പൗരത്വ ബില്ലില്‍ കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടി. 110 വോട്ട് പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് ലഭിച്ചത് 99 എണ്ണം മാത്രം

Thursday 12 December 2019 12:22 pm IST

ന്യൂദല്‍ഹി : പൗരത്വ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷത്തിന് ലഭിച്ചത് വന്‍ തിരിച്ചടി. 223 അംഗങ്ങളുള്ള രാജ്യസഭയില്‍ 110 പേര്‍ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം കരുതിയത്. ഇതിനായി രാജ്യവ്യാപകമായി പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസാക്കുകയായിരുന്നു. 

121 പേരുടെ പിന്തുണ വേണ്ടതിന് 125 പേരാണ് ബില്ലിനെ പിന്താങ്ങി വോട്ട് ചെയ്തത്. 99 പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. ഇതോടെ കേന്ദ്ര സര്‍ക്കാരിന് ബില്‍ പാസാക്കുന്നതിനുള്ള ഒരു കടമ്പ അനായാസം കടക്കുകയായിരുന്നു. രാഷ്ട്രപതി കൂടി ബില്ലില്‍ ഒപ്പുവെയ്ക്കുന്നതോടെ ഇത് നിയമമാകും. 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയ്ക്ക് രാജ്യസഭയില്‍ 64 എംപിമാരുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടിആര്‍എസ്, സിപിഎം എന്നീ പാര്‍ട്ടികളുടെ 46 കൂടി ചേര്‍ത്ത് 110 വോട്ടാണു പ്രതീക്ഷിച്ചിരുന്നത്. എന്‍സിപിയുടെ രണ്ട് അംഗങ്ങളും സമാജ്വാദി പാര്‍ട്ടിയുടെയും തൃണമൂലിന്റെയും ഓരോ അംഗങ്ങളും സഭയില്‍ എത്തിയില്ല. 

ബിജെപി (83 അംഗങ്ങള്‍) നേതൃത്വത്തിലുള്ള എന്‍ഡിഎയിലെ അംഗങ്ങളായ ജനതാദള്‍ യുണൈറ്റഡ് (6), ശിരോമണി അകാലിദള്‍ (3), എഐഎഡിഎംകെ (11) എന്നീ പാര്‍ട്ടികള്‍ക്കു പുറമേ ബിജു ജനതാദളും(7) ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും (2) മറ്റു സ്വതന്ത്രന്മാരും ബില്ലിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.

അതേസമയം പ്രതിപക്ഷ നിരയിലേക്ക് എത്തിയ ശിവസേനയുടെ എംപിമാര്‍ രാജ്യസഭ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ലോക്‌സഭയില്‍ ബില്ലിനെ അനുകൂലിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സഖ്യകക്ഷികളില്‍ ഒന്നായ കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്ത് എത്തിയതോടെ ശിവസേന രാജ്യസഭയില്‍ നിലപാട് മാറ്റുകയായിരുന്നു. അതേസമയം ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അറിയിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.