലി നഷ്ടമായത്. 

തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് ആന്തൂര്‍ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരില്‍ സംരംഭം അടച്ചു പൂട്ടാന്‍ നോട്ടിസ് നല്‍കി. നിരന്തരം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പ്രവര്‍ത്തനാനുമതി ലഭിച്ചില്ല. 10 ലക്ഷം രൂപയ്ക്ക് ആരംഭിച്ച സംരംഭം ഇടയ്ക്കു മുടങ്ങിയതോടെ കടം പെരുകി. തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായി.

കാര്യമെന്താണെന്ന് അന്വേഷിച്ചു നഗരസഭ അധ്യക്ഷയെ നേരിട്ടു കണ്ടപ്പോള്‍ കോയമ്പത്തൂരോ മുംബൈയിലോ പോയി സംരംഭം തുടങ്ങാനാണ് അവര്‍ മറുപടി നല്‍കിയത്. മറ്റു ചിലര്‍ മുഖേനെ അന്വേഷിച്ചപ്പോള്‍ സംരംഭകയ്ക്ക് അഹങ്കാരമാണെന്നായിരുന്നു അധ്യക്ഷയുടെ മറുപടി. ഒടുവില്‍ ഒരുതരത്തിലും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല എന്നു വന്നതോടെ സംരംഭം പൂര്‍ണമായും തളിപ്പറമ്പ് നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്കിലേക്കു മാറ്റുകയായിരുന്നു. 10 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച സംരംഭത്തിന് ഇതോടെ 40 ലക്ഷത്തോളം രൂപ ഇറക്കേണ്ടി വന്നു. പി.കെ.ശ്യാമളയുടെ ധിക്കാരപരമായ പെരുമാറ്റത്തിന്റെ ഇരകള്‍ ഇനിയുമുണ്ടെന്നാണ് സൂചനകള്‍. 

അതിനിടെ സാജന്റെ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരിക്കാന്‍ മാത്രമുള്ള ഗുരുതര ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.