തളിരിട്ട കിനാക്കള്‍ക്ക് 56: എം എസ് ബാബുരാജ് സ്മൃതി 8ന്

Wednesday 4 December 2019 6:32 pm IST

തിരുവനന്തപുരം:മൂടുപടം'എന്ന സിനിമയ്ക്കുവേണ്ടി  'തളിരിട്ട കിനാക്കള്‍ താമരമാല വാങ്ങാന്‍' എന്ന പാട്ട് പാടാന്‍ ചെന്നപ്പോഴുണ്ടായ അനുഭവം എസ് ജാനകി പറഞ്ഞിട്ടുണ്ട്.  'രേവതി സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ അവിടെ എം എസ്  ബാബുരാജും പി ഭാസ്‌ക്കരനും കാത്തിരിക്കുന്നു. ഹാര്‍മോണിയം വായിച്ച് ബാബുരാജ് പാടിത്തരുന്നത് കേട്ടിരുന്നപ്പോള്‍, എങ്ങനെ ഇത്രയും ഭാവമാധുര്യം സ്വന്തം ആലാപനത്തില്‍ കൊണ്ടുവരാന്‍ കഴിയും എന്നോര്‍ത്ത് ആശങ്കപ്പെടുകയായിരുന്നു മനസ്സ്. അറിയുന്ന ദൈവങ്ങളെയെല്ലാം ധ്യാനിച്ചു'.

 

മൈക്കിനു മുന്നില്‍ നിന്നു ജാനകി പാടി. ഒരൊറ്റ ടേക്കില്‍ പാട്ട് ഒ കെ. തൊളുകയ്യുമായി മുന്നില്‍ നില്‍ക്കുന്ന ഭാസ്‌ക്കരന്‍ മാസ്റ്റര്‍ 'നിങ്ങള്‍ ഒരു മലയാളി അല്ലെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല.  എന്തോ ഒരു മുജ്ജന്മബന്ധം മലയാളവുമായി ഉണ്ടായിരിക്കും. അല്ലങ്കില്‍ ഇങ്ങനെ പാടാന്‍ കഴിയുമോ?'  ലജ്ജകലര്‍ന്ന വിനയത്തോടെ ഒന്നും മിണ്ടാതെ നിന്നു ആന്ധ്രക്കാരിയായ ഗായിക.  മലയാളത്തില്‍ ജാനകിയുടെ സംഗീത സംഗീത ജൈത്രയാത്ര തുടങ്ങിയത് ആ പാട്ടില്‍ നിന്നാണ്.

 

മലയാള സിനിമാരംഗത്തെ അനശ്വര സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ആരാധകര്‍ 'തളിരിട്ട കിനാക്കള്‍'  എന്നപേരില്‍ കൂട്ടായ്മ സംഘടിപ്പിക്കുകയാണ്. ഡിസംബര്‍ 8 ന് 5.30 ന് തൈക്കാട് ഭാരത ഭവനില്‍ പണ്ഡിറ്റ് രമേശ്് നാരായണന്‍ കൂട്ടായ്മയുടെ ഉദ്ഘാടനം  നിര്‍വഹിക്കും. ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, എം എസ്  ബാബുരാജന്‍ കള്‍ച്ചറല്‍ ഫോറം  ചെയര്‍മാന്‍ മുക്കംപാലംമൂട് രാധാകൃഷ്ണന്‍, പ്രസിഡന്റ് കെ പി മോഹനചന്ദ്രന്‍, ബാബു കൃഷ്ണ എന്നിവര്‍ പങ്കെടുക്കും.

ബാബുരാജിന്റെ ജീവിതത്തെ പ്രമോദ് പയ്യന്നൂര്‍ തയ്യാറാക്കിയ അന്നൊരിക്കല്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും പ്രശസ്ത പിന്നണി ഗായകര്‍ അവതിപ്പിക്കുന്ന ഗാനാഞ്ജലിയും ഉണ്ടാകും

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.