ചിദംബരത്തിന് കര്‍ശന ഉപാധികളോടെ ജാമ്യം

Thursday 5 December 2019 5:07 am IST

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് ഉപാധികളോടെ ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റിലായി 106-ാം ദിവസം സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ േനരത്തെ ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യം ഗുരുതരമായ നിയമലംഘനമാണെന്ന് ജസ്റ്റിസുമാരായ ഭാനുമതി, എ.എസ്. ബൊപ്പണ്ണ, ഹൃഷികേശ് റോയ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ജാമ്യമാണ് നിയമമെന്ന ഉദ്ധരണി ചൂണ്ടിക്കാട്ടിയാണ് ബെഞ്ച്  വിധി പറഞ്ഞത്. 

കര്‍ശന ഉപാധികളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയും അത്ര തന്നെ തുകയുടെ രണ്ട് ആള്‍ജാമ്യവും നല്‍കണം. കോടതിയുടെ അനുവാദമില്ലാതെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യരുത്. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കരുത്. പരസ്യ പ്രസ്താവനകളും പാടില്ല. പാസ്‌പോര്‍ട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടു. 

ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. കസ്റ്റഡിയിലിരിക്കെ പോലും സാക്ഷികളെ സ്വാധീനിക്കാന്‍ ശക്തിയുള്ള നേതാവാണ് ചിദംബരമെന്നും ജാമ്യം നല്‍കരുതെന്നും ഇഡി ആവശ്യപ്പെട്ടു. വിധി കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. ചിദംബരം ഇന്ന് രാവിലെ 11ന് പാര്‍ലമെന്റിലെത്തുമെന്ന് മകന്‍ കാര്‍ത്തി ചിദംബരം അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ അദ്ദേഹം ജയില്‍മോചിതനായി. 

ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയ ഗ്രൂപ്പിന് കോഴ വാങ്ങി ചട്ടങ്ങള്‍ ലംഘിച്ച് ചിദംബരം വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കിയതായാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. 305 കോടി രൂപയുടെ അഴിമതി നടന്നതില്‍ 2017 മെയ് 15ന് സിബിഐ കേസെടുത്തു. ഇതിന് പിന്നാലെ കള്ളപ്പണം വെളുപ്പിച്ചതിന് ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.