നേതാക്കളില്ലാത്ത വേദി; ആളൊഴിഞ്ഞ സദസ്; വണ്ടി തിരിച്ചു വിടാന്‍ ഡ്രൈവറോട് പിണറായി വിജയന്‍; സിപിഎം അനുകൂല സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി

Monday 20 January 2020 9:04 pm IST
വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം നിശ്ചയിച്ചിരുന്നത് വൈകിട്ട് അഞ്ചു മണിക്കായിരുന്നു. സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട് പിണറായിക്ക് കാണാനായത് നേതാക്കളില്ലാത്ത വേദിയും ആളൊഴിഞ്ഞ സദസ്സുമാണ്.

തിരുവനന്തപുരം: സിപിഎം അനുകൂല സംഘടനയായ സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാനതല സമാപന സമ്മേളനിത്തില്‍ നേതാക്കളില്ലാത്ത വേദിയും ആളൊഴിഞ്ഞ സദസ്സും കണ്ട് പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണണറായി വിജയന്‍ വന്നപാടെ മടങ്ങി. തിരുവനന്തപുരം നായനാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചിരുന്ന പരിപാടിയിലാണ് സംസ്ഥാന സര്‍ക്കാരിനെ നാണക്കേടിലാഴ്ത്തുന്ന സംഭവം അരങ്ങേറിയത്. 

വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം നിശ്ചയിച്ചിരുന്നത് വൈകിട്ട് അഞ്ചു മണിക്കായിരുന്നു. സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട് പിണറായിക്ക് കാണാനായത് നേതാക്കളില്ലാത്ത വേദിയും ആളൊഴിഞ്ഞ സദസ്സുമാണ്. അഞ്ചുമണിക്കുള്ള പരിപാടിക്ക് അഞ്ച് പത്ത് കഴിഞ്ഞ് മുഖ്യമന്ത്രി എത്തി. പക്ഷെ നായനാര്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നത് പോലീസും മാധ്യമപ്രവര്‍ത്തകരും ഗാനമേള നടത്താനുള്ള ഓര്‍ക്കസ്ട്ര സംഘവും മാത്രം. മുഖ്യമന്ത്രിയെ സ്വീകരിക്കാനോ, പ്രകടം ഇപ്പോള്‍ എത്തുമെന്ന് പറയാനോ സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഒരാളുപോലും ഉണ്ടായില്ല.

ഉടന്‍ തന്നെ കാറില്‍ നിന്ന് ഇറങ്ങാതെ വണ്ടി തിരിച്ച് വിടാന്‍ ഡ്രൈവറോട് പറയുകയായിരുന്നു പിണറായി. മുഖ്യമന്ത്രി മടങ്ങിയ ഉടനെ എവിടെ നിന്നോ ഓടിയെത്തിയ രണ്ടു ഭാരവാഹികള്‍ വണ്ടിക്ക് പിന്നാലെ പാഞ്ഞെങ്കിലും ഫലമുണ്ടായില്ല.  അഞ്ചുമണിക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ട് അഞ്ചേകാലിന് പോലും ശക്തിപ്രകടനം ആരംഭിച്ചിരുന്നില്ല. സിപിഎം നേതാക്കള്‍ പലരും ഫോണില്‍ വിളിച്ചെങ്കിലും മുഖ്യമന്ത്രി ഫോണ്‍ എടുത്തില്ല. അഞ്ചുമണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും തുടര്‍ന്ന് ആറുമണിക്ക് നിശാഗന്ധിയിലേക്ക് മടങ്ങുമെന്നാണ് നിശ്ചയിച്ചിരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.