മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനം

Thursday 5 September 2019 3:00 am IST

ഭീതിയോ പ്രീതിയോ കൂടാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയിലെ കാതലായസാരം. മന്ത്രിമാരുടെ സത്യപ്രതിജ്ഞയിലും മാറ്റമില്ല. എന്നാല്‍ മിക്ക മുഖ്യമന്ത്രിമാരും മന്ത്രിമാരും സത്യപ്രതിജ്ഞ വിസ്മരിച്ച് പ്രവര്‍ത്തിച്ച സംഭവങ്ങള്‍ എത്രയോ ഉണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റേത്. ശബരിമല-പിറവം പള്ളി എന്നീ വിഷയത്തില്‍ തികഞ്ഞപക്ഷപാതിത്വമാണ് കേരള സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം നടത്തി സിപിഎമ്മിന്റെ രാഷ്ടീയലക്ഷ്യം നേടാനുള്ള മ്ലേച്ഛമായ നടപടിയാണ് കഴിഞ്ഞ മണ്ഡലകാലത്ത് സര്‍ക്കാര്‍ സ്വീകരിച്ചത്. യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്ന ഉടന്‍ വാര്‍ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി, വിധി എത്രയും വേഗം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. യുവതികള്‍ക്ക് മലചവിട്ടാന്‍ എല്ലാ സന്നാഹങ്ങളും ഒരുക്കും. കേരളത്തിലെ വനിതാ പോലീസുകാര്‍ തികയില്ലെങ്കില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കും എന്നൊക്കെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. യുവതികള്‍ക്ക് മല ചവിട്ടുന്നതില്‍ തടസമില്ലെന്ന നയം സുപ്രീം കോടതി വ്യക്തമാക്കിയെന്നത് നേരാണ്. എന്നാല്‍ ഇത്ര ദിവസത്തിനകം കയറണമെന്നോ ആരെങ്കിലും തടസം പറഞ്ഞാല്‍ ബലം പ്രയോഗിക്കണമെന്നോ കോടതി പറഞ്ഞിട്ടില്ല.

പിണറായി വിജയന്റെ ഉറപ്പിന്മേല്‍ വിശ്വാസികളായ യുവതികളാരും മലചവിട്ടാനെത്തിയില്ല. ആചാരമര്യാദകള്‍ അഭംഗുരം നിലനില്‍ക്കണമെന്നാണ് വിശ്വാസികള്‍ നിലപാടെടുത്തത്. യുവതികള്‍ മാത്രമല്ല, പുരുഷന്മാരും സ്വീകരിച്ച നിലപാട് അതുതന്നെയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവിശ്വാസികളായ സ്ത്രീകളെ ശബരിമലയിലേക്ക് ആനയിച്ചപ്പോള്‍ ശരണം വിളിയാല്‍ അവരെ പിന്‍തിരിപ്പിക്കാനാണ് ശ്രമിച്ചത്. അതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍വ്യാഖ്യാനിക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മല ചവിട്ടാനെത്തിയ വനിതകള്‍ക്ക് നേരെ അക്രമമുണ്ടായി എന്നാണ് മുഖ്യമന്ത്രി ആരോപിച്ചിരിക്കുന്നത്. തുണിയില്‍ തേങ്ങ പൊതിഞ്ഞു സ്ത്രീകളുടെ തലക്കടിച്ചു എന്ന് പറഞ്ഞ മുഖ്യമന്ത്രി ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെയുള്ള എത്ര പരാതികളാണ് ലഭിച്ചത്? ഇതിന്റെ പേരില്‍ എത്ര കേസാണ് എടുത്തത്? ആരൊക്കെയാണ് പ്രതികള്‍? ഇതിലേതെങ്കിലും ഒന്നിന് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടോ? മുഖ്യമന്ത്രിക്കാണല്ലോ ആഭ്യന്തരവകുപ്പിന്റെ ചുമതല. അതിനാല്‍ തന്നെ ഉത്തരം പറയാനുള്ള ബാധ്യതയുണ്ടല്ലോ. ശരിയാണ്. ആയിരത്തിലധികം പേര്‍ക്കെതിരെ കള്ളക്കേസെടുത്തിട്ടുണ്ട്. തല്ലിതലപൊട്ടിച്ച പോലീസുകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും അതിക്രമങ്ങളും അക്രമങ്ങളും നടത്തിയ പോലീസിന്റെ പട്ടിക കൈമാറിയിട്ടുമില്ല. മുഷ്ടി കൊണ്ടല്ല ബുദ്ധികൊണ്ടാണ് നീതിന്യായ പ്രവര്‍ത്തികള്‍ നടപ്പാക്കേണ്ടതെന്ന് ഉപദേശിക്കുന്ന മുഖ്യമന്ത്രിക്ക് മുഷ്ടിയുടെ ഭാഷയല്ലാതെ മറ്റെന്തെങ്കിലും വശമുണ്ടോ?

