പ്രളയക്കെടുതിയില്‍ കേരളം മുണ്ടുമുറുക്കിയപ്പോള്‍ ആഡംബര വാഹനം സ്വന്തമാക്കാന്‍ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടേയും കള്ളക്കളി; വിവാദം ഒഴിവാക്കാന്‍ പോലീസ് ഫണ്ട് വഴിമാറ്റി

Friday 14 February 2020 12:25 pm IST

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ കേരള പോലീസിലെ അഴിമതികള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തുവന്നതിന്റെ ഗൗരവമേറുന്നു. പോലീസില്‍ നിന്ന് സര്‍ക്കാര്‍ തലത്തിലേക്ക് അഴിമതിയുടെ വ്യാപ്തി വര്‍ധിക്കുകയാണ്. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു പിന്നാലെ ചീഫ് സെക്രട്ടറി ടോം ജോസിലേക്ക് സംശയത്തിന്റെ വിരലുകള്‍ നീളുകയാണ്. ചീഫ് സെക്രട്ടറി ഇപ്പോള്‍ ഉപയോഗിക്കുന്ന ആഡംബരവാഹനം ഡിജിപിയുടെ പേരിലുള്ളതാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. പോലീസ് നവീകരണഫണ്ട് ഉപയോഗിച്ചാണ് ആഡംബര കാര്‍ ടോം ജോസ് സ്വന്തമാക്കിയത്. ചട്ടപ്രകാരം സാധാരണ ടൂറിസം വകുപ്പില്‍ നിന്നാണ് മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കാറുകള്‍ അനുവദിക്കുന്നത്. 

എന്നാല്‍, സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി എന്തിനാണ് പോലീസ് ഫണ്ട് ഉപയോഗിച്ചുള്ള വാഹനം സ്വന്തമാക്കിയതെന്നാണ് ഉയരുന്ന ചോദ്യം. ഇതിനു പിന്നില്‍ പൊതുഖജനാവിന്റെ കണ്ണില്‍ പൊടിയിടാനുള്ള ചില നീക്കങ്ങള്‍ നടന്നുവെന്നാണ് ലഭിക്കുന്ന വിവരം. 2019ല്‍ പ്രളയത്തെ തുടര്‍ന്ന് കേരളം മുണ്ടുമുറുക്കി പ്രതിസന്ധി തരണം ചെയ്യുന്ന സമയത്താണ് ചീഫ് സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലീസ് വകുപ്പ് വാങ്ങിയത്. സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറച്ച സമയമായതിനാല്‍ ആഡംബരം വാഹനം സ്വന്തമാക്കുന്നത് വിവാദമാകുമെന്നതിനാല്‍ പോലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് ചീഫ് സെക്രട്ടറിക്ക് ആഡംബര കാര്‍ വാങ്ങി നല്‍കാന്‍ ഡിജിപി തീരുമാനിക്കുകയായിരുന്നു. ജീപ്പ് കോംപസ് മോഡല്‍ കാറാണ് ചീഫ് സെക്രട്ടറിക്ക് വാങ്ങിയത്. ഇതേ മോഡല്‍ തന്നെയാണ് ലോക്‌നാഥ് ബെഹ്‌റയ്ക്കുമുള്ളത്. 15 ലക്ഷം മുതല്‍ 26 ലക്ഷം വരെ വിവിധ മോഡലുകള്‍ക്ക് വിലയുള്ളതാണ് ജീപ്പ് കോംപസ് മോഡല്‍. വാഹനത്തിന്റെ ഉടമ പോലീസ് മേധാവിയാണെന്ന് രേഖകള്‍ വ്യക്കമാക്കുന്നുണ്ട്. പോലീസിന്റെ ആവശ്യങ്ങള്‍ക്കല്ലാതെ ഡിജിപിയുടെ പേരില്‍ വാഹനങ്ങള്‍ സാധാരണഗതിയില്‍ രജിസ്റ്റര്‍ ചെയ്യാറില്ല. വിവാദത്തോട് ചീഫ് സെക്രട്ടറി ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണരീതിയില്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നു മാത്രമാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസിന്റെ പ്രതികരണം. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.