കോട്ടയത്തെ മറ്റ് കോളേജുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രവേശനം; 'കോളേജിന്റെ സ്വഭാവം മാറിപ്പോകും' എന്ന വിചിത്ര ന്യായം നിരത്തി സംവരണം ഏര്‍പ്പെടുത്താതെ പാലാ അല്‍ഫോന്‍സാ കോളേജ്

Monday 1 July 2019 9:17 am IST
ജൂലൈ മൂന്നിനാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. അതിനെത്തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള എല്ലാ കോളേജുകളിലും ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് രണ്ടു സീറ്റ് വീതം അനുവദിക്കണമെന്ന് നിര്‍ദേശിച്ച് എംജി യൂണിവേഴ്‌സിറ്റിയും ഉത്തരവിറക്കിയിരുന്നു.

കോട്ടയം: സിഎംഎസ് കോളേജ് ഉള്‍പ്പെടെയുള്ള മറ്റ് കോളേജുകളിലെല്ലാം ഈ അധ്യയന വര്‍ഷവും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയപ്പോള്‍, 'കോളേജിന്റെ സ്വഭാവം മാറിപ്പോകും' എന്ന വിചിത്ര ന്യായം നിരത്തി പാലാ അല്‍ഫോന്‍സാ കോളേജ് അതിന് തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലാണ് കോളേജ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. അതിനെത്തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള എല്ലാ കോളേജുകളിലും ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് രണ്ടു സീറ്റ് വീതം അനുവദിക്കണമെന്ന് നിര്‍ദേശിച്ച് എംജി യൂണിവേഴ്‌സിറ്റിയും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം സ്വീകാര്യമല്ലെന്ന നിലപാടോടെ കോളേജ് അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. വിഷയത്തില്‍ അല്‍ഫോന്‍സാ കോളേജിന്റെ വാദം കേട്ട ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

കോളേജിന്റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സുപ്രീംകോടതിയുടെ നല്‍സാ വിധിയില്‍ രണ്ടു ശതമാനം ജോലി സംവരണമുണ്ടെങ്കിലും കോളേജില്‍ ഒക്കെ പഠിച്ച് നല്ലൊരു ജോലി കിട്ടുക എന്നത് എത്രമാത്രം പ്രയാസമേറിയ കാര്യമാണെന്നതിന് തെളിവാണ് അല്‍ഫോണ്‍സ കോളജിന്റെ സമീപനമെന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ചൂണ്ടിക്കാട്ടുന്നു. എത്രത്തോളം കഷ്ടപ്പെട്ടാണ് ഓരോ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ദിവസങ്ങള്‍ തള്ളിനീക്കുന്നതെന്ന് കോളേജ് അധികൃതര്‍ ഓര്‍മ്മിക്കണമെന്നും അവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.