ചിദംബരം കുടുങ്ങി; ജാമ്യം നല്‍കിയില്ല; നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത് സിബിഐ പ്രത്യേക കോടതി

Thursday 22 August 2019 6:21 pm IST

ന്യൂദല്‍ഹി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ ആഗസ്റ്റ് 26 വരെ നാല് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ദല്‍ഹി സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ചിദംബരത്തിനു വേണ്ടി കപില്‍ സിബിലും മനു അഭിഷേക് സിങ്‌വിയും കോടതിയില്‍ ഹാജരായി. ചിദംബരം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടണമെന്നും തുഷാര്‍ മേത്ത. ഇന്ദ്രാണി മുഖര്‍ജി പണം നല്‍കിയതിനു തെളിവുണ്ടെന്നും ചിദംബരം പദവി ദുര്‍വിനിയോഗം ചെയ്‌തെന്നും സിബിഐ വാദിച്ചു. കേസ് ഡയറി കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കി. എന്നാല്‍, കേസില്‍ അന്വേഷണം പൂര്‍ത്തിയായതെന്നും കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും കപില്‍ സിബില്‍ വാദിച്ചു. മറ്റു പ്രതികളുടെ ഒന്നും ജാമ്യത്തെ സിബിഐ എതിര്‍ത്തിട്ടില്ല. കുറ്റസമ്മതം നടത്താത്തതിനെ നിസഹകരണമായി കാണാനാകില്ല. വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയ ആറു സെക്രട്ടറി തല ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കപില്‍ സിബില്‍ കോടതിയില്‍ വാദിച്ചു. മാപ്പു സാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നു മനു അഭിഷേഖ് സിങ്‌വി വാദിച്ചു. സോളിസിക്റ്റര്‍ ജനറലിന്റെ എതിര്‍പ്പ് മറികടന്ന് ചിദംബരത്തിന് സംസാരിക്കാന്‍ കോടതി അനുമതി നല്‍കി. സിബിഐ ചോദിച്ചതിനെല്ലാം താന്‍ മറപുടി നല്‍കിയിട്ടുണ്ട്. തനിക്ക് വിദേശബാങ്കുകളില്‍ അക്കൗണ്ട് ഇല്ല. മകന്‍ കാര്‍ത്തിക്ക് വിദേശത്ത് അക്കൗണ്ട് ആരംഭിക്കാന്‍ നിയമപരമായ അനുമതി ഉണ്ടെന്നു സിബിഐയുടെ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്നും ചിദംബരം. 

ഏറെ നാടകീയതകള്‍ക്കൊടുവില്‍ ഇന്നലെ രാത്രി പത്തുമണിയോടെ ദല്‍ഹി ജോര്‍ബാഗിലെ വീട്ടില്‍ നിന്നാണ് ചിദംബരത്തെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ ഡയറക്ടര്‍ ആര്‍.കെ. ശുക്ല ദല്‍ഹിയിലെ ആസ്ഥാനത്തെത്തി ഉന്നത ഉദ്യോഗസ്ഥരെ കണ്ടു. പിന്നാലെ ചിദംബരവുമായി സിബിഐ സംഘം ആസ്ഥാനത്തെ പത്താം നിലയിലേക്കെത്തി. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്നു മൂന്നു മണിയോടെയാണു കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച വൈകിട്ടും പരിഗണിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സിബിഐ ദല്‍ഹിയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. അതിനു മുമ്പ് ഒളിവിലായിരുന്ന ചിദംബരം നാടകീയമായി എഐസിസി ആസ്ഥാനത്ത് എത്തുകയും വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി നല്‍കാന്‍ തയ്യാറായില്ല. എഴുതി തയ്യാറാക്കിയ പ്രസ്താവന അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിക്കുകയായിരുന്നു.  

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ താന്‍ പ്രതിയല്ലെന്നും എഫ്‌ഐആര്‍ തനിക്കെതിരല്ലെന്നും ന്യായവാദവുമായാണ് അദേഹം പത്രസമ്മേളനം നടത്തിയത്. ഇപ്പോള്‍ നടക്കുന്നത് പ്രതികാര നടപടിയാണെന്നും തനിക്കും മകനുമെതിരെ നടക്കുന്നത് കള്ളപ്രചരണമാണെന്നും ചിദംബരം ന്യായീകരിച്ചു. 

അതേസമയം രാഷ്ട്രീയ പകപോക്കലിന് ചിദംബരത്തെ വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എഐസിസി ആസ്ഥാനത്ത് സിബിഐ സംഘം തേടിയെത്തും മുമ്പ് കപില്‍ സിബലുമൊന്നിച്ച് ചിദംബരം കാറില്‍ അവിടംവിട്ടു. അക്ബര്‍ റോഡ് കടക്കും വരെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിദംബരത്തിന് സംരക്ഷണം തീര്‍ത്തിരുന്നു. കപില്‍ സിബലും മനു അഭിഷേക് സിങ് വിക്കൊമൊപ്പം ചിദംബരം ജോര്‍ബാഗിലെ വീട്ടിലെത്തി. വീട്ടിലേക്ക് മടങ്ങിയ ചിദംബരത്തെ തേടി സിബിഐ ഉദ്യോഗസ്ഥരും അവിടെയെത്തി. ഗേറ്റ് പൂട്ടിയതിനാല്‍ എന്‍ഫോഴ്സ്മെന്റ് സംഘം മതില്‍ ചാടിക്കടന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ചതോടെ കസ്റ്റഡി നടപടികളാരംഭിച്ചു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് സംഘം സ്ഥലത്ത് പ്രതിഷേധവുമായി എത്തുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.  

2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്  ഐഎന്‍എക്സ് മീഡിയ വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ഐഎന്‍എക്സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് ഇതിന് അംഗീകാരം നല്‍കുകയുമായിരുന്നു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ പ്രതിയാണ്. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആയിരുന്നു ഐഎന്‍എക്സ് മീഡിയയുടെ ഉടമകള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.