ചരുവിലാന്‍ തരത്തില്‍ പോയി കളിക്ക്; അക്കിത്തം സ്ഥിത പ്രജ്ഞത്വം സിദ്ധിച്ച കവി

Friday 6 December 2019 1:56 pm IST

ചരുവില്‍ അശോകന് ഇരിക്കപ്പൊറുതിയില്ല. അക്കിത്തത്തോട് ക്ഷമിക്കാനാവില്ലെന്നാണ് അയാളുടെ കുറിപ്പ്. തരത്തില്‍ പോയി കളിക്കാനാണ് ചരുവിലാനോട് പച്ചമലയാളത്തില്‍ പറയേണ്ടത്. അക്കിത്തം അത് പറയില്ല. ചരുവിലാനോട് മാത്രമല്ല ചെയ്യുന്ന പാപത്തിന്റെ അളവും ആഴവും അറിയാത്ത സർവ മഹാപാപികളോടും ക്ഷമിച്ച കരുണാമയന്റെ ജീവിതവിശാലതയുണ്ട് മഹാകവിയുടെ ആസ്തിബാധ്യതയായി. അത് തരിമ്പും ബാക്കിയില്ലാതെ വിമര്‍ശിച്ച് ശേഷം നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്തുകൊള്ളാന്‍ ആഹ്വാനം ചെയ്ത യോഗേശ്വരന്റെ കര്‍മ്മപന്ഥാവാണ്. അതുകൊണ്ട് ആ പാപിയോട് അക്കിത്തം ക്ഷമിക്കും. നിന്ദയും സ്തുതിയും ഒരു പോലെ കാണാനുള്ള സ്ഥിത പ്രജ്ഞത്വം  സിദ്ധിച്ച കവിയാണ് അക്കിത്തം. വൈകിയെത്തിയ പുരസ്കാരം എന്ന് പലരും പറഞ്ഞപ്പോൾ എനിക്കിതാവും സമയമെന്ന് പരിഭവമില്ലാതെ വിനീതനാവാൻ കഴിയുന്നത് ആർഷമായ ആ മന സ്ഥൈര്യത്തിന്റെ കരുത്തിലാണ്.

കവിക്ക് രാഷ്ട്രീയം പാടില്ലെന്നും അഥവാ പാടുണ്ടെങ്കില്‍ ചുവന്നവന്റേത് മാത്രമേ പാടുള്ളൂവെന്നും അല്ലെങ്കില്‍ കവിയെ അംഗീകരിക്കാനാവില്ലെന്നുമൊക്കെയാണ് ചരുവില്‍ അശോകന്റെ നാവാടിത്തം. തപസ്യയില്‍ വരുന്നതും തപസ്യയുടെ പ്രസിഡന്റാവുന്നതും ഘോരാപരാധമായാണ് ചരുവില്‍ കാണുന്നത്. മാര്‍ക്‌സിസ്റ്റുകാരന്‍ എറിഞ്ഞുകൊടുക്കുന്ന പദവികളും പൊന്നാടകളും കൊണ്ട് കാലയാപനം കഴിക്കുന്ന, സിപിഎം കേന്ദ്രങ്ങളുടെ ചെരിവില്‍ നടുവളച്ച് ഓച്ഛാനിച്ചു നില്‍ക്കുന്ന ഒരാളില്‍ നിന്ന് ഇതിനപ്പുറം ഒന്നും ഈ വര്‍ത്തമാനകാലത്ത് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. 

അക്കിത്തത്തിന് മുമ്പ് ജ്ഞാനപീഠം നേടിയ ഒഎന്‍വി കുറുപ്പ് തപസ്യ വേദികളിലെ നിത്യസാന്നിധ്യമായിരുന്നുവെന്ന് ചരുവിലാന് അറിയാമോ? കോട്ടയത്ത് തപസ്യയുടെ ദശവാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അന്നത്തെ അല്പബുദ്ധികളായ ചില ചരുവിലാന്‍മാര്‍ ചെങ്കൊടി പൊക്കി വാക്കിന്റെ ഉപരോധം തീര്‍ത്തപ്പോള്‍, തലയില്‍ മുണ്ടിട്ടുകൊണ്ടല്ല ഞാന്‍ തപസ്യയുടെ വേദിയില്‍ പോകുന്നതെന്ന് ഉറക്കെപ്പറഞ്ഞയാളാണ് ഒഎന്‍വി. തപസ്യയോട് സഹകരിച്ചതിന്റെ പേരില്‍ ചരുവിലാന്‍ ആരോടും കൂടില്ല എന്നാണ് നിലപാടെങ്കില്‍ പിന്നെ ഒപ്പം കൂടാന്‍ ഒരു കോയമ്പറമ്പത്ത് സച്ചിദാനന്ദനോ ഉരുളികുന്നത്തുകാരന്‍ പോള്‍ സക്കറിയയോ മാത്രമേ കാണുകയുള്ളൂ. തപസ്യ നല്‍കിയ ദുര്‍ഗാദത്ത പുരസ്‌കാരം ഏറ്റുവാങ്ങിയതിന് സുഭാഷ് ചന്ദ്രനും സഞ്ജയന്‍ പുരസ്‌കാരം വാങ്ങിയതിന് ഓ.വി. വിജയനും നേരെ സക്കറിയ നടത്തിയിട്ടുള്ള, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന കൊതിക്കെറുവിന്റെ പുലഭ്യം പറച്ചിലിനോളമൊന്നും ചരുവില്‍ എത്തിയിട്ടില്ലെന്ന് ആശ്വാസമുണ്ട്. ജാപ്പാന്‍ ചുറ്റുന്ന സര്‍വാധിപതിയുടെ ഒരു ഭാഷയുണ്ട് ചരുവിലിന്. അതുകൊണ്ടാവുമല്ലോ അക്കിത്തത്തോട് ക്ഷമിക്കില്ല എന്നൊക്കെ പറയാനുള്ള അതിരുകടന്ന ധിക്കാരത്തിന് അദ്ദേഹം മുതിര്‍ന്നത്.

