തിരുത്തിയെഴുതണം ചരിത്രാബദ്ധങ്ങള്‍

Saturday 19 October 2019 2:04 am IST

ഇതിഹാസങ്ങളിലും കാവ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന പുരാവൃത്തങ്ങളല്ലാതെ ഭാരതത്തിന് പരമ്പരാഗതമായ ചരിത്രരചനാ സംവിധാനങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൊളോണിയല്‍ കാലത്ത് വിദേശഭരണാധികാരികളും സ്വാതന്ത്ര്യാനന്തരം ഭരണം കൈയാളിയവര്‍ നിയോഗിച്ച അക്കാദമിക പണ്ഡിതന്മാരും നിര്‍മ്മിച്ച ചരിത്രമാണ് ഇന്ന് ഇന്ത്യയുടെ ചരിത്രം. ഈ ചരിത്രമാണ് നമ്മുടെ സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും പഠിപ്പിച്ചുവരുന്നതും. രേഖപ്പെടുത്തപ്പെട്ട ഈ ചരിത്രസഞ്ചയത്തിലെ ശരിതെറ്റുകളെക്കുറിച്ച് ഗൗരവപൂര്‍വ്വമുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍തലത്തില്‍ കഴിഞ്ഞകാലങ്ങളിലൊന്നും നടന്നിട്ടില്ല. എന്നാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കിയ പ്രകടനപത്രികയില്‍ ചരിത്രത്തിലെ കുറ്റങ്ങളും കുറവുകളും പരിശോധിച്ച് ഒരു തിരുത്തലിന് വിധേയമാക്കുമെന്ന വാഗ്ദാനമുണ്ട്. ആ വാഗ്ദാനം പാലിക്കപ്പെടുന്നതിന്റെ തുടക്കമായി വേണം കഴിഞ്ഞദിവസം ബനാറസ് ഹിന്ദുസര്‍വ്വകലാശാലയില്‍ നടന്ന സെമിനാറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാക്കുകളെ കാണാന്‍. നമ്മുടെ ചരിത്രത്തിലെ അബദ്ധങ്ങള്‍ തിരുത്തപ്പെടേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ചരിത്രം പൂര്‍ണമായും രാജ്യത്തിന്റെ താത്പര്യമനുസരിച്ച് രചിക്കപ്പെട്ടവയല്ല എന്ന തിരിച്ചറിവില്‍നിന്നാണ് അമിത്ഷാ അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വ്യക്തം. ഈ തിരിച്ചറിവ് നേരത്തെ ഉള്ളതുകൊണ്ടാണല്ലോ ബിജെപി അതിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം പ്രത്യേകമായി പരാമര്‍ശിച്ചത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പ്രഖ്യാപിതമായ ഇടതുപക്ഷാഭിമുഖ്യം കാരണം അന്നത്തെ അക്കാദമിക നേതൃസ്ഥാനങ്ങളിലെല്ലാം ഇടതുപക്ഷ ചിന്തകരെയും ബുദ്ധിജീവികളെയും അവരോധിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ എഴുതിയുണ്ടാക്കിയ ചരിത്രാബദ്ധങ്ങള്‍ക്കുമേല്‍ ഇവര്‍ വികലവും വികൃതവുമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയായിരുന്നു. അങ്ങനെയാണ് ആര്യന്‍ ആക്രമണം പോലുള്ള ചരിത്രാബദ്ധങ്ങള്‍ ചരിത്രയാഥാര്‍ത്ഥ്യങ്ങളായി ഇന്ത്യയില്‍ നിലനിന്നത്. ആ ചരിത്രം തന്നെയാണ് ഇന്നും നമ്മുടെ സര്‍വ്വകലാശാലകളിലും സ്‌കൂളുകളിലും പഠിപ്പിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് അക്കാദമിക കേന്ദ്രങ്ങളിലും നെഹ്‌റുവിന്റെ കാലം തൊട്ടുള്ള ഇടതുപക്ഷ ആധിപത്യം ഇന്നും തുടരുന്നതിന്റെ ഫലമായാണ് ഇതുവരെയും ചരിത്രത്തിലെ അബദ്ധങ്ങള്‍ തിരുത്തപ്പെടാതെ പോയത്. കഴിഞ്ഞ അഞ്ചുവര്‍ഷം ബിജെപി കേന്ദ്രം ഭരിച്ചിട്ടും ഇന്ത്യയിലെ ചരിത്രരചന ഉള്‍പ്പെടെയുള്ള ബൗദ്ധിക-ചിന്താരംഗത്ത് സ്വാധീനം ചെലുത്തിയിരുന്നത് ഇടതുപക്ഷത്തുള്ളവര്‍ തന്നെയായിരുന്നു. എന്നാല്‍ ഇന്ന് മാറ്റങ്ങളുണ്ടായി തുടങ്ങിയിരിക്കുന്നു. നുണയില്‍ പടുത്തുയര്‍ത്തിയ ചരിത്രഗോപുരങ്ങള്‍ ഒന്നൊന്നായി തകരുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. 'ബ്രിട്ടീഷുകാരെ നാം പഴിക്കാന്‍ പോകുന്നില്ല, സത്യം മാത്രം എഴുതുന്നു, അത് കാലാതിവര്‍ത്തിയായിരിക്കും' എന്നാണ് അമിത്ഷാ ബനാറസ് സര്‍വ്വകലാശാലയില്‍ ഒത്തുകൂടിയ ചരിത്രകാരന്മാരോട് പറഞ്ഞത്. 

