മഴക്കെടുതി വിലയിരുത്താന്‍ സമയമില്ല; മാനേജ്‌മെന്റ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാം, കോഴിക്കോട്ട് എത്തിയിട്ടും ദുരിത ബാധിതരെ സന്ദര്‍ശിക്കാന്‍ പോലും കൂട്ടാക്കാതെ ചീഫ് സെക്രട്ടറി

Tuesday 20 August 2019 8:19 am IST

കോഴിക്കോട് : സംസ്ഥാനം ഇത്രയും വലിയ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സന്ദര്‍ശിക്കാന്‍ പോലും കൂട്ടാക്കാതെ ചീഫ് സെക്രട്ടറി ടോം ജോസ്. മഴക്കെടുതിയില്‍ കോഴിക്കോടില്‍ വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. എന്നാല്‍ ജില്ലയില്‍ എത്തിയ ചീഫ് സെക്രട്ടറി മാനേജ്‌മെന്റ് അസോസിയേഷന്‍ പരിപാടിയില്‍ മാത്രം പങ്കെടുത്ത് മടങ്ങുകയായിരുന്നു. 

ദുരിത ബാധിത പ്രദേശങ്ങളില്‍ ടോം ജോസ് സന്ദര്‍ശിക്കുമെന്ന് കരുതി മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വെറുതെയായി. മഴക്കെടുതിയില്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവുമധികം നാശമുണ്ടായ ചിപ്പിലിത്തോട്, ചാത്തമംഗലം എന്നിവിടങ്ങളില്‍ ചീഫ് സെക്രട്ടറി സന്ദര്‍ശിക്കുമെന്നായിരുന്നു ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ സന്ദേശം.

രാവിലെ 11 മണിക്ക് ചിപ്പിലിത്തോടെത്തുമെന്ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴി മാധ്യമങ്ങള്‍ക്കും വിവരം ലഭിച്ചു.  പിന്നീട് പത്ത് മണിയോടെ ചീഫ് സെക്രട്ടറിയുടെ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. 

എന്നാല്‍ വൈകിട്ട് ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനായി ചീഫ് സെക്രട്ടറിയെത്തി. മുഖ്യതിഥിയായിരുന്ന ടോംജോസ് രണ്ട് മണിക്കൂറോളം പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ദുരിത മേഖലകളിലെ സന്ദര്‍ശനം സംബന്ധിച്ച ചോദ്യത്തോട് രാത്രിതന്നെ തിരിച്ചുപോകുമെന്നും പിന്നീട് വരുമെന്ന പ്രതികരണമാണ് ലഭിച്ചത്. 

സംഭവം വിവാദമായതോടെ തലസ്ഥാനത്ത് ഉടന്‍ മടങ്ങിയെത്തേണ്ടതിനാലാണ് ദുരിതമേഖലകള്‍ സന്ദര്‍ശിക്കാത്തതെന്ന് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കി. അതേസമയം ചീഫ് സെക്രട്ടറിയുടെ സൗകര്യാര്‍ത്ഥമാണ് പരിപാടി നിശ്ചയിച്ചതെന്നും സ്വന്തം നിലയിലാണ് ചീഫ് സെക്രട്ടറിയെത്തിയതെന്നും കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.