അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍; ഒരു പിന്തുണയും പാര്‍ട്ടിയും സര്‍ക്കാരും നല്‍കില്ലെന്ന് മുഖ്യമന്ത്രി; പിണറായി തള്ളിപ്പറഞ്ഞത് കേന്ദ്ര ഏജന്‍സികള്‍ തെളിവ് നിരത്തിയപ്പോള്‍

Saturday 7 December 2019 12:41 pm IST

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫസലും  മാവോയിസ്റ്റുകള്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകരല്ല. മാവോയിസ്റ്റുകള്‍ തന്നെയാണ്. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. മാവോയിസ്റ്റുകള്‍ക്ക് ഒരു പിന്തുണയും പാര്‍ട്ടിയും സര്‍ക്കാരും നല്‍കില്ലെന്നും അദേഹം വ്യക്തമാക്കി. അലന്‍ ഷുഹൈബിനും താഹ ഫസലും പിന്തുണ നല്‍കിയ മന്ത്രിസഭയിലെ മന്ത്രിമാരെയും ഘടകകക്ഷിയായ സിപിഐയെയും പൂര്‍ണമായും തള്ളിയാണ് മുഖ്യമന്ത്രി ഇന്ന് സംസാരിച്ചത്. കേന്ദ്ര സുരക്ഷാ ഏജന്‍സികളടക്കം കൃത്യമായ തെളിവുകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഹാജരാക്കിയതോടെയാണ് അലനെയും താഹയെയും അദേഹം തള്ളിപ്പറയാന്‍ തയാറായത്. 

നേരത്തെ യുഎപിഎ ചുമത്തി  അറസ്റ്റിലായ രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അലന്‍ ഷുഹൈബിനും താഹ ഫസലും മാവോയിസ്റ്റുകളാണെന്നും തെളിവുകളുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികളുടെ മാവോവാദി ബന്ധം തെളിയിക്കുന്ന തെളിവുകളും യുഎപിഎ ചുമത്തിയതിന്റെ കാരണവും പോലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച് പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്.

പ്രതികളില്‍നിന്ന് പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണ്. ഇതിന്റെ ഉള്ളടക്കവും മറ്റും കണ്ടെത്താന്‍ വിശദമായ പരിശോധന വേണം. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും നാല് യുഎപിഎ കേസുകളിലും പ്രതിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ കേസില്‍ ഇനിയും അന്വേഷണം ആവശ്യമാണെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയത്.

നേരത്തേ, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നുഇരുവരും മാവോയിസ്റ്റുകളാണെന്നും യുഎപിഎ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതികളെ പുറത്തുവിട്ടാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ കോടതി ജാമ്യം തള്ളുകയാണെന്നും അറിയിച്ചു. ഇതിനെതിരേയാണു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.  അതേ സമയം താഹയെയും അലനെയും പിടികൂടുന്ന സമയത്ത് ഓടി രക്ഷപ്പെട്ട മൂന്നാമനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.