ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഓരോ നിമിഷവും ഓഫീസിലിരുന്ന് വീക്ഷിച്ച് പ്രധാനമന്ത്രി; എല്ലാ ഇന്ത്യാക്കാര്‍ക്കും ഇത് അഭിമാന നിമിഷമെന്ന് മോദി

Monday 22 July 2019 3:51 pm IST

ന്യൂദല്‍ഹി: ഭാരതത്തിന്റെ യശസ് വാനോളം ഉയര്‍ത്തിയ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപണത്തിന്റെ ഒരോ നിമിഷവും ഓഫീസിലിരുന്ന് വീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നും നേരിട്ടുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് മോദി എല്ലാകാര്യവും നിരീക്ഷിച്ചത്.  വിക്ഷേപണത്തറയില്‍ നിന്നു 2.43ന് വിജയകരമായി ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയര്‍ന്ന ഉടന്‍ തന്നെ ചന്ദ്രയാന്‍ 2വിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അദേഹം അഭിനന്ദിച്ചു. 

ബഹിരാകാശത്തേക്കുള്ള കൃതിപ്പില്‍ കൃത്യം പതിനാറം മിനിറ്റില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ടു ആദ്യഘട്ടം വിജയകരമാണെന്ന് ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഒരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷമാണെന്നും ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികളിലേക്ക് ഇന്ത്യ കുതിക്കുകയാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭിനന്ദനവും ചാന്ദ്രയാന്റെ ആദ്യഘട്ട വിജയവും ശാസ്ത്രജ്ഞര്‍ നിറഞ്ഞ കണ്ണുകളുമായാണ് ആഘോഷിച്ചത്. അഭിമാനത്തോടെ പരസ്പരം കെട്ടപ്പുണര്‍ന്നു. വിക്ഷേപണം കാണാനെത്തിയ പ്രമുഖരടക്കം എല്ലാവരും എണീറ്റു നിന്നു കൈയടിച്ചു. ധനമകാര്യമന്ത്രി നിര്‍മ്മല സീതാരാമനും ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിച്ചു. 

വിക്ഷേപണത്തിനു മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് 6.43 നാണു ആരംഭിച്ചത്. വരും ദിവസങ്ങളില്‍ 15 നിര്‍ണായക പ്രവര്‍ത്തനങ്ങളാകും ചന്ദ്രയാന്‍ പൂര്‍ത്തിയാക്കുകയെന്നും കെ. ശിവന്‍ പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ആദ്യ പര്യവേക്ഷണം എന്ന പ്രത്യേകതയും ചന്ദ്രയാന്‍-2ന് ഉണ്ട്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ ഇന്ത്യന്‍ ദൗത്യവും ചന്ദ്രയാന്‍-2 തന്നെ. സോഫ്‌റ്റ്വെയര്‍ ഉള്‍പ്പെടെ ചന്ദ്രയാന്‍-2ന്റെ വിഭാവനവും വികസനവും പൂര്‍ണമായും ഇന്ത്യ തന്നെയായിരുന്നു.

സെപ്തംബര്‍ ആറിനോ ഏഴിനോ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് കരുതുന്നത്. റോക്കറ്റിന്റെ ക്രയോജെനിക് അപ്പര്‍ സ്റ്റേജ് എഞ്ചിനില്‍ ഇന്ധനം നിറയ്ക്കവെയാണ് 15ന് ചോര്‍ച്ച കണ്ടെത്തിയത്. 978 കോടി ദൗത്യത്തിന്റെ വിക്ഷേപണത്തിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ, തകരാറ് തിരിച്ചറിഞ്ഞ് സമയോചിത തീരുമാനമെടുത്ത ഐഎസ്ആര്‍ഒയെ പിന്തുണച്ച് വിദഗ്ധരും ജനങ്ങളും രംഗത്തെത്തിയിരുന്നു. ചന്ദ്രായാന്റെ രണ്ടാം ദൗത്യത്തില്‍ അല്‍പം ഭേദഗതികളും വരുത്തിയിട്ടുണ്ട്. ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാന്‍ പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി. ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാന്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്.  നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്ററും ഓര്‍ബിറ്ററും തമ്മില്‍ വേര്‍പെടാന്‍ പോകുന്നത് 43 ആം ദിവസമാണ്. നേരത്തെ ഇത് അന്‍പതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.