പുലിക്കാരണവര്‍ ചാത്തുണ്ണി ആശാന്‍ അരങ്ങൊഴിഞ്ഞു, കുടവയര്‍ ഇല്ലാതെ ശ്രദ്ധിക്കപ്പെട്ട അപൂര്‍വം പുലി കളിക്കാരില്‍ ഒരാൾ, ഉലക്കയ്ക്കു മുകളില്‍ പുലി കളിച്ചു കാഴ്ചക്കാരെ വിസ്മയിപ്പിച്ച കലാകാരൻ

Friday 8 November 2019 5:38 pm IST

തൃശൂര്‍: പുലിക്കളിയിലെ ശ്രദ്ധാകേന്ദ്രമായിരുന്ന പുലിക്കാരണവര്‍ ചാത്തുണ്ണി ആശാന് (79) വിട. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കല്ലൂര്‍ നായരങ്ങാടിയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. 16-ാം വയസ്സില്‍ പുലിവേഷം കെട്ടിത്തുടങ്ങിയ ചാത്തുണ്ണി അറുപത് വര്‍ഷത്തോളം തൃശൂരിലെ പുലികളി രംഗത്ത് തിളങ്ങിനിന്നു. 

ഏറെ കാലം പുലി വേഷമിട്ട അദ്ദേഹം പുലികളിയിലെ കാരണവരായി അറിയപ്പെട്ടു. കുടവയര്‍ ഇല്ലാതെ ശ്രദ്ധിക്കപ്പെട്ട അപൂര്‍വം പുലി കളിക്കാരില്‍ ഒരാളായിരുന്നു ചാത്തുണ്ണി. ഉലക്കയ്ക്കു മുകളില്‍ പുലി കളിച്ചു കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരുന്ന ചാത്തുണ്ണി വയറില്‍ പുലി മുഖം വരക്കുന്നത് ഇഷ്ടമല്ലാത്തതിനാല്‍ വരച്ചിരുന്നില്ല. 2017 ല്‍ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ വീണ് കാലിനു പരിക്കേറ്റത്തോടെയാണ് ചാത്തുണ്ണി ആശാന്‍ പുലി കളിയോട് വിട പറഞ്ഞത്. 

പൂങ്കുന്നം സംഘത്തിനുവേണ്ടിയായിരുന്നു ആദ്യം പുലിവേഷം കെട്ടിയത്. പിന്നീട് കാനാട്ടുകര ദേശത്തിന് വേണ്ടി പതിറ്റാണ്ടുകളോളം വേഷമിട്ടു. 2017 ല്‍ അയ്യന്തോളിനു വേണ്ടിയായിരുന്നു ചാത്തുണ്ണിപ്പുലി അവസാനമായി നഗരത്തിലിറങ്ങിയത്. ഭാര്യ: നാരായണി. മക്കള്‍: രമേഷ്, രാധ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.