ശബരിമലയിലെ അതിക്രമങ്ങള്‍ക്ക് സുപ്രീംകോടതിയെ കൂട്ടുപിടിച്ച സര്‍ക്കാര്‍ പിറവം പള്ളിക്കേസില്‍ സുപ്രീംകോടതിയുടെ തീരുമാനത്തെ മാനിക്കുന്നുണ്ടോ? പള്ളിക്കാര്യത്തില്‍  സര്‍ക്കാരിന്റെയും പോലീസിന്റെയും  ഇരട്ടത്താപ്പ് ഹൈക്കോടതിയില്‍ കഴിഞ്ഞദിവസമാണ് വെളിവായത്. സഭാ തര്‍ക്കം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഹിന്ദുവിരോധവും വിവേചനവും  തെളിഞ്ഞത്.  സുപ്രീം കോടതി വിധി പ്രകാരം  പിറവം സെന്റ് മേരീസ് പള്ളി വിട്ടുകിട്ടാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ നടപടി തേടി യാക്കോബായ വിഭാഗവും നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വിശ്വാസികളുടെ വികാരവും മതപരമായ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് വിധി ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നുമാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനക്കാര്യത്തില്‍ ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ ചവിട്ടിമെതിക്കുകയും അവരെ ജയിലില്‍ അടയ്ക്കുകയും മതപരമായ അവകാശങ്ങളെ അടിച്ചമര്‍ത്തുകയും രായ്ക്കുരാമാനം വിധി നടപ്പാക്കാന്‍ തുനിയുകയും ചെയ്ത സര്‍ക്കാരാണ് പള്ളിക്കാര്യത്തില്‍ കൈമലര്‍ത്തിയിരിക്കുന്നു. ശബരിമലകാര്യത്തില്‍ സുപ്രീംകോടതി വിധി വന്നയുടന്‍, അത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഇടതുസര്‍ക്കാര്‍ അന്ന് അതു നടപ്പാക്കാന്‍ പ്രയോഗിക ബുദ്ധിമുട്ട് ഉണ്ടെന്നോ ക്രമസമാധാന പ്രശ്‌നം ഉണ്ടെന്നോ വിലപിച്ചിരുന്നുമില്ല. വെറും 2519 കുടുംബങ്ങള്‍ മാത്രമുള്ള പിറവം പള്ളിക്കാര്യത്തില്‍ ഈ നിലപാട് സ്വീകരിച്ച ഇടതുസര്‍ക്കാര്‍  ജനകോടികള്‍ ഉള്‍പ്പെട്ട ശബരിമലക്കാര്യത്തില്‍ ഇതേ നിലപാടല്ല സ്വീകരിച്ചത്. നഗ്നമായ പക്ഷപാതം സ്വീകരിച്ച സര്‍ക്കാര്‍ ഇന്ന് പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രിയാകട്ടെ സത്യപ്രതിജ്ഞാലംഘനം തന്നെയാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം പിണറായി വിജയന് ഇല്ലാതായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.