ലോകത്തിന്റെ ഭ്രമണപഥത്തില്‍

Tuesday 23 July 2019 3:37 am IST

ലോകം ആകാംക്ഷയോടെയും അതിലേറെ കൗതുകത്തോടെയും വീക്ഷിച്ച ചന്ദ്രയാന്‍ 2 ന്റെ ആദ്യഘട്ടം ഉജ്ജ്വല വിജയത്തിലെത്തിയിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങള്‍ തേടി രാജ്യം വിക്ഷേപിച്ച അഭിമാനപേടകത്തിന്റെ യാത്ര ഭൂമിയുടെ ആദ്യ ഭ്രമണപഥത്തില്‍ എത്തിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തിന്റെയും ഇച്ഛാശക്തിയുടെയും അതിമനോഹരമായ വിജയത്തിനാണ് ഇന്നലെ ലോകം സാക്ഷ്യം വഹിച്ചത്. 2008 ല്‍ ചന്ദ്രയാന്‍ 1 ന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഒട്ടേറെ പ്രതിബന്ധങ്ങളും പ്രതിസന്ധികളും മറികടന്നാണ് ഐഎസ്ആര്‍ഒ പുതിയ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.

 നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഒന്നുമില്ലാതെ തികച്ചും സമാധാനപരമായ ലക്ഷ്യങ്ങളാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് എല്ലാമുള്ളത്. അതുപോലെ തന്നെയാണ് ചന്ദ്രയാന്‍ 2 ന്റെ കാര്യവും. മനുഷ്യ വിജ്ഞാനത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണ് അതിന്റെ പ്രധാന ദൗത്യം. ഒപ്പം മനുഷ്യകുലത്തിന്റെ പൊതുനന്മയും. ലോകത്തെ ഒരു രാജ്യവും പോകാന്‍ തയാറാവാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്തേക്ക് ചന്ദ്രയാന്‍ 2 എന്ന ചാന്ദ്ര ദൗത്യത്തെ ഇന്ത്യ അസാമാന്യ ധീരതയോടെ ഇപ്പോള്‍ വിജയകരമായി അയച്ചിരിക്കുന്നതിന് പിന്നിലും ഈ വികാരം തന്നെയാണ്. വരും വര്‍ഷങ്ങളിലെ ചാന്ദ്ര ദൗത്യങ്ങളില്‍ അടിസ്ഥാനപരമായി ഉണ്ടാകേണ്ട മാറ്റങ്ങളെയും സമീപനങ്ങളേയും ഏറെ സ്വാധീനിക്കാന്‍ കഴിയുന്ന അറിവുകള്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി കാത്തിരിക്കുന്നത്. അതിന്റെ ആദ്യ സിഗ്നലുകള്‍ ഭൂമിയില്‍ എത്തിക്കഴിഞ്ഞു.

അനന്തവും അജ്ഞാതവും അവര്‍ണനീയവുമായി ചുറ്റിത്തിരിയുന്ന ഭൂഗോളത്തിന്റെ അതിവിദൂര മേഖലകളിലേക്കുള്ള ഭാവി പ്രയാണത്തിനും അതില്‍ ഏര്‍പ്പെടുന്ന ഗവേഷകര്‍ക്കും പുതിയ ഊര്‍ജ്ജമാണ് ചന്ദ്രയാന്‍  2 പകര്‍ന്നു നല്‍കിയിരിക്കുന്നത്. ബാഹുബലി എന്നു വിളിക്കുന്ന  ജിഎസ്എല്‍വി എം കെ 3 വിക്ഷേപണ വാഹനവും അതിന്റെ ക്രയോജനിക്ക് എഞ്ചിനുമടക്കം നിര്‍ണ്ണായക സംവിധാനങ്ങളെല്ലാം തദ്ദേശീയമായി ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്.

ലോകത്തെ മുന്‍നിര രാജ്യങ്ങളുടെ സാങ്കേതിക വിദ്യകളോടെല്ലാം കിടപിടിക്കുന്നതാണ് ഇന്ത്യയുടെ സാങ്കേതിക ജ്ഞാനം എന്ന പ്രഖ്യാപനം കൂടിയാണ് ചന്ദ്രനെ  ലക്ഷ്യമാക്കി കുതിക്കുന്ന ചന്ദ്രയാന്‍ 2 എന്ന പേടകം. ചന്ദ്രനില്‍ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ മാതൃകയില്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കാനും ഭൂമിയോട് ഏറ്റവുമടുത്ത ഈ ഉപഗ്രഹത്തെ അന്യഗ്രഹ പര്യവേഷണങ്ങള്‍ക്കുള്ള ഹബ്ബാക്കി മാറ്റാനും നാസയടക്കമുള്ള ഏജന്‍സികള്‍ ഊര്‍ജിതശ്രമം നടത്തുന്നതിനിടെയാണ് ഇന്ത്യയുടെ ചരിത്രനേട്ടം എന്നതും ശ്രദ്ധേയമാണ്.

ചന്ദ്രയാന്‍ 2 ന്റെ വിജയം ചരിത്രസൃഷ്ടികളുടെ പരമ്പര തന്നെ രേഖപ്പെടുത്തുമെന്ന് ഉറപ്പാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ തദ്ദേശീയമായ സാങ്കേതിക വിദ്യയില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തുന്ന ആദ്യ ബഹിരാകാശ ദൗത്യം, സ്വന്തം സാങ്കേതിക വിദ്യയില്‍ ചന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തുന്ന ആദ്യ ഇന്ത്യന്‍ ദൗത്യം,  ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ലാന്‍ഡിംഗിന് ശ്രമിക്കുന്ന നാലാമത്തെ രാജ്യം... അങ്ങിനെ പോകുന്നു ലോകം കാത്തിരിക്കുന്ന ചരിത്ര നേട്ടങ്ങളുടെ പട്ടിക. 

ചന്ദ്രയാന്‍ രണ്ടിന്റെ വിജയകരമായ വിക്ഷേപണത്തിന് ചുക്കാന്‍പിടിച്ച രാജ്യത്തെ എല്ലാ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.