അക്കിത്തം രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. അത് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ്. അത് വായിച്ചാല്‍ ചരുവിലാന്മാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും പൊള്ളും. പൊള്ളാതിരിക്കണമെങ്കില്‍ അധികാരരാഷ്ട്രീയത്തിന്റെ വിഴുപ്പുകള്‍ കുടഞ്ഞെറിഞ്ഞ് സ്വതന്ത്രമായ ആവിഷ്‌കാരത്തിന്റെ വഴിയേ നടന്നുശീലിക്കണം. പാര്‍ട്ടിസമ്മേളനങ്ങളിലെ കുഷ്യനിട്ട ചോപ്പന്‍ കസേരകളില്‍ അമര്‍ന്നിരുന്ന് സുഖം പിടിച്ചുപോയവര്‍ക്ക് ചരുവിലാന്മാരുടെ ബുദ്ധിയേ ബാക്കിയുണ്ടാവൂ. 

അക്കിത്തം പറഞ്ഞ രാഷ്ട്രീയം മാനവസ്‌നേഹത്തിന്റേതാണ്. നിരുപാധികസ്‌നേഹത്തിന്റേതാണ്. അതറിയാനും ഉള്‍ക്കൊള്ളാനും മനസ്സൊത്തിരി പാകമാകാനുണ്ട് ചരുവില്‍ അശോകന്. അതല്ല ചരുവില്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയമെങ്കില്‍ പിന്നിലും മുന്നിലുമുള്ളവരെ ഒന്ന് ചികഞ്ഞുനോക്കുന്നത് നല്ലതാണ്. ശാസ്താംകോട്ടയില്‍ സാക്ഷാല്‍ കുമ്മനം രാജശേഖരന്‍ സംഘടിപ്പിച്ച ജലസ്വരാജിന്റെ വേദിയില്‍ കുമ്മനത്തിന്റെ അടുത്തിരുന്നത് ചരുവില്‍ കൊണ്ടുനടക്കുന്ന സംഘടനയുടെ മുന്‍ അമരക്കാരന്‍ ഷാജി എന്‍. കരുണാണ്. രാജേട്ടന്‍ എന്നാണ് അദ്ദേഹം ആ വേദിയില്‍ കുമ്മനത്തെ അഭിവാദ്യം ചെയ്തത്. അദ്ദേഹം കുമ്മനത്തിന്റെ രാഷ്ട്രീയം സ്വീകരിച്ചു എന്നല്ല അതിനർത്ഥം . മാനിക്കേണ്ടവരെ മാനിക്കാനുള്ള ഭാഷ അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ്. അപ്പോള്‍ പറഞ്ഞുവരുന്നത് ചരുവിലിന് പിടികിട്ടുന്നുണ്ടല്ലോ? എഴുതിയ കഥകളുടെ വലിപ്പം കൊണ്ടാണ് ചരുവില്‍ കഥാകൃത്തായി ആഘോഷിക്കപ്പെടുന്നതെന്നത് ഒരു പൊള്ളയായ ധാരണയാണ്. കൊണ്ടുനടക്കാനും പൊന്നാടയിടീക്കാനും ചെമ്പട കൂടെയുള്ളപ്പോള്‍ തോന്നുന്ന ഒരു ധാര്‍ഷ്ട്യം കലര്‍ന്ന ധാരണ... അതിനപ്പുറത്തേക്ക് ചരുവിലാന്‍ കടക്കരുത്. കടക്കണമെന്ന് തോന്നുമ്പോള്‍ ഭയം എഴുതിയ ഉമേഷ്ബാബുവിനോട് ഉപദേശം തേടാനും മറക്കണ്ട..

അക്കിത്തത്തെ അധിക്ഷേപിച്ചാല്‍ ഉള്ള കസേര ഉറച്ചിരിക്കുമെങ്കില്‍ അത് നല്ലതാണ്. അതിനപ്പുറം ഒരു മേന്മയും ചരുവിലിന് ഈ കാലത്ത് ആരും കല്പിച്ചുതരില്ല. ചരുവിലിന് മുമ്പ് അക്കിത്തത്തിനെതിരെ വാളെടുത്തത് തെരുവുചുംബനക്കാരില്‍ ഒരാളാണെന്ന് കേട്ടു. ചരുവില്‍ രണ്ടാമനാണെന്ന് സാരം. പിന്മുറക്കാരുണ്ടാവുക സ്വാഭാവികമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.