ചിദംബരത്തിന്റെ കേസ് ചീഫ് ജസ്റ്റിസ് പരിഗണിച്ചില്ല; പിടി മുറുക്കി സിബിഐ; കണ്ടുകിട്ടിയാല്‍ ഉടന്‍ അറസ്റ്റ്‌

Wednesday 21 August 2019 5:00 pm IST

ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പരിഗണനയ്ക്ക് എടുത്തില്ല. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് ഉച്ചയ്ക്കുശേഷം വാദം കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ അയോധ്യകേസ് കേള്‍ക്കുന്നതിനാല്‍ ചീഫ് ജസ്റ്റിസ് വിഷയത്തില്‍ ഇടപെട്ടില്ല. 

ഇതോടെ ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ കേസ് വീണ്ടും ജസ്റ്റിസ് എന്‍. വി. രമണയുടെ ബെഞ്ചില്‍ എത്തിച്ചെങ്കിലും ഹര്‍ജി ലിസ്റ്റ് ചെയ്യാതെ ഒന്നുംചെയ്യാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഡിഫക്ടീവ് എന്ന ലിസ്റ്റിലാണ് ചിദംബരത്തിന്‍െ ഹര്‍ജി സുപ്രീംകോടതി രജിസ്ട്രാര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ അടിസ്ഥാനപരമായി പിഴവുകളുണ്ടെങ്കില്‍ അത് 'ഡിഫക്ടീവ് ലിസ്റ്റിലാണ്' വരിക. അത് തിരുത്തി പുതിയത് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് 90 ദിവസം സമയമുണ്ട്. ഇതിനുള്ളില്‍ തിരുത്തി നല്‍കിയാല്‍ ഹര്‍ജി ലിസ്റ്റ് ചെയ്യപ്പെടും. 

ഇതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസിനോട് ഹര്‍ജിയില്‍ പിഴവുകളുണ്ടെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഹര്‍ജിയില്‍ അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് പിഴവുകള്‍ തിരുത്തി പുതിയ ഹര്‍ജി നല്‍കാന്‍ കപില്‍ സിബലിന്റെ അഭിഭാഷക സംഘത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു. 

ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വീണ്ടും ജസ്റ്റിസ് രമണയുടെ ബഞ്ചില്‍ കപില്‍ സിബല്‍ കേസ് പരാമര്‍ശിച്ചു. ഹര്‍ജിയില്‍ പിഴവുകളുണ്ടെന്ന് ജസ്റ്റിസ് രമണ അറിയിക്കുകയായിരുന്നു. എന്നാല്‍ പിഴവുകള്‍ തിരുത്തി സമര്‍പ്പിച്ചെന്ന് സിബല്‍ മറുപടി നല്‍കിയെങ്കിലും അത് റജിസ്ട്രാര്‍ സാക്ഷ്യപ്പെടുത്തട്ടെ എന്ന് നിര്‍ദ്ദേശിച്ചു. 

തുടര്‍ന്ന് റരജിസ്ട്രാറെ കോടതി വിളിച്ചുവരുത്തി. ഉച്ചയ്ക്ക് ശേഷമാണ് തിരുത്തിയ പുതിയ ഹര്‍ജി സമര്‍പ്പിച്ചതെന്ന് രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. പിഴവുകള്‍ തിരുത്തിയതിനാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരാകരിച്ചു. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം രാവിലെയും ജസ്റ്റിസ് രമണ നിരാകരിച്ചിരുന്നു.

അതേസമയം കേസില്‍ ചിദംബരത്തിനെതിരെ സിബിഐ പിടിമുറുക്കി. മൂന്നുതവണ സിബിഐ ഉദ്യോഗസ്ഥര്‍ പി. ചിദംബരത്തിന്റെ വീട്ടിലെത്തി മടങ്ങി. രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന നോട്ടീസ് ചൊവ്വാഴ്ച രാത്രി അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ സിബിഐ പതിച്ചിരുന്നു. എങ്കിലും ഹര്‍ജി സമര്‍പ്പിച്ചതിനാല്‍ പരിഗണനയ്ക്ക് എടുക്കുന്നതിനാല്‍ സിബിഐ മുമ്പാകെ ഹാജരാകാന്‍ കൂട്ടാക്കിയില്ല. ഇതോടെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. 

അതിനിടെ സുപ്രീംകോടതി നടപടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുടെ അടിയന്തിര യോഗം വിളിച്ചു. ചിദംബരത്തിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക വാദ്രയും രംഗതെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇരുവരും പിന്തുണ അറിയിച്ചത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.