തിരുപ്പതി ക്ഷേത്രത്തിലേക്ക് കടന്നുകയറി മതംമാറ്റ ലോബികള്‍; ദേവസ്ഥാനത്തിന്റെ വെബ് സൈറ്റില്‍ ക്രിസ്തീയ പ്രാര്‍ഥനകള്‍

Monday 2 December 2019 1:07 pm IST
2020ലെ കലണ്ടറിന്റേയും ഡയറിയുടേയും പിഡിഎഫ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി വിശ്വാസികള്‍ വെബ് സൈറ്റ് സന്ദര്‍ശിച്ചപ്പോഴാണ് ക്രിസ്തീയ പ്രാര്‍ഥനകള്‍ കണ്ടത്.

തിരുമല: തിരുപ്പതി ക്ഷേത്രത്തിലേക്ക് കടന്നുകയറാന്‍ മതംമാറ്റ ലോബികളുടെ ശ്രമം. ഇതിന്റെ ഭാഗമായി ദേവസ്ഥാനത്തിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.tirumala.orgല്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനകള്‍ കണ്ടെത്തി. സംഭവത്തില്‍ തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020ലെ കലണ്ടറിന്റേയും ഡയറിയുടേയും പിഡിഎഫ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി വിശ്വാസികള്‍ വെബ് സൈറ്റ് സന്ദര്‍ശിച്ചപ്പോഴാണ് ക്രിസ്തീയ പ്രാര്‍ഥനകള്‍ കണ്ടത്. 

ടിടിഡി വെബ്സൈറ്റിലേക്കുള്ള സെര്‍ച്ചിന്റെ മുകളിലായി പോസ്റ്റ് ചെയ്തിരിക്കുന്ന തെലുങ്ക് ലിങ്കിലെ വരികളിലാണ് 'ശ്രീ യേശയ്യ. ശ്രീ വെങ്കടേശായ നമഹ. ശ്രീ വികാരിനാമ സംവത്സര. സിദ്ധാസ്താ പഞ്ചബ്ദാമു 2019-2020.' എന്ന് കണ്ടെത്തിയത്. എന്നാല്‍ സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ടിടിഡി വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 'ശ്രീ യേശയ്യ' എന്ന പദം ഒഴിവാക്കിയ ശേഷം വെബ്‌സൈറ്റ് വൈകുന്നേരത്തോടെ പുന:സ്ഥാപിക്കുകയായിരുന്നു. തെലുങ്കില്‍ 'ശ്രീ യേശയ്യ' എന്നാല്‍ ക്രിസ്തു ദേവനെന്നാണ് അര്‍ഥം. 

സംഭവത്തില്‍ തിരുമല ദേവസ്വം വിജിലന്‍സിനും സുരക്ഷാ വിഭാഗത്തിനും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ ആരുടെയെങ്കിലും പിഴവ് കൊണ്ട് സംഭവിച്ചതാണോ എന്നൊന്നും കൃത്യമായി വ്യക്തമായിട്ടില്ല. അതുകൊണ്ട് തന്നെയാണ് നിജ സ്ഥിതി പുറത്ത് കൊണ്ടു വരുന്നതിന് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് തിരുമല ദേവസ്വം വ്യക്തമാക്കി. 

ലിങ്ക് ഡൗണ്‍ലോഡ് ചെയ്ത് പരിശോധിച്ചെന്നും അന്വേഷണം നടത്തി സംഭവത്തിലെ നിജ സ്ഥിതി വെളിച്ചത്തു കൊണ്ടു വരുമെന്നും ടിടിഡി വിജിലന്‍സ് മേധാവിയും സുരക്ഷാ ഉദ്യോഗസ്ഥനുമായ ഗോപിനാഥ് പറഞ്ഞു. അതേസമയം ടിടിഡി ഔദ്യോഗിക വെബ്‌സൈറ്റിലെ ഈ സംഭവം ദശലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.