കമ്മ്യൂണിസ്റ്റുകള്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാത്തവരെന്ന് സി.കെ. പദ്മനാഭന്‍, ഗാന്ധിയൻ ദർശനത്തെ പ്രാവർത്തികമാക്കിയത് ബിജെപി

Monday 2 December 2019 3:06 pm IST

ധര്‍മ്മടം: കാലത്തിന്റെ മാറ്റത്തെ ഉള്‍കൊള്ളാതെ ലോകം തള്ളിയ പ്രത്യയശാസ്ത്രത്തിന്റെ ഭാണ്ഡകെട്ടുമായി വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് സിപിഎം ജീവിക്കുന്നതെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പദ്മനാഭന്‍. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ധര്‍മ്മടം ചിറക്കുനിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാര്‍ക്‌സിസത്തിനും മാവോയിസത്തിനും ഇന്ന് ഒരു പ്രസക്തിയുമില്ല. ലോകത്തിന് വെളിച്ചമാവുന്നത് ഗാന്ധി ദര്‍ശനമാണ്. കോണ്‍ഗ്രസ്സ് ഇതിനെ ദുരുപയോഗം ചെയ്തു. കമ്മ്യൂണിസ്റ്റുകാര്‍ ഗാന്ധിജിയെ വാര്‍ധയിലെ കള്ളസന്യാസിയെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. ഗോഡ്‌സെക്ക് വേണ്ടി കോടതിയില്‍ വാദിച്ചതും കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ്. കോണ്‍ഗ്രസ്സ് ഗാന്ധിജിയെ ചില്ലുകൂട്ടിലാക്കിയും ഗാന്ധി എന്ന പേരിനെ തങ്ങളുടെ പേരിനൊപ്പം ചേര്‍ത്തും മഹാത്മാവിനെ അപമാനിച്ചു. എന്നാല്‍ ഗാന്ധിയന്‍ ദര്‍ശനത്തെ പ്രാവര്‍ത്തികമാക്കുന്നത് നരേന്ദ്രമോദിയും ബിജെപിയുമാണ്. ശുചിത്വഭാരതം, ശൗചാലയം, കുടിവെള്ളം, വൈദ്യുതി, പാര്‍പ്പിടം എന്നിവ ഉദാഹരണങ്ങളാണ്. 

മുപ്പത്തഞ്ച് വര്‍ഷം ബംഗാള്‍ ഭരിച്ചിട്ടും ഒരു സോഷ്യലിസവും നടപ്പിലാക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞില്ല. കര്‍ഷകരും തൊഴിലാളികളും ഇടത്തരക്കാരും അവരെ വെറുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോട്ടല്‍, വാര്‍പ്പ് തൊഴിലാളികളായി ബംഗാളികള്‍ക്ക് പലായനം ചെയ്യേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. കെ.പി. ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.