ക്രൈസ്തവസഭയും ലൗ ജിഹാദും

Monday 20 January 2020 5:00 am IST

ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഇസ്ലാമിലേക്കും പിന്നെ ഐഎസ് ക്യാമ്പുകളിലേക്കും എത്തിക്കുന്നു എന്ന വാര്‍ത്ത ചര്‍ച്ചയായിട്ട് വര്‍ഷങ്ങളായി. സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് ബിജെപി

സംഘടനകളുടെ സൃഷ്ടിയാണിതെന്ന് ഇസ്ലാമിക സംഘടനകളും കമ്യൂണിസ്റ്റുകാരും ആവര്‍ത്തിച്ചതുമാണ്. അതേ സമയം ക്രിസ്ത്യാനികള്‍ക്ക് അങ്ങനെയൊരു ഭീഷണിയില്ലെന്ന് ചില കേന്ദ്രങ്ങള്‍ പ്രസ്താവിക്കുകയും ചെയ്തിരുന്നു. പോലീസിന്റെ ഭാഷ്യവും അതുതന്നെ. ക്രൈസ്തവ വിശ്വാസിയായ ഒരു പോലീസ് മേധാവിയുടെ അടുത്ത ബന്ധുവിനെ വശീകരിച്ച് മതം മാറ്റുകയും വിദേശത്തേക്ക് കടത്തുകയും ചെയ്തപ്പോഴാണ് പോലീസിന് ഗൗരവം മനസ്സിലായത്. എന്നിട്ടും രാഷ്ട്രീയ യജമാനന്മാരുടെ നിലപാടനുസരിച്ച് ലൗ ജിഹാദ് അന്വേഷണം കാര്യക്ഷമമായി നടന്നിട്ടില്ല. ചില കേന്ദ്രങ്ങളില്‍ ജനങ്ങള്‍ കയ്യോടെ പിടികൂടുകയും മതം മാറിയ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തപ്പോഴുണ്ടായ കേസുകള്‍ മറക്കുന്നില്ല. ഇപ്പോള്‍ സീറോ മലബാര്‍ സഭയുടെ സിനഡിന്റെ പ്രമേയവും ഞായറാഴ്ചത്തെ ഇടയലേഖനവും സംഭവം ഗൗരവമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുന്നു.

സിറോ മലബാര്‍ സഭയുടെ 28-ാം സിനഡ് ജനുവരി 10 മുതല്‍ 15 വരെ ചേര്‍ന്ന് വിശദ ചര്‍ച്ചകള്‍ക്കു ശേഷമാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള പ്രമേയവും പ്രസ്താവനയും പുറപ്പെടുവിച്ചത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ആസൂത്രിത പ്രണയത്തിന് ഇരയാകുകയും അവരില്‍ പലരും ഭീകര പ്രവര്‍ത്തകരുടെ സംഘടനകളില്‍ ചേരുകയും ചെയ്‌തെന്നും സംസ്ഥാന പോലീസ് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പരാജയമെന്നുമാണ് സിനഡ് ചൂണ്ടിക്കാട്ടിയത്. ഈ പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കേരള പോലീസ് മേധാവിയോട് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ലൗ ജിഹാദില്ലെന്നാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട്. സിറോ മലബാര്‍ സഭയുടെ നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന വിശ്വാസികളുടെ ഒരു വിഭാഗവും ലൗ ജിഹാദില്ലെന്ന് സിനഡില്‍ വാദിച്ചതായും പറയുന്നു. അതേസമയം രണ്ടുവര്‍ഷത്തിനകം 2868 ക്രിസ്ത്യന്‍ യുവതികളെ ലൗ ജിഹാദില്‍ കുടുക്കികടത്തിയെന്നാണ് സിനഡ് ചൂണ്ടിക്കാണിക്കുന്നത്. 

ക്രിസ്തീയ മതവിഭാഗത്തിലും ലൗ ജിഹാദിന്റെ കടന്നു കയറ്റം ശ്രദ്ധയില്‍പ്പെടും വരെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട സംഘടനകള്‍ ഉയര്‍ത്തിയിരുന്ന ഈ വിഷയത്തിലെ ആശങ്കകള്‍ സഭാ നേതൃത്വം കാര്യമാക്കിയിരുന്നില്ല. എന്നാല്‍, 2009ല്‍ ഈ വിഷയം പഠിക്കാന്‍ കേരള കാത്തലിക് ബിഷപ്

കോണ്‍ഫറന്‍സ് അവരുടെ പ്രത്യേക കമ്മീഷനെ നിയോഗിച്ചു. കൗണ്‍സിലിന്റെ കമ്യൂണല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ഈ വിഷയം ആഴത്തിലും പരപ്പിലും പഠിച്ചുവെന്നും പ്രമേയം പറയുന്നു. പ്രമേയത്തിനും പ്രസ്താവനക്കും പുറമെ ഞായറാഴ്ച പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ ലൗ ജിഹാദിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ഇടയലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.

രക്ഷിതാക്കളെയും കുട്ടികളെയും സഭ ബോധവത്കരിക്കുമെന്നും ലൗ ജിഹാദിനെതിരേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം, സഭയുടെ കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ ചില പള്ളികളില്‍ ഇടയലേഖനം വായിച്ചില്ല. ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ നിലപാട് സ്വീകരിച്ച പള്ളികളിലാണ് ഇടയലേഖനം വായിക്കാത്തതെന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അത് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും സിറോ മലബാര്‍ സിനഡ് വിലയിരുത്തിയിരുന്നു അതിന്റെ തുടര്‍ച്ചയാണ് ഇടയലേഖനം.

സിനഡ് പ്രമേയത്തെയും ഇടയലേഖനത്തെയും ശക്തമായി വിമര്‍ശിച്ച് മുന്നോട്ടുവന്നത് സിപിഎമ്മാണ്. ഇസ്ലാമിക തീവ്രവാദികളുടെയും ജിഹാദികളുടെയും താല്‍പ്പര്യസംരക്ഷകരായി സിപിഎം മറയില്ലാതെ രംഗത്തിറങ്ങിയിട്ടുണ്ട്. സിപിഎമ്മിന്റെ പോഷകസംഘടനയായ ഡിവൈഎഫ്‌ഐയിലെ പല നേതാക്കളും രാത്രിയിലും പകലും പിടിക്കുന്ന കൊടികള്‍ വ്യത്യസ്തമാണ്. ഡിവൈഎഫ്‌ഐ സെക്രട്ടറി എ.എ. റഹീമാണ് ക്രൈസ്തവ സഭയുടെ കണ്ടെത്തലുകളെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്. കേരള പോലീസ് നിസംഗത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ദേശീയ ന്യൂനപക്ഷ കമ്മീഷനും കേന്ദ്രസര്‍ക്കാരും സഭയുടെ പ്രമേയത്തെ ഗൗരവത്തിലെടുക്കുമെന്നാശ്വസിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.