പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കും; 130 അംഗങ്ങളുടെ ഭൂരിപക്ഷം ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; മോദി സര്‍ക്കാരിന് പിന്തുണയെന്ന് ചന്ദ്രബാബു നായിഡു

Tuesday 10 December 2019 3:56 pm IST

ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 130 എംപിമാര്‍ ബില്ലിനെ പിന്തുണക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പിന്തുണ കൂടുകയല്ലാതെ കുറയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ 241 അംഗങ്ങളുള്ള രാജ്യസഭയില്‍ വോട്ടിങ് നടന്നാല്‍ ഭൂരിപക്ഷത്തിന് 121 പേരുടെ പിന്തുണമതി.

ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പൗരത്വഭേദഗതിയില്‍ മോദി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടി.ഡി.പി.ക്ക് രണ്ടംഗങ്ങളാണ് രാജ്യസഭയില്‍. ഈയിടെ ബി.ജെ.പി.യുമായി വേര്‍പിരിഞ്ഞ ശിവസേന ബില്ലിനെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനയ്ക്ക് മൂന്നംഗങ്ങളാണ് രാജ്യസഭയിലുള്ളത്.

എന്നാല്‍, ഇഈ രണ്ടു പാര്‍ട്ടികളും പിന്തുണച്ചില്ലെങ്കിലും  ബില്ലുകള്‍ രാജ്യസഭ കടക്കും. ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞചെയ്ത യു.പി.യില്‍നിന്നുള്ള അരുണ്‍ സിങ് കൂടി എത്തിയതോടെ ബി.ജെ.പി.യുടെ അംഗബലം 84 ആകും . ഇതോടൊപ്പം എ.ഐ.എ.ഡി.എം.കെ. (11), ബി.ജെ.ഡി. (ഏഴ്), ജെ.ഡി.യു. (ആറ്) തുടങ്ങിയവരും ആറുസ്വതന്ത്രരില്‍ നാലുപേരും നാല് നാമനിര്‍ദേശക അംഗങ്ങളില്‍ മൂന്നുപേരും ബി.ജെ.പി.യ്‌ക്കൊപ്പമാണ്. ചെറുപാര്‍ട്ടികള്‍കൂടി ചേരുമ്പോള്‍ 130  എംപിമാരുടെ പിന്തുണ സര്‍ക്കാരിനുണ്ട്. നാളെ രാവിലെയാണ് പൗരത്വ ബില്‍ രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിക്കുന്നത്. 

ലോകസഭയില്‍ ബിജെപിക്ക് പുറമേ ജെഡിയു, ബിജു ജനതാദള്‍, എഐഎഡിഎംകെ, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ബില്ലവതരണത്തെ അനുകൂലിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ ബില്ലിനെ എതിര്‍ത്ത് ഇന്നലെ മുഖപ്രസംഗമെഴുതിയ ശിവസേനാ നേതൃത്വത്തെ തള്ളി പാര്‍ട്ടിയുടെ ലോക്സഭാംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചത് ശ്രദ്ധേയമായി. കോണ്‍ഗ്രസ്, മുസ്ലിംലീഗ്, തൃണമൂല്‍, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍, ബിഎസ്പി തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്തു. പൗരത്വ ബില്ലില്‍ ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവുകള്‍ ചൂണ്ടിക്കാണിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ താന്‍ ബില്ല് പിന്‍വലിക്കാന്‍ തയാറാണെന്ന് ലോക്സഭയില്‍ ബില്ലവതരിപ്പിച്ചുകൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. 

ഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ഒരിക്കലും അനുവദിക്കില്ല. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരന്‍ പോലും എന്‍ആര്‍സിക്കു ശേഷം തുടരില്ല. ഭരണഘടനയുടെ 371ാം അനുഛേദത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല. പൗരത്വ ബില്‍ ഒരിക്കലും ഭരണഘടനാ വിരുദ്ധമാകില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും ബില്ല് ഉണ്ടാക്കുന്നില്ല. ബംഗാളികളും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരും കള്ളപ്രചാരണങ്ങളെ ഭയന്ന് അശങ്കപ്പെടേണ്ടതില്ല. 

പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം 33ല്‍ നിന്ന് നാല് ശതമാനമായി. ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി കുറഞ്ഞു. അതേസമയം മുസ്ലിങ്ങളുടെ എണ്ണം 9ല്‍ നിന്ന് 14 ശതമാനമായെന്നും അമിത് ഷാ അറിയിച്ചു. പൗരത്വ ബില്‍ ഒരിക്കലും ഇവര്‍ക്ക് എതിരേയല്ല. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസ്സാണെന്നും അമിത് ഷാ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.