ഇന്ത്യ തിളങ്ങുന്നു, ചന്ദ്രനെപ്പോലെ

Wednesday 4 September 2019 9:53 am IST

പൂര്‍ണചന്ദ്രന്റെ തിളക്കത്തിലാണ് ഇന്ത്യ എന്ന മഹാരാജ്യം ഇപ്പോള്‍. ഈ രാജ്യത്തെ കോടാനുകോടി ജനങ്ങളും ലോകരാജ്യങ്ങള്‍ ഒന്നടങ്കവും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ചന്ദ്രയാന്‍ രണ്ട് എന്ന മഹാദൗത്യം അതിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. 

ജൂലൈ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് കുതിച്ചുയര്‍ന്ന ചന്ദ്രയാന്‍ പേടകം അതീവസങ്കീര്‍ണമായ പ്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയാണ്. ഏറ്റവുമൊടുവില്‍ ഓര്‍ബിറ്ററില്‍നിന്ന് വേര്‍പെട്ട് സ്വതന്ത്രമായി നീങ്ങുന്ന ലാന്‍ഡറിനെ നാല് സെക്കന്‍ഡു മാത്രമെടുത്ത പ്രക്രിയയിലൂടെ ചന്ദ്രനില്‍നിന്ന് 104 കിലോമീറ്റര്‍ അടുത്ത ദൂരവും (പെരിജി), 128 കിലോമീറ്റര്‍ അകന്ന ദൂരവും (അപ്പോജി) ഉള്ള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഇന്നേവരെ ഒരു രാജ്യവും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുകയെന്ന ഏറ്റവും ദുഷ്‌കരവും സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണ് നറുനിലാവിന്റെ നിറശോഭയില്‍ വിജയകരമായ പരിസമാപ്തിയോടടുക്കുന്നത്. ഒരു രാജ്യവും പരീക്ഷിക്കാന്‍ ധൈര്യപ്പെടാത്ത സാങ്കേതികവിദ്യകള്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ നമ്മുടെ ബഹിരാകാശ ഏജന്‍സിക്ക് കഴിഞ്ഞു. ഒരാഴ്ചയോളം വൈകിയായിരുന്നു വിക്ഷേപണമെങ്കിലും മുന്‍ നിശ്ചയിച്ച ദിവസംതന്നെ പേടകത്തെ ചന്ദ്രനില്‍ ഇറക്കാനുള്ള ശാസ്ത്രലോകത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് വിജയപഥത്തില്‍ മുന്നേറുന്നത്.

അകത്തും പുറത്തും ഇന്ത്യാ മഹാരാജ്യത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന പ്രചാരണ, പ്രക്ഷോഭ കോലാഹലങ്ങള്‍ക്കിടയില്‍ അസൂയാവഹമായ നേട്ടങ്ങളിലേക്ക് നമ്മുടെ ശാസ്ത്രസമൂഹം കുതിച്ചുപായുന്നത് കാണാതെ പോകരുത്. ഇന്ത്യ നേരിടുന്നതും ഏറ്റെടുക്കുന്നതുമായ വെല്ലുവിളികള്‍ രാജ്യചരിത്രത്തില്‍ ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്തവിധം വിജയകരമായി നേരിടുകയും പൂര്‍ത്തിയാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബാഹ്യലോകത്തെ അവര്‍ണനീയമായ നേട്ടങ്ങളെയും കാണേണ്ടത്.

എന്നാല്‍, അതീവദുഷ്‌കരവും കഠിനവുമായ ദൗത്യത്തിലേക്ക് ചന്ദ്രയാന്‍ 2 കടക്കാനിരിക്കുന്നതേയുള്ളൂ എന്നും ഓര്‍ക്കണം. ഈ മാസം ഏഴിന് പുലര്‍ച്ചെ നടക്കുന്ന സോഫ്റ്റ്‌ലാന്‍ഡിങ്ങ് തന്നെയാണത്. അന്തിമലക്ഷ്യം നൂറുശതമാനം വിജയത്തില്‍ കലാശിക്കുമെന്ന് ആരുടേയും പിന്നിലല്ലാത്ത ഇന്ത്യയുടെ പ്രതിഭ തെളിയിക്കാനിരിക്കുന്നതേയുള്ളൂ. വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവുമുള്ള ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സി ചന്ദ്രയാന്‍ 2 എന്ന മഹാദൗത്യം അവിസ്മരണീയ സംഭവമാക്കി മാറ്റുമെന്ന ഉറച്ച വിശ്വാസത്തിലാണ് സമൂഹം. 

അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ പ്രതിച്ഛായ വാനോളം ഉയരുകയും ഒരു വികസ്വര രാഷ്ട്രം സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ എപ്രകാരം അതിന്റെ പരിപൂര്‍ണതയില്‍ എത്തിക്കുന്നുവെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്ന് നിസ്സംശയം പറയാം. ബഹിരാകാശത്തെ വലിയ സംഭവങ്ങളുടെ പരമ്പരയിലേക്ക് പാഞ്ഞടുക്കുകയാണ് ചന്ദ്രയാന്‍ 2 എന്ന മഹാദൗത്യവും. അതെ, ഇന്ത്യ തിളങ്ങുകയാണ്, ആയിരം പൂര്‍ണചന്ദ്രശോഭയോടെ... 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.