ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിന്‍വലിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് പിടിവാശി; വ്യാഴാഴ്ച ബന്ദിന് ആഹ്വാനം ചെയ്ത് സിനിമാ സംഘടനകള്‍

Tuesday 12 November 2019 8:32 pm IST

തിരുവന്തപുരം: വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്. സിനിമാ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നികുതിയിളവ് നല്‍കാനാവില്ല. അഞ്ച് ശതമാനം നികുതിക്കുമേല്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചിരുന്നുവെന്നും, ആകെ നികുതി 18 ശതമാനത്തിനു മുകളില്‍ പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.

സപ്തംബര്‍ ഒന്ന് മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. വിനോദ നികുതി ചുമത്താനുള്ള അധികാരം സര്‍ക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്ന വാദം അംഗീകരിച്ചാണ് ഉത്തരവിന് താല്‍കാലിക സ്റ്റേ നല്‍കിയത്. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനവും വിനോദ നികുതി ചുമത്താനായിരുന്നു തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.