ബിജെപി ഇന്ത്യയുടെ ചരിത്രം പുരാണങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റിയെഴുതാന്‍ പുറപ്പെടുന്നു എന്ന പ്രചാരണം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇത് ഇടതുപക്ഷ ബുദ്ധിജീവികള്‍ പറഞ്ഞുനടക്കുന്ന കള്ളം മാത്രമാണ്. പുരാവൃത്തപഠനം ചരിത്രരചനക്ക് സഹായകമായ ഒരു ഉപാദാനമെന്ന നിലയില്‍ ആധുനിക ചരിത്രകാരന്മാര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പുതിയകാലത്തെ ചരിത്രരചന പുരാവസ്തുശാസ്ത്രത്തിനപ്പുറം ജീനോളജിയുടെകൂടി സഹായം തേടിക്കൊണ്ടാണ് നടക്കുന്നതെന്ന കാര്യം അറിയാതെയല്ല ഇടതുബുദ്ധിജീവികള്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. ബനാറസ് സര്‍വ്വകലാശാലയിലെ അമിത്ഷായുടെ പ്രസംഗത്തില്‍ 'വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857ലെ പോരാട്ടം ചരിത്രമാകുമായിരുന്നില്ല' എന്ന് പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ശിപായിലഹള എന്ന് വിളിച്ച് ബ്രിട്ടീഷുകാര്‍ താഴ്ത്തിക്കെട്ടിയ 1857ലെ പോരാട്ടത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്നുവിളിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയത് വീര്‍ സവര്‍ക്കറായിരുന്നു എന്ന സത്യമാണ് അമിത്ഷാ അവിടെ വിളിച്ചുപറഞ്ഞത്. അതിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍ ഇടത് ബുദ്ധിജീവികള്‍.

ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നതയെ ചെറുതാക്കി കാണിക്കാനും ഒരുരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ നിലനില്‍പ്പിനെ ഇല്ലാതാക്കാനും ആഗ്രഹിക്കുന്ന ഒരുവിഭാഗം നമ്മുടെ അക്കാദമിക ആസ്ഥാനങ്ങളില്‍ കാലാകാലമായി നിലയുറപ്പിച്ചതിന്റെ അനന്തരഫലമാണ് ഇത്തരം തെറ്റായ പ്രചാരണങ്ങള്‍. ഇത് വളരെ ആസൂത്രിതമായി നടക്കുന്ന കാര്യമാണ്. ജെഎന്‍യുവില്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി നടന്ന അദ്ധ്യാപക നിയമനങ്ങളുടെയും വിദ്യാര്‍ത്ഥി പ്രവേശനങ്ങളുടെയും പിന്നാമ്പുറം അന്വേഷിച്ചാല്‍ ഇടത് ഗൂഢാലോചനയുമായി ബന്ധപ്പെട്ട പലസത്യങ്ങളും വെളിച്ചത്തുവരുമെന്ന് ഈയിടെ കേരളത്തിലെ ഒരു എഴുത്തുകാരന്‍ പറഞ്ഞത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.