ചൈനയില്‍ നിന്നും സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് ഹോങ്കോങ് ജനത പ്രക്ഷോഭത്തില്‍; രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്ന് സീ ജിൻ പിങ്

Tuesday 15 October 2019 8:20 am IST

ബീജിങ് : ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം മുറുകുന്നതിനിടെ ചൈനയെ വിഭജിക്കാനും ആളുകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്നു പ്രസിഡന്റ് സീ ജിന്‍ പിങ്. ചൈനയുടെ വിഭജനത്തെ പിന്തുണയ്ക്കുന്ന ഏതൊരു ബാഹ്യശക്തിയെയും രാജ്യത്തെ ജനങ്ങള്‍ വഞ്ചകരായി മാത്രമേ കണക്കാക്കൂ. ചൈനീസ് പ്രസിഡന്റിന്റെ നേപ്പാള്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ചൈനീസ് ഭരണത്തില്‍ നിന്നും സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് ഹോങ്കോങ്ങില്‍ പ്രക്ഷോഭം വീണ്ടും ശക്തിയാര്‍ജിച്ചിരിക്കെയാണ് പ്രസിഡന്റിന്റെ പ്രസ്താവന. ചൈനയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക അധികാര മേഖലയായ ഹോങ്കോങ്ങിനെ സ്വതന്ത്രരാജ്യമാക്കണം എന്ന ആവശ്യവുമായാണു പ്രതിഷേധം. ഹോങ്കോങ്ങില്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയാക്കുന്നവരെ ചൈനയില്‍ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാനുള്ള ബില്ലാണ് മൂന്നു മാസത്തിനു മുന്‍പു പ്രക്ഷോഭത്തിനു തിരികൊളുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച തെരുവില്‍ പ്രക്ഷോഭം അരങ്ങേറുകയും ചെയ്തിരുന്നു. 

വിവാദ ബില്‍ കഴിഞ്ഞ മാസമാദ്യം ചൈനീസ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും വിശ്വസ്തയും ഹോങ്കോങ് ചീഫ് അഡ്മിനിസ്‌ട്രേറ്ററുമായ കാരി ലാം പിന്‍വലിച്ചെങ്കിലും പോരാട്ടം തുടരുമെന്ന് സമരക്കാര്‍ നിലപാടെടുത്തു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈന സൈന്യത്തെ അയക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും പ്രതിഷേധം കൈകാര്യം ചെയ്യാന്‍ ഹോങ്കോങ് പോലീസിനു കഴിയുമെന്നു ബീജിങ് അറിയിച്ചു. 

ഷോപ്പിങ് മാളുകളും മെട്രോകളും കേന്ദ്രീകരിച്ചു സമാധാനപരമായി തുടങ്ങിയ ചെറു പ്രകടനങ്ങള്‍ ഉച്ചകഴിഞ്ഞ് അക്രമാസക്തമായപ്പോഴാണ് പോലീസ് ബലം പ്രയോഗിച്ചത്. ജനത്തിരക്കിനിടയില്‍ സമരക്കാരെ പോലീസ് തിരഞ്ഞുപിടിച്ചു കണ്ണീര്‍വാതകം പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് ചെയ്തും തുരത്തിയോടിച്ചു. നഗരത്തിലെങ്ങും ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ പേര്‍ അറസ്റ്റിലായി. തായ്‌വാനുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും സീ ജിന്‍പിങ്ങിന്റെ പ്രസ്താവനയ്ക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.

2016ല്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍ അധികാരമേറ്റതു മുതല്‍ തായ്ന്‍‌വാ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. 1949ലെ ആഭ്യന്തര യുദ്ധത്തിനുശേഷം തായ്‌വാൻ സ്വതന്ത്രരാജ്യമാണെങ്കിലും ചൈന അംഗീകരിക്കുന്നില്ല. ചൈനീസ് തായ്പേയ് എന്നാണ് അവര്‍ തായ്‌വാനെ വിശേഷിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.