വോട്ട് നല്‍കിയത് ബിജെപി- ശിവസേന സഖ്യത്തിന്; വാഗ്ദാനം പാലിക്കാതെ കൂറുമാറി, ഉദ്ധവ് താക്കറെ വിശ്വാസ വഞ്ചന കാണിച്ചതായി പരാതി

Thursday 21 November 2019 4:23 pm IST

ഔറംഗബാദ് : ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്ക്കതിരെ വിശ്വാസ വഞ്ചനയ്ക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാര്‍ക്ക് നല്‍കി വാഗ്ദാനം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഔറംഗബാദ് സ്വദേശി രത്‌നാകര്‍ ചൗരെയാണ് പരാതി നല്‍കിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍സിപിയുമായി സഖ്യം ചേര്‍ന്ന സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടയിലാണ് ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. 

മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ താനും തന്റെ കുടുംബവും ബിജെപി- ശിവസേനാ സഖ്യത്തിനാണ് വോട്ട് നല്‍കിയത്. എന്നാല്‍ വോട്ട് വാങ്ങി ഉദ്ധവ് താക്കറെയും എംഎല്‍എമാരും പറ്റിച്ചതായാണ് പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദുത്വത്തിന് സുരക്ഷിതത്വം ഉണ്ടാകണമെങ്കില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് വോട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് ശിവസേന തെരഞ്ഞെടുപ്പില്‍ അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ വോട്ട് നേടിയ ശേഷം സഖ്യത്തെ ഉപേക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.  ഉദ്ധവ് താക്കറെയ്‌ക്കൊപ്പം എംഎല്‍എമാരായ പ്രദീപ് ജയ്‌സ്വാള്‍, ചന്ദ്രകാന്ത് ഖെയ്‌റെ എന്നിവര്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്. 

അതേസമയം മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം പാര്‍ട്ടിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം കുറ്റപ്പെടുത്തി. ശിവസേനയുമായുള്ള സഖ്യം പാര്‍ട്ടിയെ ദീര്‍ഘകാലത്തേക്ക് ബാധിക്കുമെന്നും ഇത്തരമൊരു തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 

വര്‍ഷങ്ങള്‍ക്കുമുമ്പ് ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി കോണ്‍ഗ്രസ് ഒരു തെറ്റ് ചെയ്തു. അതിനുശേഷം കോണ്‍ഗ്രസിന് ഇന്നുവരെ അവിടെ മുന്നോട്ടുവരാന്‍ കഴിഞ്ഞിട്ടില്ല. മഹാരാഷ്ട്രയിലും അതേതെറ്റ് ആവര്‍ത്തിക്കുന്നു. ശിവസേന സര്‍ക്കാരിലെ മൂന്നാം കക്ഷിയാകുന്നത് കോണ്‍ഗ്രസിനെ അവിടെ തന്നെ അടക്കം ചെയ്യുന്നതിന് തുല്യമാണ്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കുന്നതാണ് നല്ലതെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.